ADVERTISEMENT

‌ലോക സിനിമയ്ക്കു മുന്നിൽ മലയാള സിനിമയെ അടയാളപ്പെടുത്താൻ പോന്ന ചിത്രമാണ് ‘ആടുജീവിതം’. ബെന്യാമിൻ എഴുതിയ ആടുജീവിതം എന്ന വിഖ്യാത കൃതിയെ ആസ്പദമാക്കി ബ്ലെസി ഒരുക്കിയ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരിൽ പ്രധാനിയാണ് ബ്ലെസിയുടെ ചീഫ് അസോഷ്യേറ്റ് റോബിൻ ജോർജ്. മലയാളിയാണെങ്കിലും മുംബൈയിൽ പഠിച്ചു വളർന്ന് പരസ്യചിത്രങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോഴാണ് റോബിനെ തേടി ആടുജീവിതം എത്തുന്നത്. ഒരു മലയാള സിനിമ ചെയ്യണം എന്ന ആഗ്രഹം ഉള്ളിൽ സൂക്ഷിച്ച തനിക്ക് കരിയറിൽ കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ അവസരമാണ് ബ്ലെസിയുടെ ആടുജീവിതം എന്ന് റോബിൻ പറയുന്നു. ‘ആടുജീവിതം’ എന്ന, കഠിനമെങ്കിലും മനോഹരമായ യാത്രയെപ്പറ്റി മനോരമ ഓൺലൈനിനോട് സംസാരിക്കുകയാണ് റോബിൻ ജോർജ്.

ഹൃദയം നിറയ്ക്കുന്ന വിജയം 

നമ്മുടെ പടം തിയറ്ററിൽ ആളുകൾ കണ്ട് കയ്യടിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോമാഞ്ചം ഉണ്ട്. അതിനു വേണ്ടിയാണ് ഇത്രനാളും കാത്തിരുന്നത്. ആ ഒരു വികാരം വേറെ ഒന്നിനും തരാൻ കഴിയില്ല. ആളുകൾ ഇരുന്നു സിനിമ കാണുന്നതുകണ്ടു കണ്ണ് നിറഞ്ഞതാണ് തിയറ്ററിൽനിന്ന് ഇറങ്ങി വന്നത്. ഇത്രയും നാളത്തെ യാത്ര പൂർത്തിയായത് അവിടെയായിരുന്നു. ഞാൻ ഈ സിനിമയുടെ ഒപ്പം കൂടിയിട്ട് ആറുവർഷമായി. ഇത്രയും നാൾ കൊണ്ട് ഞങ്ങൾ എല്ലാവരും തമ്മിൽ വളരെ അടുത്ത ഒരു ബന്ധം ഉണ്ടായിട്ടുണ്ട്. എന്തു പ്രതിസന്ധി ഉണ്ടായാലും ഞങ്ങൾ അതെല്ലാം പോസിറ്റീവ് ആയി കണ്ടിരുന്നു. സംഭവിക്കുന്നതെല്ലാം നല്ലതിന് എന്നു കാണാനായിരുന്നു ആഗ്രഹം. ഈ നിമിഷമാണ് ഞങ്ങൾ മനസ്സിൽ കൊണ്ടുനടന്നത്. അത് നടക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. 

robin-thomas-blessy4
ആടുജീവിതം സെറ്റിൽ റോബിൻ ജോർജ്

ബ്ലെസി സാറിനോടൊപ്പം മറക്കാനാകാത്ത ആറുവർഷങ്ങൾ 

ആറുവർഷമായി ബ്ലെസി സാറിനൊപ്പം ചേർന്നിട്ട്. ഞാൻ ബോംബെയിൽ പരസ്യ ചിത്രങ്ങൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഒരു മലയാള സിനിമയിൽ വർക്ക് ചെയ്യണം എന്നുള്ളത് എന്റെ വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു. ബ്ലെസി സാറിനൊപ്പം പ്രൊഡക്‌ഷനിൽ അന്ന് മറ്റൊരാളായിരുന്നു, അദ്ദേഹമാണ് എന്നെ വിളിച്ചത്. ബ്ലെസി സാറിനോടു സംസാരിച്ചപ്പോൾ അദ്ദേഹം സ്ക്രിപ്റ്റ് അയയ്ക്കാം എന്നു പറഞ്ഞു. സ്ക്രിപ്റ്റ് പകുതി വായിച്ചപ്പോഴേ, ഞാൻ വരുന്നുണ്ട് എന്നു പറഞ്ഞു. ഫ്‌ളൈറ്റിൽ ഇരുന്നാണ് ബാക്കി വായിച്ചത്. ബ്ലെസി സാറിനെ കണ്ടപ്പോൾ സ്ക്രിപ്റ്റിനെക്കുറിച്ച് എന്തു പറയുന്നു എന്നു ചോദിച്ചു. ഞാൻ ബുക്ക് വായിച്ചിട്ടില്ലായിരുന്നു. അദ്ദേഹത്തോട് പറഞ്ഞു, ‘ഈ സ്ക്രിപ്റ്റ് വായിച്ചിട്ട് താഴെ വയ്ക്കാൻ തോന്നിയില്ല, ഇപ്പോൾ ഈ സ്ക്രിപ്റ്റുമായി മുന്നോട്ട് പോകാം. ബുക്ക് ഞാൻ പിന്നെ വായിക്കാം’.  

