ADVERTISEMENT

ബ്ലെസി എന്ന സംവിധായകൻ പതിനാറു വർഷം മനസ്സിലിട്ടു നടന്ന ‘ആടുജീവിതം’ ഒരു യാഥാർഥ്യമായി തിയറ്ററുകൾ കീഴടക്കുകയാണ്. ആടുജീവിതത്തിൽ പൃഥ്വിരാജിന്റെ നജീബും ഗോകുൽ എന്ന പുതുമുഖ താരത്തിന്റെ ഹക്കീമും പ്രേക്ഷക മനം കീഴടക്കുമ്പോൾ, നജീബിനെ രക്ഷിക്കാൻ എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോയ ഇബ്രാഹിം ഖാദിരി ഒരു കടങ്കഥയായി അവശേഷിക്കുകയാണ്. സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സിലും, ഒരു ദൈവദൂതനെപ്പോലെ വന്ന ഖാദിരിയോട് ആരാധനയും സ്നേഹവും തോന്നിപ്പോകുന്ന വിധം ആ കഥാപാത്രത്തെ മനോഹരമാക്കിയത് ഹെയ്തി നടനും നിര്‍മാതാവുമായ ജിമ്മി ജീൻ ലൂയിസാണ്. ഹോളിവുഡിൽ നിരവധി സിനിമകളിൽ അഭിനയിച്ച ജിമ്മിയെ തേടി അപ്രതീക്ഷിതമായാണ് ‘ആടുജീവിത’ത്തിന്റെ വിളി വരുന്നത്.

ആദ്യമൊന്നും തന്നെത്തേടി വന്ന ഫോൺ കോളിനോട് പ്രതികരിക്കാതിരുന്ന ജിമ്മി ഒടുവിൽ ഫോൺ കയ്യിലെടുത്തതോടെ മലയാള സിനിമയിൽ മറ്റൊരു ചരിത്രം പിറക്കുകയായിരുന്നു. നജീബിന്റെ ജീവിതത്തിലെ കാവൽ മാലാഖയായി മാറിയ ഇബ്രാഹിം ഖാദിരി എന്ന അടിമയുടെ കഥാപാത്രം കരുണ നിറഞ്ഞ മുഖഭാവമുള്ള ജിമ്മിയുടെ കയ്യിൽ ഭദ്രമായിരുന്നു. ആടുജീവിതത്തിൽ എത്തുംമുമ്പ് ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡിലെ ഖാൻമാർ എന്നാണ് ജിമ്മി കരുതിയത്. എന്നാലിന്ന് ബ്ലെസിയും പൃഥ്വിരാജ് സുകുമാരനും മറ്റ് നിരവധി പ്രതിഭാശാലികളും ഉൾപ്പെടുന്ന വലിയൊരു സഞ്ചയമാണ് ഇന്ത്യൻ സിനിമയും മലയാള സിനിമയും എന്നാണ് ജിമ്മി പറയുന്നത്. പൃഥ്വിരാജ് സുകുമാരനെ മലയാളത്തിന്റെ ടോം ക്രൂസ് എന്ന് വിശേഷിപ്പിക്കാനാണ് തനിക്കിഷ്ടം എന്ന് ജിമ്മി പറയുന്നു. ബ്ലെസി എന്ന സംവിധായകനോടുള്ള ആരാധനയും കേരളത്തോടുള്ള ഇഷ്ടവും മറച്ചുവയ്ക്കാതെ ജിമ്മി മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു. 

ആടുജീവിതം എന്ന സിനിമയിൽ എങ്ങനെ എത്തിപ്പെട്ടു?

