ADVERTISEMENT

ഉണ്ണി മുകുന്ദന്റെ ചിത്രങ്ങൾ റിലീസിനൊരുങ്ങുമ്പോൾ സമൂഹമാധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ചകൾ പതിവാണ്. ഉണ്ണി ഒരു പ്രത്യേക വിഭാഗത്തിന്റെ ആളാണ്, അവർക്കു വേണ്ടി നിർമിക്കുന്ന ‘പ്രൊപ്പഗാണ്ട’ സിനിമകളിലാണ് അഭിനയിക്കുന്നത്. തുടങ്ങിയ ചർച്ചകൾ ഒരു വശത്ത്. വിവാഹവും പ്രണയവും തുടങ്ങി നടന്റെ വ്യക്തിജീവിതത്തിലേക്കു നീളുന്ന അഭ്യൂഹ നിർമിതികൾ മറുവശത്ത്. പുതിയ ചിത്രം ‘ജയ് ഗണേഷ്’ 11ന് തിയറ്ററുകളിലെത്താൻ ഒരുങ്ങുമ്പോഴും സ്ഥിതി വ്യത്യസ്തമല്ല. ചിത്രത്തെക്കുറിച്ചും തന്നെച്ചുറ്റിപ്പറ്റിയുള്ള വാദവിവാദങ്ങളെക്കുറിച്ചും ഉണ്ണി മനോരമയോടു പ്രതികരിക്കുന്നു.

‘എന്നെ മലയാളസിനിമ കഴിഞ്ഞ 12 വർഷമായി കണ്ടുകൊണ്ടിരിക്കയാണ്. ഞാൻ പ്രത്യേക വിഭാഗത്തിന്റെ ആളാണെന്ന പ്രചാരണങ്ങൾ ഒരു സുപ്രഭാതത്തിൽ പൊടുന്നനെ ആരംഭിച്ചതാണ്. അവ ആസൂത്രിതമാണെന്നു ചിലപ്പോൾ തോന്നാറുണ്ട്. എന്റെ നിലപാടുകൾ അതിനു കാരണമായിട്ടുണ്ടാകാം. ചെറിയകാലത്തെ നേട്ടങ്ങൾക്കോ കാര്യസാധ്യത്തിനോ വേണ്ടി ചിലതു പറയുക, മറ്റു ചിലതു പറയാതിരിക്കുക എന്നത് എനിക്കിഷ്ടമല്ല. അങ്ങനെ ആരുടെയും ഗുഡ് ബുക്കിൽ കയറാനും ആഗ്രഹമില്ല. ചിലർക്കു നമ്മെ ഇഷ്ടമാണ്. മറ്റു ചിലർക്കു വെറുപ്പും. ആൾക്കാർ എന്തു വിചാരിക്കും എന്നു കരുതി എന്റെ വ്യക്തിത്വം മാറ്റാനാകില്ലല്ലോ. ഞാൻ ഇങ്ങനെയാണ്. അതിൽ ഒരിക്കലും ഒരു മാറ്റവുമുണ്ടാകില്ല. സ്വന്തം വ്യക്തിത്വം പണയപ്പെടുത്തി ആരുടെയും ഗുഡ്ബുക്കിൽ കയറണമെന്ന് ആഗ്രഹിക്കുന്നില്ല.   

പ്രധാനമന്ത്രിക്ക് ഒരു ആശംസ അയച്ചതും ഹനുമാൻ ജയന്തിക്ക് ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതുമൊക്കെ വലിയ സംഭവമാണോ എന്നു ചോദിച്ചാൽ അറിയില്ല. രാഷ്ട്രീയവും സിനിമയും മതവുമെല്ലാം കൂട്ടിക്കുഴച്ചു സംസാരിക്കുന്നവരോട് നമുക്ക് ഒന്നും പറയാനാവില്ല. ഞാൻ എനിക്കിഷ്ടമുള്ള ചിത്രങ്ങളിൽ അഭിനയിക്കുന്നു. വിവാദങ്ങൾ ഉണ്ടാക്കിയ ചിത്രങ്ങളെല്ലാം വലിയതോതിൽ പ്രേക്ഷകർ കണ്ടതാണ്. അവയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അപ്പോൾ നടപടിയെടുക്കാമായിരുന്നല്ലോ. ഈ വിവാദങ്ങളെല്ലാം ചിലർ ഉണ്ടാക്കിയെടുക്കുകയാണ്. മലയാള സിനിമയെ ഇഷ്ടപ്പെടുന്ന സാധാരണ കുടുംബങ്ങളാണ് എന്നെ ഇതുവരെ എത്തിച്ചത്. ഉണ്ണി മുകുന്ദൻ മുന്നോട്ടു പോകണോ എന്നതും അവർ തന്നെ തീരുമാനിക്കട്ടെ. നല്ല ചിത്രങ്ങൾ കാണാൻ പ്രേക്ഷകർ ഉണ്ടാകുമെന്നു തന്നെയാണു ഞാൻ വിശ്വസിക്കുന്നത്.’ 