robin-thomas-blessy8
റോബിൻ ജോര്‍ജ് ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനിടെ

പിന്നീട് കുറെ കഴിഞ്ഞാണ് ഞാൻ ബുക്ക് വായിച്ചത്. ആദ്യം രാജസ്ഥാനിലാണ് ഷൂട്ട് പ്ലാൻ ചെയ്തിരുന്നത്.  ആടുകളെ രാജസ്ഥാനിൽ കൊണ്ടു വന്ന് ഷൂട്ട് ചെയ്യാം എന്ന് കരുതി അതിനുള്ള ലൈസൻസ് സർ എടുത്തിരുന്നു. പക്ഷേ അപ്പോഴേക്കും മൃഗങ്ങളെ കൊണ്ടുവരാൻ ബുദ്ധിമുട്ട് വന്നു. ആടുകളെ കൊണ്ടുവന്നാൽ ക്വാറന്റീനിൽ ഇരുത്തണം എന്ന് പറഞ്ഞു, അതിന് അസുഖം വന്നാൽ ആകെ പ്രശ്നമാകും. അങ്ങനെയാണ് മറ്റു ലൊക്കേഷനുകൾ നോക്കാൻ തീരുമാനിച്ചത്. ഓഫിസിലെ വേൾഡ് മാപ്പിൽ മാർക്ക് ചെയ്താണ് ഞങ്ങൾ ലൊക്കേഷൻ നോക്കാൻ പോയത്.  ഈജിപ്ത് തൊട്ട് മൊറോക്കോയുടെ അറ്റം വരെ പോയി. സ്ക്രിപ്റ്റ് ചെയ്യുമ്പോൾ മുതൽ സർ നമുക്ക് തരുന്ന ഒരു സ്വാതന്ത്ര്യമുണ്ട്. ക്യാമറാമാൻ സുനിൽ, ആർട് ഡയറക്ടർ പ്രശാന്ത് മാധവ്, മറ്റൊരു അസോഷ്യേറ്റ് ആയ അജയ് ചന്ദ്രികയും കൂടി വന്നതോടെ ചർച്ച വിപുലപ്പെട്ടു. സ്ക്രിപ്റ്റ് ചെയ്ത് എല്ലാം റിഹേഴ്സൽ ചെയ്തു പേപ്പറിൽ എഴുതി വച്ചതാണ് ഞങ്ങൾ ഷൂട്ട് ചെയ്തത്.

ഒരു പൂവ്‌ ചോദിച്ചു, കിട്ടിയതു പൂക്കാലം 

ഞാൻ ജനിച്ചു വളർന്നത് മുംബൈയിലാണ്. നാട്ടിൽ മുളന്തുരുത്തിയാണ് സ്വദേശം. ചെറുപ്പം മുതൽ സിനിമ ഇഷ്ടമാണ്. അതുകൊണ്ട് ഡിഗ്രി പൂർത്തിയാക്കാതെ ഫിലിം മേക്കിങ് പഠിക്കാൻ പോയി. എന്റെ കസിൻ സഹോദരിയുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ ആണ് ചേർന്നത്. ഫീച്ചർ ഫിലിം, പരസ്യ ചിത്രങ്ങൾ ഒക്കെ ചെയ്തു തുടങ്ങിയപ്പോഴാണ് എനിക്ക് കേരളത്തിൽനിന്നു വിളി വന്നത്. അപ്പോൾ എനിക്ക് മനസ്സിലായി, വിധി എന്നൊരു കാര്യമുണ്ട്, നമ്മൾ ഭയങ്കരമായി എന്ത് ആഗ്രഹിച്ചാലും നടക്കും. പക്ഷേ വിധി എനിക്ക് കാത്തുവച്ചിരുന്നത് സ്വപ്നതുല്യമായ ഭാഗ്യമാണ്. ബ്ലെസി സർ, ബെന്യാമിൻ, പൃഥ്വിരാജ്, എ.ആർ. റഹ്മാൻ, റസൂൽ പൂക്കുട്ടി അങ്ങനെ ലോകമറിയുന്ന കലാകാരന്മാരോടൊപ്പം വർക്ക് ചെയ്യാനുള്ള ഭാഗ്യമാണ് എനിക്ക് കിട്ടിയത്. ഞാൻ മലയാളം സിനിമ നന്നായി ഫോളോ ചെയ്യുന്ന ആളാണ്. ബ്ലെസി സാറിന്റെ സിനിമകളും പൃഥ്വിരാജിന്റെ സിനിമകളും ഞാൻ കാണാറുണ്ടായിരുന്നു. റഹ്‌മാൻ സാറിന്റെ ആരാധകനാണ് ഞാൻ. ആടുജീവിതം എന്ന ഏറ്റവും വലിയ അവസരം ആണ് എന്നെ എന്റെ നാട്ടിൽ കാത്തിരുന്നത്. ഇതിലും വലിയ അവസരം എനിക്ക് വേറെ കിട്ടാനില്ല. ഒരു പൂവ് ആഗ്രഹിച്ച എനിക്ക് കിട്ടിയത് ഒരു പൂക്കാലമാണ്. 

