ADVERTISEMENT

ഭീഷ്മപർവം സിനിമയുടെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജിയുടെ വിവാഹചിത്രങ്ങൾ കണ്ടപ്പോൾ പലർക്കും ആശയക്കുഴപ്പം! ഫാലിമി, ബി 32 മുതൽ 44 വരെ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ റൈന രാധാകൃഷ്ണനെയാണോ ദേവദത്ത് വിവാഹം ചെയ്തിരിക്കുന്നത്?! ഇതിനു മറുപടി ദേവദത്ത് തന്നെ പറയും. "റൈനയും ഞാനും സിനിമയിലായതുകൊണ്ട് പലർക്കും ഈ സംശയം തോന്നാം. പക്ഷേ, എന്റെ വധു റൈനയല്ല, ഷൈനയാണ്. റൈനയുടെ ഇരട്ട സഹോദരി," ദേവദത്തിന്റെ വാക്കുകളിൽ നൂറു ചിരിത്തിളക്കം. 

devadath-shyna-wedding-2-
ദേവദത്ത് ഷാജിയും ഷൈനയും

"വിവാഹത്തെക്കുറിച്ചു ചില ഇടങ്ങളിൽ കണ്ട വാർത്തകളിൽ വധുവിന്റെ പേരു തെറ്റായി കണ്ടിരുന്നു. ഷൈനയും റൈനയും ഐഡന്റികൽ ട്വിൻസ് ആണ്. അത്രയും അടുപ്പമുള്ളവർക്കെ അവരെ തിരിച്ചറിയാൻ കഴിയൂ," ദേവദത്ത് വെളിപ്പെടുത്തി. 

shyna-raina-new
റൈനയും ഷൈനയും അമ്മ സുനന്ദയ്ക്കൊപ്പം (ഫെയ്സ്ബുക്))

ചിറ്റൂർ രജിസ്റ്റർ ഓഫിസിൽ വച്ചു വ്യാഴാഴ്ചയായിരുന്നു ഇരുവരും വിവാഹിതരായത്. താലികെട്ടോ ആചാരനുഷ്ഠാനങ്ങളോ ഒന്നുമില്ലാതെ ലളിതമായൊരു വിവാഹം. അക്കാര്യത്തിൽ ഷൈനയ്ക്ക് നിർബന്ധമുണ്ടായിരുന്നുവെന്ന് ദേവദത്ത് പറയുന്നു. "ഞങ്ങൾ പരിചയപ്പെട്ടു സംസാരിക്കുന്ന സമയത്തു തന്നെ ഷൈനയ്ക്ക് രജിസ്റ്റർ മാര്യേജിനോടാണ് താൽപര്യമെന്നു പറഞ്ഞിരുന്നു. അന്ന് ഞങ്ങൾ തമ്മിൽ പ്രണയം തുടങ്ങിയിട്ടില്ല. ജീവിതത്തിലെ കാഴ്ചപ്പാടുകളൊക്കെ പരസ്പരം പങ്കുവയ്ക്കുന്ന സമയത്താണ് ഇങ്ങനെയൊരു കാര്യം ഷൈന പറഞ്ഞത്. താലികെട്ടോ ആചാര അനുഷ്ഠാനങ്ങളോ ഇല്ലാതെ വിവാഹം ചെയ്യാനാണ് താൽപര്യമെന്ന് ഷൈന പറഞ്ഞു. അതു കേട്ടപ്പോൾ എനിക്കും വലിയ മതിപ്പു തോന്നി." 

devadath-shyna-wedding-1-

"ഏകദേശം മൂന്നു വർഷമായി ഞങ്ങൾ സൗഹൃദത്തിലാണ്. വിവാഹം ചെയ്യാമെന്ന തോന്നൽ ഉണ്ടായപ്പോൾ ഞങ്ങൾ വീട്ടുകാരെ അറിയിച്ചു. ഈ വർഷങ്ങളിൽ വീട്ടുകാരും പരസ്പരം കണക്ടഡ് ആയിക്കഴിഞ്ഞിരുന്നു. അതുകൊണ്ട്, അവർക്കും പൂർണസമ്മതമായിരുന്നു," ദേവദത്ത് പറഞ്ഞു. 

റൈന വഴിയാണ് ഷൈനയെ പരിചയപ്പെട്ടതെന്ന് ദേവദത്ത്. "ഞാനാദ്യം പരിചയപ്പെടുന്നത് റൈനയെയാണ്. കുമ്പളങ്ങി നൈറ്റ്സിൽ സഹസംവിധായകനായി പ്രവർത്തിക്കുമ്പോഴാണ് റൈനയെ കാണുന്നത്. ഫിലിം സ്റ്റഡീസ് ചെയ്യുകയായിരുന്നു അപ്പോൾ റൈന. റൈന വഴിയാണ് ഷൈനയുമായി സൗഹൃദത്തിലാകുന്നതും പിന്നീട് പ്രണയത്തിലേക്ക് വഴി മാറിയതും. പീച്ചിയിലെ കെ.എഫ്.ആർ.ഐയിൽ റിസർച്ച് അസിസ്റ്റന്റ് ആണ് ഷൈന," ദേവദത്ത് കൂട്ടിച്ചേർത്തു. 

"റൈനയേയും ഷൈനയേയും ഭൂരിഭാഗം പേർക്കും പരസ്പരം മാറിപ്പോകാറുണ്ട്. റൈന അഭിനയത്തിൽ സജീവമായി നിൽക്കുന്നു. ഞാനും സിനിമയിലാണ്. അതുകൊണ്ട്, പലരും കരുതിയത് ഞാൻ വിവാഹം ചെയ്തിരിക്കുന്നത് റൈനയെ ആണെന്നാണ്. എല്ലാവരും അങ്ങനെയാണല്ലോ സ്വാഭാവികമായും വിചാരിക്കുക. സത്യത്തിൽ റൈനയും ഷൈനയും തമ്മിൽ നല്ല വ്യത്യാസമുണ്ട്. അടുത്തിടപെഴുകുന്നവർക്ക് അതു മനസിലാകും. പുറത്തു നിന്നു നോക്കുന്നവർക്കാണ് ആശയക്കുഴപ്പം," ദേവദത്ത് വ്യക്തമാക്കി. ശനിയാഴ്ച പെരുമ്പാവൂരാണ് വിവാഹ റിസപ്ഷൻ.   

ജാൻ.എ.മൻ, ‍ജയ ജയ ജയ ജയഹെ, ഫാലിമി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച ചീയേഴ്സ് എന്റർടെയ്ൻമെന്റ്സിന്റെ പുതിയ സിനിമ സംവിധാനം ചെയ്യുന്നത് ദേവദത്ത് ആണ്. ഈ വർഷം അവസാനത്തോടെ ഷൂട്ട് തുടങ്ങും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com