∙ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള സൗഹൃദങ്ങൾ, വെട്ടിത്തുറന്നുള്ള മറുപടികൾ എന്നിവ ഉണ്ണി ആക്രമിക്കപ്പെടാൻ കാരണമാണോ? 

സൗഹൃദം ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തിപരമാണ്. നിങ്ങൾക്ക് ഇഷ്ടമില്ലാത്തയാളുകൾ എന്റെ സുഹൃത്തുക്കൾ ആകാൻ പാടില്ലെന്നു പറയുന്നതു ശരിയായ രീതിയല്ല. വെട്ടിത്തുറന്നു മറുപടി പറയുന്നതല്ല, നമ്മോട് ഒരാൾ ഒരു ചോദ്യം ചോദിക്കുമ്പോൾ അതിനു കൃത്യമായ മറുപടി പറയുന്നതാണ്. അത് ആ ചോദ്യം ചോദിക്കുന്നയാൾക്കു നാം നൽകുന്ന മര്യാദയാണ്. ചോദ്യത്തിനു മറുപടി പറയാൻ താൽപര്യമില്ല എന്നു പറയുന്നതാണ് അനാദരവ്. സത്യസന്ധമായി കാര്യങ്ങൾ പറയുന്നു. അങ്ങനെയുള്ളവർ തന്നെയല്ലേ സമൂഹത്തിൽ വേണ്ടത്. ഞാൻ പറയുന്ന കാര്യങ്ങളിൽ ശരിയുണ്ടെങ്കിൽ അതു തുറന്നു പറയുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നതിൽ  എന്താണ് തെറ്റ്?  

∙ കുട്ടികളെ മുന്നിൽക്കണ്ടുള്ള സൂപ്പർഹീറോ ചിത്രമാണോ ജയ് ഗണേഷ്?

കുട്ടികൾക്കു മാത്രമല്ല, കുടുംബങ്ങളിലെ എല്ലാ പ്രായക്കാർക്കും ആസ്വദിക്കാനാകുന്ന ചിത്രമാണിത്. മാളികപ്പുറത്തിനു ശേഷം ഇത്തരത്തിൽ ഒരു കുടുംബചിത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ജയ്ഗണേഷിലൂടെ അതു സാധ്യമായി എന്നാണു കരുതുന്നത്. സൂപ്പർ ഹീറോ ചിത്രമാണോ എന്ന ചോദ്യത്തിന് ഇപ്പോൾ മറുപടി പറയാനാവില്ല. ചിത്രം തിയറ്ററുകളിൽ പ്രേക്ഷകർ കാണട്ടെ.

∙ രഞ്ജിത് ശങ്കർ ചിത്രത്തിൽ ആദ്യമായി?

രഞ്ജിത്തിനൊപ്പം ആദ്യമായാണ്. മുൻപു പല പ്രോജക്ടുകളും ഞങ്ങൾ ചർച്ച ചെയ്തിരുന്നു. എന്നാൽ അവയെല്ലാം പല കാരണങ്ങൾ കൊണ്ടും യാഥാർഥ്യമായില്ല.എന്റെ കരിയറിൽ ഏറ്റവുമധികം ഞാൻ ഓർത്തുവയ്ക്കാൻ പോകുന്ന കഥാപാത്രവും കഥയും സിനിമയുമായിരിക്കും ജയ് ഗണേഷ് എന്നുറപ്പുണ്ട്. പ്രതിഭ തെളിയിച്ച സംവിധായകനാണു രഞ്ജിത്. ഞാനും രഞ്ജിത്തും ചേർന്നാണു ചിത്രം നിർമിച്ചിട്ടുള്ളത്. ഉണ്ണി മുകുന്ദൻ ഫിലിംസ്(യുഎംഎഫ്) ആദ്യമായി വിതരണം ചെയ്യുന്ന ചിത്രം കൂടിയാണു ജയ് ഗണേഷ്. 

mamita-unni

∙ മാളികപ്പുറത്തിന്റെ വിജയത്തിനു ശേഷം അൽപം നീണ്ട ഇടവേള? 