robin-thomas-blessy-45
റോബിൻ ജോര്‍ജ് ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനിടെ

യുദ്ധസസന്നദ്ധമായ നാളുകൾ 

ഞങ്ങളെല്ലാം ഒരു യുദ്ധമുഖത്തായിരുന്നു. പല രാജ്യങ്ങളിൽ പോകേണ്ടി വന്നു. അവിടെ ബജറ്റിങ് ചെയ്യാനുണ്ട്, അവിടെ ഞങ്ങൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ, അവിടുത്തെ ഗവണ്മെന്റിനോടുള്ള ചർച്ചകൾ ഇതെല്ലാം ഞങ്ങൾ നേരിട്ടു. പടം തുടങ്ങി ഇത്രയും വർഷങ്ങൾ നീളുമ്പോഴേക്കും ഡോളറിന്റെ എക്സ്ചേഞ്ച് റേറ്റ് മാറും, കോസ്റ്റ് വല്ലാതെ കൂടും. നമ്മുടെ ടീം ഒരേ മനസ്സോടെ കൂടെ നിന്നതുകൊണ്ടാണ് എല്ലാം ചെയ്യാൻ സാധിച്ചത്. ഛായാഗ്രാഹകൻ സുനിൽ കെ.എസ്., ആർട് ഡയറക്ടർ പ്രശാന്ത് മാധവ്, രഞ്ജിത് അമ്പാടി, സ്റ്റെഫി, വിശാൽ തുടങ്ങി എല്ലാവരും നമ്മുടെ ഒപ്പം ഒരേ മനസ്സോടെ നിന്നു. വിശാൽ ആണ് വിഎഫ്എക്സ് ചെയ്തത്. സിനിമയിലെ കഴുകന്മാർ വരുന്ന സീക്വൻസ് ഒക്കെ ഞങ്ങൾ അഭിനയിച്ചു കാണിച്ചു കൊടുക്കുന്നത് വിശാൽ അതുപോലെ ചെയ്തുതരും. ആ വിഎഫ്എക്സിനു ടോപ് ക്ലാസ് ഫീൽ കിട്ടിയതിനു വിശാൽ ആണ് കാരണം. പക്ഷേ പാമ്പിന്റെ രംഗങ്ങൾ റിയൽ ആയി ചിത്രീകരിച്ചതാണ്. വിഎഫ്എക്സിലൂടെ അതിനെ റെപ്ലിക്കേറ്റ് ചെയ്തിട്ടുണ്ടെന്നു മാത്രം.

robin-thomas-blessy
റോബിൻ ജോര്‍ജ് ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനിടെ

പൃഥ്വിരാജ് ആയിരത്തിൽ ഒരുവൻ 

പൃഥ്വിരാജിനെ ആദ്യമായി കാണാൻ പോകുമ്പോൾ എനിക്ക് ഒരു ചെറിയ പരിഭ്രമം ഉണ്ടായിരുന്നു. വലിയ സെലിബ്രിറ്റിയെ ആണ് കാണാൻ പോകുന്നത്. പൃഥ്വിരാജിന് ചുറ്റും ആരെയും ആകർഷിക്കുന്ന ഒരു കാന്തിക വലയമുണ്ട്. അദ്ദേഹം എങ്ങനെയാകും എന്നോടു പെരുമാറുക എന്നൊരു ടെൻഷൻ, പക്ഷേ അദ്ദേഹം വളരെ കൂൾ ആയിരുന്നു. കുറച്ചു ദിവസം സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും എനിക്ക് അദ്ദേഹം പ്രിയപ്പെട്ട രാജു ആയി മാറി. രാജുവിനോട് നമുക്ക് എന്തും പറയാം, നമ്മൾ പറയുന്നത് ശ്രദ്ധാപൂർവം കേട്ടിരിക്കും. നമ്മുടെ ഗ്രൂപ്പ് മുഴുവൻ അങ്ങനെയാണ്. എല്ലാവരും തമ്മിൽ തമ്മിൽ സപ്പോർട്ട് ചെയ്തുകൊണ്ട് ഒരു സിനിമയ്ക്കു വേണ്ടി ഒരുമിച്ച് പരിശ്രമിച്ചവരാണ്. ഈ സിനിമയായിരുന്നു എല്ലാവരുടെയും ലക്ഷ്യം. ആർക്കും ഒരു ജാഡകളുമില്ല.  