ലൊസാഞ്ചലസിലെ എന്റെ വീട്ടിൽ ഇരിക്കുമ്പോഴാണ് ആടുജീവിതം എന്ന പ്രോജക്ടിനെക്കുറിച്ചു സംസാരിക്കാൻ ഒരാൾ ഇന്ത്യയിൽനിന്നു വിളിച്ചത്. ആദ്യത്തെ ഫോൺ വിളികളെല്ലാം ഞാൻ വലിയ ശ്രദ്ധ കൊടുക്കാതെ അവഗണിച്ചു. പക്ഷേ പിന്നീട് അവർ തുടരെത്തുടരെ വിളിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് എന്തോ അത്യാവശ്യ കാര്യമാണല്ലോ എന്നു തോന്നിയത്. വീണ്ടും വിളിച്ചപ്പോൾ ഞാൻ ഫോൺ എടുത്തു സംസാരിച്ചു. വിളിച്ച ആൾ പറഞ്ഞത്, ‘ആടുജീവിതം’ എന്ന മലയാളം സിനിമയിൽ ഞാൻ ഒരു കഥാപാത്രം ചെയ്യണം എന്ന് അവർ ആഗ്രഹിക്കുന്നു എന്നാണ്. ആടുജീവിതം എന്ന പുസ്തകം ഞാൻ വായിച്ചിട്ടില്ല, ഇന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടില്ല, കണ്ടിട്ടുമില്ല. അതുകൊണ്ട് ഇന്ത്യൻ സിനിമകളെക്കുറിച്ചോ പ്രത്യേകിച്ച് മലയാളത്തെക്കുറിച്ചോ എനിക്ക് ഒന്നുമറിയില്ല. എന്നാലും അദ്ദേഹം പറഞ്ഞ കഥ കേട്ടിട്ട് വളരെ താൽപര്യം തോന്നി. ഒരാളുടെ യഥാർഥ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു മികച്ച കഥയായിരുന്നു അത്. ആടുജീവിതം എന്ന പുസ്തകത്തെയോ കഥയെയോ അഭിനേതാക്കളെയോ കുറിച്ച് എനിക്ക് മുൻ അറിവ് ഒന്നും ഇല്ലായിരുന്നു. വാസ്തവത്തിൽ പ്രോജക്ടിനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. എന്നെ ബന്ധപ്പെട്ട വ്യക്തിയുമായി സംസാരിച്ചപ്പോൾ അത് വളരെ രസകരമായ ഒരു കഥയാണെന്ന് മനസ്സിലായി. ഒരാൾ അനുഭവിച്ച ദുരിതങ്ങളുടെ ഒരു നേർക്കാഴ്ച. തുടർന്ന് ഞാൻ ഇന്ത്യയിലെ മുഴുവൻ ടീമുമായും ഫോണിൽ സംസാരിച്ചു. ബ്ലെസിയുമായി ഒരു കോൺഫറൻസ് കോളും നടത്തി. അങ്ങനെയാണ് ഞാൻ ഈ പ്രോജക്ടിലേക്ക് എത്തിയത്.

ആടുജീവിതം എന്ന പുസ്തകത്തെക്കുറിച്ച് മുൻപ് കേട്ടിട്ടില്ല 

ആടുജീവിതം എന്ന സിനിമയിൽ അഭിനയിക്കാൻ എന്നെ ക്ഷണിച്ചപ്പോഴാണ് ആ പുസ്തകത്തെക്കുറിച്ച് ഞാൻ കേട്ടത്. അത് ഇന്ത്യയിൽ ബെസ്റ്റ് സെല്ലർ ആയിരുന്നെന്ന് പിന്നീട് മനസ്സിലായി. അത്തരം പുസ്തകങ്ങൾ സിനിമയാക്കുമ്പോൾ വിജയിക്കാറുണ്ട്. അതുപോലെ തന്നെ യഥാർഥ ജീവിത കഥയെ ആധാരമാക്കി സിനിമ ചെയ്യുമ്പോൾ പ്രേക്ഷകരെ കൂടുതൽ സിനിമയിലേക്ക് അടുപ്പിക്കാൻ കഴിയും. സ്ക്രിപ്റ്റ് വായിച്ചപ്പോൾത്തന്നെ ഞാൻ മഹത്തായ ഒരു പ്രൊജക്ടിൽ ആണ് വർക്ക് ചെയ്യാൻ പോകുന്നത് എന്നു തോന്നിയിരുന്നു.