റിലീസുകൾ ഉണ്ടാകാഞ്ഞതിനാലുള്ള ഇടവേളയാണ്. പ്രോജക്ടുകൾ തുടർച്ചയായി നടക്കുന്നുണ്ടായിരുന്നു. മാളികപ്പുറത്തിനു ശേഷം കുടുംബപ്രേക്ഷകരിൽ നിന്നു കിട്ടിയ വലിയ സ്വീകാര്യത അവരോടുള്ള എന്റെ ഉത്തരവാദിത്തം വർധിപ്പിച്ചിട്ടുണ്ട്. അടുത്ത എന്റെ ചിത്രത്തിനു തീർച്ചയായും കൂടുതൽ കുടുംബപ്രേക്ഷകർ എത്തുമെന്നു തോന്നി. അവരെ തൃപ്തിപ്പെടുത്താനാവുന്ന നല്ല കഥയും എനിക്കു പെർഫോം ചെയ്യാൻ അവസരവുമുള്ള ഒരു നല്ല സിനിമ വേണമെന്നും ഉറപ്പിച്ചു. അതിലാണു പ്രധാനമായും ശ്രദ്ധ ചെലുത്തിയത്. മേപ്പടിയാൻ, ഷഫീഖിന്റെ സന്തോഷം, മാളികപ്പുറം എന്നിവ ഏതാണ്ട് ഒരേ സമയം ഷൂട്ട് ചെയ്തതാണ്. പല സമയത്തായി റിലീസ് ചെയ്തുവെന്നേയുള്ളൂ. ഒട്ടേറെ പ്രോജക്ടുകൾ ഇതിനിടെ ഒപ്പു വയ്ക്കുകയും ചെയ്തു. 12 വർഷത്തിനു ശേഷം ഒരു തമിഴ്പടം ചെയ്യുന്നുണ്ട്. വെട്രിമാരന്റെ തിരക്കഥയിൽ ദുരൈസെന്തിൽ കുമാർ സംവിധാനം ചെയ്യുന്ന ‘ഗരുഡൻ’. ‘മാർക്കോ ജൂനിയർ’ എന്ന ആക്‌ഷൻ സിനിമ ഷൂട്ടിങ് ആരംഭിക്കാൻ പോകുന്നു. ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ചിത്രം പൂർത്തിയായി. ഇതിൽ ഐവിഎഫ് ഡോക്ടറുടെ വേഷമാണ്. ഇതിനു പുറമെ ‘നവംബർ 9’ എന്ന പൊലീസ് ചിത്രവും പൂർത്തിയാകാനുണ്ട്. 

ടീസറിൽ നിന്നും
ടീസറിൽ നിന്നും

∙രാഷ്ട്രീയം, തിരഞ്ഞെടുപ്പ്? 

ഭാവി ജീവിതത്തെക്കുറിച്ചു വലിയ പിടിപാടില്ല. എല്ലാം പോസിറ്റീവായി നടക്കും എന്നാണു വിശ്വാസം. രാഷ്ട്രീയകാര്യങ്ങളിൽ എന്നെക്കാൾ കൂടുതൽ ഇടപെടുന്ന ഒട്ടേറെ അഭിനേതാക്കൾ ഇവിടെയുണ്ട്. പ്രചാരണത്തിനിറങ്ങിയവരുൾപ്പെടെ. അവരെക്കുറിച്ചൊന്നും പ്രചരിക്കാത്ത അഭ്യൂഹങ്ങൾ എന്നെപ്പറ്റി വരുന്നതിന്റെ കാരണം അറിയില്ല. രാഷ്ട്രീയത്തെ ഞാൻ കാണുന്നത് വളരെ ശക്തമായ ഒരു ടൂൾ ആയാണ്. രാജ്യത്തിനു വേണ്ടി പ്രവർത്തിക്കാൻ രാഷ്ട്രീയത്തിലിറങ്ങുന്നവർ ആരായാലും ചെയ്യുന്നത് ആദരം അർഹിക്കുന്ന സേവനമാണ്. സമൂഹത്തിലെ ഒരു വിഭാഗം ആളുകൾ രാഷ്ട്രീയത്തിലിറങ്ങിയാൽ എനിക്കു നല്ലതു ചെയ്യാൻ പറ്റുമെന്നു വിശ്വസിക്കുന്നുണ്ടെങ്കിൽ അതൊരു കോംപ്ലിമെന്റ് ആയി കാണുന്നു. രാഷ്ട്രത്തിനായുള്ള ഏതു പ്രവർത്തനവും മഹത്തരമാണ്. എന്നാൽ ഇതെല്ലാം ഭാവി ജീവിതത്തിലെ കാര്യങ്ങളാണ്. നിലവിൽ, ജയ് ഗണേഷിന്റെ റിലീസ് അടുക്കുന്നതിന്റെ സന്തോഷത്തിലാണു ഞാൻ.

∙ പ്രണയം, വിവാഹം. എന്തെങ്കിലും തുറന്നു പറയാൻ സമയമായോ? 

വ്യക്തിപരമായ കാര്യങ്ങൾ ചർച്ചയാക്കാൻ അത്ര താൽപര്യമില്ല. എല്ലാവരും അറിയേണ്ട ഒരു കാര്യമാണെങ്കിൽ അതു തീർച്ചയായും പറയും. ഗോസിപ്പുകളിൽ നിറഞ്ഞു നിൽക്കുന്നതു നടൻ ആയതിനാലാകും. അതിൽ ഞാൻ എന്തു ചെയ്യാനാണ്? 

English Summary:

Chat with actor Unni Mukundan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com