പൃഥ്വിരാജിനെപ്പോലെ ജോലിയോടു സമർപ്പണഭാവമുള്ള മറ്റൊരു താരത്തെ എനിക്ക് പറയാൻ പറ്റില്ല. പൃഥ്വിരാജ് കടന്നുപോയത് ഭയങ്കരമായ ശാരീരിക മാറ്റങ്ങളിൽ കൂടിയാണ്. അദ്ദേഹത്തിന്റെ സുരക്ഷ കൂടി നമ്മുടെ ചുമതലയാണ്. ഒരിക്കൽ വെള്ളം കുടിക്കുന്നത് കുറച്ചപ്പോൾ അദ്ദേഹത്തിന്റെ സോഡിയം ലെവൽ വളരെ താഴെപ്പോയി. ഒന്നാമത് ഭക്ഷണവും വെള്ളവും കുറവ്, താമസിക്കുന്നത് മരുഭൂമിയിൽ, ചില സന്ദർഭങ്ങളിൽ അദ്ദേഹം തളർന്നു വീണു. പിന്നെ നമ്മുടെ കയ്യിൽ എല്ലാ ഫസ്റ്റ് എയിഡും ഡോക്ടറുടെ സേവനവും ഉണ്ടായിരുന്നു. 

robin-thomas-blessy09
റോബിൻ ജോര്‍ജ് ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനിടെ

പൃഥ്വിരാജിനെപ്പോലുള്ള മനുഷ്യർ ആയിരത്തിൽ ഒന്നേ ഉണ്ടാകൂ. അതും ഒന്നോ രണ്ടോ വർഷത്തെ കഷ്ടപ്പാടല്ല, വർഷങ്ങൾ നീണ്ട കാത്തിരിപ്പ്. ആദ്യ ദിവസം കണ്ട ആവേശത്തോടെയാണ് രാജു ഈ പടത്തിനു വേണ്ടി അവസാനം വരെയും നിന്നത്. എന്തുമാത്രം കഠിനാധ്വാനം, ഹോം വർക്ക്, വിശദമായ പഠനം ഒക്കെ ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. ചുണ്ട് അനങ്ങുന്നത്, കണ്ണ് ചിമ്മുന്നത്, അവസാന സീനുകളിലെ ആത്മവിശ്വാസം ഇല്ലാത്ത പെരുമാറ്റം, എല്ലാം നന്നായി പഠനം നടത്തി ഗൃഹപാഠം ചെയ്ത് എടുത്തതാണ്. കുറച്ചു നാൾ കഴിയുമ്പോൾ എല്ലാവർക്കും തോന്നും, ഇനിയും കഷ്ടപ്പെടണ്ട വീണുപോകും. അതുപോലെ ഒരുപാട് പ്രോജക്ടുകൾ തള്ളിക്കളയുകയാണ്, പക്ഷേ ഈ സിനിമ ഭംഗിയായി ചെയ്തു പൂർത്തിയാക്കണം എന്നത് രാജുവിന്റെ ദൃഢനിശ്ചയം ആയിരുന്നു. അദ്ദേഹം ക്രിയേറ്റീവ് ആയ നടനാണ്.

20 വയസ്സുകാരന്റെ ആത്മ സമർപ്പണം 

എടുത്തു പറയേണ്ടത് ഗോകുൽ എന്ന തുടക്കക്കാരന്റെ കഠിനാധ്വാനം കൂടിയാണ്. ആദ്യമായി അഭിനയിക്കുന്നതുകൊണ്ട് ഗോകുലും കഥാപാത്രമാകാനുള്ള വലിയ തയാറെടുപ്പാണ് നടത്തിയത്. കുറെ നാൾ കുളിക്കാതെ, നഖം വളർത്തി നടന്നു. അവന്റെ അമ്മ വിളിച്ചു പറഞ്ഞു ‘‘മോനെ, ഇവൻ ഇങ്ങനെ കുളിക്കാതെയും നനയ്ക്കാതെയും നടക്കുകയാണ്. ഭക്ഷണവും കഴിക്കുന്നില്ല.’’ എനിക്കും പേടിയായി. ഞാൻ അവനെ വിളിച്ചു പറഞ്ഞു, ‘‘എടാ നീ ശരീരം സൂക്ഷിക്കണം.’’ അന്ന് അവനു 20 വയസ്സ് കഷ്ടിച്ച് ഉണ്ടാകും. അവന്റെ ഡെഡിക്കേഷൻ എനിക്ക് അദ്ഭുതമായിരുന്നു. കഥാപാത്രമാകാൻ മേക്കപ്പ് ചെയ്താൽ പോരാ, അവനു വെയിൽ കൊണ്ട് ടാൻ ആകണം, നഖം അഴുക്ക് പിടിപ്പിക്കണം.  പിന്നെ നമ്മുടെ കൂടെ ഹോളിവുഡ് താരം, അറബ് താരങ്ങൾ ഒക്കെ ഉണ്ടായിരുന്നു അവരുടെ കാര്യങ്ങൾ നോക്കണം. അവരോട് സംസാരിക്കുമ്പോൾ എല്ലാവർക്കും ഭാഷാപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എല്ലാവരെയും ഒരുമിച്ച് നിർത്തി കോവിഡ് സമയത്തും മോട്ടിവേഷൻ കൊടുത്ത് കൊണ്ടുപോവുക എന്നുള്ളത് നമ്മുടെ ചുമതല ആയിരുന്നു.  

robin-thomas-blessy83
റോബിൻ ജോര്‍ജ് ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനിടെ

തലവേദന തന്ന താരങ്ങൾ 

ഏറ്റവും തലവേദന പിടിച്ച കുറച്ചു താരങ്ങൾ ഉണ്ടായിരുന്നു, നമ്മുടെ ആടുകൾ.  നജീബും ആടുകളും തമ്മിലുള്ള ഷോട്ടുകളും നജീബ് ആടുകളോട് യാത്ര പറയുന്നതും ആടുകളുടെ റിയാക്‌ഷനും എല്ലാം ബ്ലെസി സാർ എഴുതി വച്ചിട്ടുണ്ടായിരുന്നു. ഇതിനൊക്കെ ഞങ്ങളുടെ കൂടെ ഒരു ട്രെയിനർ ആദ്യം ഉണ്ടായിരുന്നു. പക്ഷേ അയാൾ ജീവനും കൊണ്ട് ഓടി. പിന്നെ ഇത ഞങ്ങൾ തന്നെ ചെയ്യണം എന്നായി.  ഞാനും മറ്റൊരു അസോഷ്യേറ്റ് ആയ അജയ് ചന്ദ്രികയും കൂടി ആലോചിച്ച് ഓരോ ഐഡിയ കണ്ടുപിടിച്ചു. ഒരു പ്രത്യേക ശബ്ദംവച്ച്  വിളിക്കുമ്പോൾ ആട് വരും, ഇങ്ങനെ ശബ്ദം ഉണ്ടാക്കുമ്പോൾ ആടുകൾ ഓടും എന്നൊക്കെ കണ്ടുപിടിച്ചു. ഞങ്ങൾ കണ്ടുപിടിച്ച രീതിയിലൂടെ അതിന്റെ റിസൾട്ട് കിട്ടുന്നത് കാണുമ്പോൾ സന്തോഷമാകും. ഇപ്പോൾ ഏത് മൃഗങ്ങളെ വേണമെങ്കിലും ട്രെയിൻ ചെയ്യാം എന്നായിട്ടുണ്ട്.

robin-thomas-blessy-aadujeevitham
റോബിൻ ജോര്‍ജ് ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനിടെ

ഒട്ടകങ്ങളെ നോക്കാനായിരുന്നു പാട്‌.  ഒട്ടകം നമ്മൾ പിടിച്ചാൽ കടിക്കും. ഞങ്ങൾക്ക് അഞ്ഞൂറോളം ആടുകളെയാണ് വേണ്ടിയിരുന്നത്. പല സ്ഥലത്തുനിന്നാണ് ആടുകളെയും ഒട്ടകങ്ങളെയും കൊണ്ടുവന്നത്. അവയുടെ ഉടമസ്ഥന് അറബി മാത്രമേ അറിയൂ. അവരോട് സംസാരിക്കുന്നതിനേക്കാൾ നല്ലത് ആടുകളെ ട്രെയിൻ ചെയ്യിക്കുന്നതാണ് എന്നു തോന്നി. ആടുകളെയും കൊണ്ട് രാജു നടന്നുപോകുന്ന സീനിൽ ആടുകളെ തെളിച്ച് ഒരുമിച്ചു നിർത്താൻ നമ്മുടെ അസിസ്റ്റന്റ് ഉണ്ടാകും. നമ്മുടെ കൂടെ ഉള്ള എല്ലാവരും എല്ലാ പണിയും ചെയ്തു.  നമ്മുടെ ഒപ്പമുണ്ടായിരുന്ന ഡോക്ടർ പോലും ആടുകളെ തെളിക്കാൻ ഒപ്പം കൂടി. ഈ ആടുകളെ തെളിക്കാൻ ഓരോ ശബ്ദങ്ങൾ ഞങ്ങൾ കണ്ടുപിടിച്ചു. അത് ഞങ്ങൾ രാജുവിനും പറഞ്ഞുകൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ രാജുവിനും മനസിലായി "ർർർർ" എന്നൊക്കെ പറഞ്ഞാൽ ആടിനെ നയിക്കാൻ പറ്റും എന്ന്.  

robin-thomas-blessy-aadujeevitham3
റോബിൻ ജോര്‍ജ് ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനിടെ

എല്ലാം സിങ്ക് സൗണ്ട് 

സിനിമയിൽ മുഴുവൻ സിങ്ക് സൗണ്ട് ആണ് എടുത്തത്. ബ്ലെസി സാറിനും റസൂൽ സാറിനും സൗണ്ട് ലൈവ് ആയി തന്നെ എടുക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. മരുഭൂമിയിൽ കിട്ടുന്ന ശബ്ദങ്ങൾ ഒരിക്കലും പിന്നീട് നമുക്ക് സ്റ്റുഡിയോയിൽ സൃഷ്ടിച്ചെടുക്കാൻ കഴിയില്ല. ഡയലോഗ് ഒക്കെ അഭിനേതാക്കൾ മരുഭൂമിയിൽ അഭിനയിച്ചു കഷ്ടപ്പെടുമ്പോൾ കിട്ടുന്ന തീവ്രതയിൽ പിന്നെ റെക്കോർഡ് ചെയ്യാൻ പറ്റില്ല. അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ നേരിടുന്ന ശാരീരിക അവസ്ഥയും ചൂടിന്റെ പൊള്ളലും ദാഹവും എല്ലാം കൂടി അനുഭവിച്ച് ആ ഒരു എനർജി ലെവലിൽ പുറത്തു വരുന്ന ശബ്ദം അതായിരുന്നു ഞങ്ങൾക്ക് വേണ്ടത്.  

അവസാന ദിവസം ബ്ലെസി ആശുപത്രിയിലേക്ക് 

രാജുവിന്റെ എനർജി ലെവൽ കുറഞ്ഞു വരുന്നതിന് ഒരു ചാർട്ട് തന്നെ ഞങ്ങൾ തയാറാക്കിയിരുന്നു. ഓരോ ദിവസവും എനർജി കുറഞ്ഞു വരണം. എല്ലാം ട്രെയിനറുടെയും ഡോക്ടറുടെയും ഡയറ്റീഷ്യന്റെയും മേൽനോട്ടത്തിലാണ് ചെയ്തത്. എങ്കിലും ഒരു എമർജൻസി ഉണ്ടാകുമോ എന്ന പേടി ഉണ്ടായിരുന്നു. അവസാന ദിവസങ്ങൾ ആയപ്പോഴേക്കും ഞങ്ങൾക്ക് എല്ലാവർക്കും ഒട്ടും വയ്യാത്ത അവസ്ഥ ആയി. ബ്ലെസി സാറിന് തീരെ സുഖമില്ലായിരുന്നു. അവസാന ദിവസം അദ്ദേഹം മോണിറ്ററിന്റെ പിന്നിൽ ഒരു ബെഡ് ഇട്ടാണ് ഇരുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ കിടന്നു. അവസാന ഷോട്ട് എടുക്കുന്നതിന് തൊട്ടു മുൻപ് അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. 

robin-thomas-blessy43
റോബിൻ ജോര്‍ജ് ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനിടെ

നജീബ് മരുപ്പച്ച കണ്ട് ഓടിച്ചെന്നു വെള്ളം കുടിക്കാൻ പോയപ്പോൾ ഖാദിരി പറയുന്നുണ്ട്, വെള്ളം കുടിക്കരുത് എന്ന്. ദാഹിച്ചു വലഞ്ഞിരിക്കുന്നവന് വെള്ളം നിഷേധിച്ചാൽ എന്തായിരിക്കും അവസ്ഥ. നജീബിനെ പിടിച്ചു മാറ്റി ഖാദിരി തുണിയിൽ മുക്കി ആണ് വെള്ളം കൊടുത്തത്. വെള്ളം കുടിക്കാതിരുന്നാൽ എന്തു സംഭവിക്കും എന്ന് നേരിട്ടറിയുന്ന അവസ്ഥ എനിക്കും ഉണ്ടായി. ഷൂട്ടിങ് നടക്കുന്നതിനിടെ എനിക്ക് സുഖമില്ലാതെയായി. അപ്പെൻഡിസൈറ്റിസ് ആയി. അത് നീക്കം ചെയ്യാൻ എനിക്കൊരു സർജറി ഉണ്ടായിരുന്നു. മയക്കം വിട്ടപ്പോൾ എനിക്ക് വെള്ളം കുടിക്കാൻ തോന്നി, പക്ഷേ പെട്ടെന്ന് വെള്ളം കുടിക്കാൻ പാടില്ല. ഒടുവിൽ എനിക്കും തുണിയിൽ മുക്കിയാണ് വെള്ളം തന്നത്. ശരിക്കും വെള്ളത്തിന്റെ വില ആ സമയത്ത് ഞാനും അറിഞ്ഞു.

aadujeevitham-film-still

ആടുജീവിതമോ അതിജീവനമോ ?

ബ്ലെസി സർ ആദ്യമേ തീരുമാനിച്ചിരുന്നത് നോവലിനെ അതുപോലെ കോപ്പി ചെയ്തു സിനിമയാക്കില്ല എന്നാണ്. അത് വളരെ ഉചിതമായ ഒരു തീരുമാനമാണ്. ബെന്യാമിൻ സാറിന്റെ ആടുജീവിതം മഹത്തായ ഒരു നോവലാണ്. പക്ഷേ അത് മുഴുവൻ സിനിമയാക്കണമെങ്കിൽ പത്തു മണിക്കൂറെങ്കിലും ഉള്ള ഒരു സീരീസ് ആക്കേണ്ടി വരും. ബുക്കിൽ ഒരു സംഭവം ഒരു അധ്യായം ആയിട്ടാണ് ഉള്ളത്. അടുത്ത അധ്യായത്തിൽ മറ്റൊരു സംഭവം ആയിരിക്കും പറയുക. നോവലിസ്റ്റിന് സമയം എന്ന പരിമിതി ഇല്ല, പക്ഷേ സിനിമയ്ക്ക് അതുണ്ട്. സിനിമയിൽ നായകന്റെ ഇമോഷനൽ കണ്ടിന്യുവിറ്റി നിലനിർത്തിക്കൊണ്ടു വേണം പോകാൻ. നജീബിന് ആടുകളോടുള്ള സ്നേഹത്തേക്കാൾ തിരിച്ചുവരാനുള്ള ഏറ്റവും വലിയ പ്രചോദനം ഭാര്യയും കുട്ടിയുമാണ്. ആ ദൃഢനിശ്‌ചയമാണ് നജീബിനെ രക്ഷപ്പെടാൻ പ്രേരിപ്പിക്കുന്നത്. അതിനു തടസ്സമാകുന്ന ഒരു കാര്യവും പാടില്ല. അതുകൊണ്ടു സിനിമയിലെ നായകന് ഒരു ദിവസം ഉള്ള ഇമോഷന്റെ ഗ്രാഫ് അടുത്ത ദിവസം ഉയർത്തിക്കൊണ്ടു പോകണം, ആ പരിമിതി ബുക്കിന് ഇല്ല. സിനിമയിൽ ഒരു ഇമോഷൻ ഉണ്ടാകുമ്പോൾ അതിന്റെ കാരണം, എങ്ങനെ അതിലേക്ക് എത്തിപ്പെട്ടു, ഇതെല്ലാം പറയേണ്ടി വരും. അതുകൊണ്ട് ബുക്ക് അതുപോലെ കോപ്പി ചെയ്യാൻ കഴിയില്ല. സ്ക്രിപ്റ്റിൽ നജീബിന്റെ ഇമോഷനൽ ഗ്രാഫിൽ ആടുകളുമായി കൂടുതൽ ബന്ധം ഉണ്ടാകുന്നതൊന്നും ഉണ്ടായിരുന്നില്ല.

ഇബ്രാഹിം ഖാദിരി എന്ന ദൈവദൂതൻ 

നജീബിനെ രക്ഷപ്പെടുത്താൻ വന്ന ദൈവികനായ മനുഷ്യനാണ് ഇബ്രാഹിം ഖാദിരി. ഖാദിരി ആകാൻ ഞങ്ങൾക്ക് വേണ്ടത് ഒരു അലിവും ചൈതന്യവുമുള്ള മുഖഭാവമുള്ള ഒരു നടനെയായിരുന്നു. ഞങ്ങൾ അമേരിക്കൻ, ഫ്രഞ്ച് തുടങ്ങി നിരവധി താരങ്ങളുടെ ഫോട്ടോ നോക്കി ഒടുവിലാണ് ഹോളിവുഡ് താരം ജിമ്മിയുടെ ചിത്രം കണ്ടത്. അദ്ദേഹത്തിന്റെ മുഖം കണ്ടപ്പോൾത്തന്നെ ഞങ്ങൾക്ക് നമ്മുടെ ഖാദിരിയെ കിട്ടിക്കഴിഞ്ഞു. അദ്ദേഹത്തെ കോൺടാക്റ്റ് ചെയ്ത് ഇന്ത്യൻ സിനിമയേയും മലയാളം സിനിമയെയും കുറിച്ചെല്ലാം പറഞ്ഞു മനസ്സിലാക്കി.  നമ്മുടെ ക്രൂവിനെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം ഗൂഗിൾ ചെയ്തു നോക്കി. സ്ക്രിപ്റ്റ് അയച്ചുകൊടുത്തപ്പോൾ അദ്ദേഹം വായിച്ചിട്ട് ഉടൻ തന്നെ സമ്മതം അറിയിച്ചു.

അദ്ദേഹത്തിന്റെ ഡയലോഗ് എല്ലാം റെക്കോർഡ് ചെയ്ത് അർഥം ഉൾപ്പടെ പറഞ്ഞുകൊടുത്ത് അയച്ചുകൊടുത്തു. അദ്ദേഹം എല്ലാം പഠിച്ചിട്ടാണ് വന്നത്. ലൊക്കേഷൻ കണ്ടപ്പോൾ തന്നെ അദ്ദേഹം അദ്ഭുതപ്പെട്ടു, ഞങ്ങളെ എല്ലാം അഭിനന്ദിച്ചു. ഹോളിവുഡിൽ ഷൂട്ടിങ്ങിനിടെ ബ്രേക്ക് കൊടുക്കും, 9 - 5 ആയിരിക്കും ഷൂട്ടിങ് സമയം. ഏഴാമത്തെ ദിവസം അവധി ആയിരിക്കും. പക്ഷേ ഇവിടെ സംഭവം ആകെ വ്യത്യസ്തമാണ്.  ഞങ്ങൾ ആദ്യം തന്നെ അദ്ദേഹത്തോട് പറഞ്ഞിരുന്നു ഇവിടെ നോൺസ്റ്റോപ് വർക്ക് ആണ്. അദ്ദേഹം വളരെയധികം സഹകരണമനോഭാവമുള്ള ആക്ടറാണ്. ഞങ്ങൾക്ക് നല്ല കാലാവസ്ഥ കിട്ടുന്ന ദിവസം മാക്സിമം ഷൂട്ട് ചെയ്യണം. അദ്ദേഹത്തിന് ഇതൊക്കെ പുതിയ അനുഭവമാണ്. ഒരു പരാതിയും ഇല്ലാത്ത ആളാണ് അദ്ദേഹം. അദ്ദേഹം മാത്രമല്ല ഒമാനി താരങ്ങളും മറ്റു താരങ്ങളും ഒക്കെ ഒരു പരാതിയും ഇല്ലാതെ ഞങ്ങളുടെ കൂടെ നിന്നു.  

മണൽക്കാറ്റ് നേരിട്ട താരങ്ങൾ 

മണൽക്കാറ്റ് ഉണ്ടാക്കി ഷൂട്ട് ചെയ്യാനായി ഞങ്ങൾ തയാറെടുക്കുകയായിരുന്നു. ഹെലികോപ്റ്റർ, വലിയ ഫാനുകൾ എല്ലാം ഉപയോഗിച്ച്  ചെയ്യാൻ ആണ് തീരുമാനിച്ചത്. പക്ഷേ അനന്തമായ മരുഭൂവിൽ ഇതൊക്കെ വച്ച് കാറ്റുണ്ടാക്കിയാൽ എത്രത്തോളം യാഥാർഥ്യമായി അനുഭവപ്പെടും. അപ്പോഴാണ് യഥാർഥ മണൽക്കാറ്റ് വരുന്നുണ്ടെന്ന് അറിയിപ്പ് കിട്ടിയത്. ആ അവസരം പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു. മണൽക്കാറ്റ് ദേഹത്ത് അടിക്കുമ്പോൾ സൂചി കുത്തുന്നതുപോലെ വേദനയാണ് അനുഭവപ്പെടുക. ക്യാമറമാന് ക്യാമറയിൽ പിടിക്കാൻ പോലും പറ്റില്ല. ഷോക്ക് അടിക്കുന്നതുപോലെ തോന്നും അത്രയും സ്റ്റാറ്റിക് കറന്റ് ആണ് മണൽക്കാറ്റിൽനിന്ന് ഉണ്ടാകുന്നത്. ഞങ്ങൾ ക്രൂ എല്ലാം ദേഹം മുഴുവൻ പൊതിഞ്ഞു നിൽക്കുകയാണ്. പക്ഷേ രാജു, ജിമ്മി, ഗോകുൽ ഇവരെ മൂന്നുപേരും മറ്റൊരു സുരക്ഷയും ഇല്ലാതെ നിൽക്കുകയാണ്. 

prithviraj-aadujeevitham-1

പിന്നിൽനിന്ന് മണലിന്റെ ഒരു ഭിത്തി വരുന്നത് വിഎഫ്എക്സ് ആണെങ്കിലും ഇവരുടെ ദേഹത്ത് വന്നടിക്കുന്ന കാറ്റ് യഥാർഥമാണെങ്കിൽ മാത്രമേ ആ ഫീൽ കിട്ടുകയുള്ളൂ.  ഇതെല്ലാം നേരിട്ട് അനുഭവിച്ച് ഈ സിനിമ സംഭവ്യമാക്കിയ നമ്മുടെ താരങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.  നജീബ് അനുഭവിച്ച കഷ്ടപ്പാടിന്റെ ചെറിയ ശതമാനം ഞങ്ങളെല്ലാം കോവിഡ് കാലത്ത് അനുഭവിച്ചു. ഈ ഒരു നജീബിന്റെ അതിജീവനം ഓരോ തരത്തിൽ ഓരോ മനുഷ്യനും അനുഭവിക്കുകയാണ്. ഓരോ മനുഷ്യന്റെയും കഷ്ടപ്പാട് ഓരോ തരത്തിലാണ്. നമ്മളിൽ എല്ലാം ഒരു നജീബുണ്ട് ഓരോരുത്തർക്കും ഓരോ കഥപറയാനുണ്ടാകും. കഷ്ടപ്പാട് വരുമ്പോൾ അവിടെ തളർന്നുപോയാൽ എല്ലാം തീരും. നജീബും ആടുജീവിതവും അതാണ് നമ്മെ പഠിപ്പിക്കുന്നത്.

ബ്ലെസിയുടെ തിരക്കഥയിൽ ഒരു സിനിമ 

എന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റ് ആയിരിക്കും ആടുജീവിതം.  ഒരുപാട് അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്. നാളെ ഒരു പടം സ്വന്തമായി ചെയ്യാൻ കഴിയുന്ന രീതിയിലുള്ള ട്രെയിനിങ്ങും അനുഭവ പരിചയവും എനിക്ക് ഇവിടെ നിന്ന് കിട്ടി. എനിക്ക് സിനിമ ചെയ്യാൻ വേണ്ടി ബ്ലെസി സാർ ഒരു സ്ക്രിപ്റ്റ് എഴുതുന്നുണ്ട്. അതിനെക്കുറിച്ച് കൂടുതൽ പറയാറായിട്ടില്ല. ബ്ലെസി സാറിന്റെ കഠിനാധ്വാനത്തിനും ദൃഢനിശ്ചയത്തിനും മുന്നിൽ ഞാൻ ഒടുവിൽ അദേഹത്തിന്റെ കാൽ തൊട്ടു തൊഴുതു. എനിക്ക് ഇവിടെ കിട്ടിയത് ഒരു സർവകലാശാലയിലും പണം കൊടുത്തു പഠിച്ചാൽ കിട്ടാത്ത അത്രയും വലിയ ട്രെയിനിങ് ആണ്.

English Summary:

Exclusive chat with Aadujeevitham Associate Director : Robin George Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com