ബ്ലെസി സൃഷ്ടിച്ചത് ഒരു മാസ്റ്റർപീസ് 

ബ്ലെസി ഒരു അസാധാരണ സംവിധായകനാണ്. അദ്ദേഹം ദീർഘവീക്ഷണമുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ സിനിമയിലേക്ക് എന്താണ് വേണ്ടതെന്ന അദ്ദേഹത്തിന് നന്നായി അറിയാം. അത് എങ്ങനെ നേടിയെടുക്കാം എന്ന് കൃത്യമായ ധാരണയുണ്ട്. സിനിമ ചെയ്യുമ്പോൾ കഠിനമായ ബുദ്ധിമുട്ടുകൾ ഏറെ നേരിട്ടെങ്കിലും അദ്ദേഹം കോംപ്രമൈസ് ചെയ്യാൻ തയാറായിരുന്നില്ല. ആഗ്രഹിക്കുന്നത് നേടിയെടുക്കാനുള്ള മറ്റു വഴികൾ അദ്ദേഹം കണ്ടെത്തിയിരുന്നു. കഴിഞ്ഞ 16 വർഷമായി ഒരേയൊരു സിനിമയുടെ പിന്നാലെ സഞ്ചരിച്ച അദ്ദേഹം ഒരു ഘട്ടത്തിൽ പോലും പിന്മാറാൻ തയാറായില്ല എന്നാണ് മനസ്സിലായത്. ഈ ഡെഡിക്കേഷൻ ഞാൻ കണ്ടിട്ടുള്ളത് ഹോളിവുഡ് സംവിധായകരായ ഡേവിഡ് ഓ. റസ്സൽ, ആന്റോയ്ൻ ഫുക്ക്വ എന്നിവരിലാണ്. ബ്ലെസി എന്ന സംവിധായകൻ ഏറെ വ്യത്യസ്തനാണ്. ആടുജീവിതം എന്നൊരു സിനിമ ചെയ്തതിന് അദ്ദേഹത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല. അദ്ദേഹം സൃഷ്ടിച്ചത് ഒരു മാസ്റ്റർപീസ് തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു.

ഗോകുൽ ഭാവിയുടെ വാഗ്ദാനം 

ഗോകുൽ നല്ലൊരു നടനാണ്. ഗോകുൽ അഭിനയിക്കുന്നത് കണ്ടാൽ ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കുകയാണെന്ന് തോന്നുകയേ ഇല്ല. ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ എല്ലാം ഞാൻ മനസ്സിലാക്കിയത്, മറ്റുളളവർ പറയുന്നത് ശ്രദ്ധിച്ചു കേൾക്കാനും കൂടുതൽ പഠിക്കാനും തയാറുള്ള ഒരു യുവാവ് ആണ് ഗോകുൽ എന്നാണ്. ആടുജീവിതം അവനെത്തേടി എത്തിയത് 17-18 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ്. പിന്നീട് ഈ ആറുവർഷം അവൻ ഈ സിനിമയുടെ ഒപ്പമായിരുന്നു. ആദ്യമായി അവൻ അഭിനയലോകത്ത് എത്തിപ്പെട്ടപ്പോൾ അത് ഒരുകൂട്ടം പ്രഫഷനലുകളുടെ ഇടയിലായിരുന്നു. അഭിനേതാക്കളും ബ്ലെസിയും മറ്റ് അണിയറ പ്രവർത്തകരും എല്ലാം പ്രഫഷനൽസ്. അവൻ നല്ല കൈകളിലായിരുന്നു എത്തിപ്പെട്ടത്. കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് ചെയ്തതുപോലെ രൂപമാറ്റം അവനും ചെയ്തു. ഈ ചെറുപ്രായത്തിൽ എടുക്കാൻ വയ്യാത്ത ചുമതലയാണ് അവൻ ഏറ്റെടുത്തത്. ഭാരം കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള പരിവർത്തനത്തിലൂടെ കടന്നുപോകേണ്ടി വന്നിട്ടും അവനെ അതൊന്നും പിന്നോട്ട് വലിച്ചില്ല. ഒരു ജീവിതകാലം മുഴുവൻ അഭിമാനിക്കാൻ വകയുള്ള കാര്യമാണ് അവൻ ഈ ചെറിയ പ്രായത്തിൽ ചെയ്തത്. അവനെ അഭിനന്ദിക്കാതെ തരമില്ല. അവനു തിളക്കമുള്ള വലിയൊരു ഭാവി ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

പൃഥ്വിരാജ് ഇന്ത്യയുടെ ടോം ക്രൂസ് 

പൃഥ്വിരാജ് എന്ന അസാമാന്യ നടനെപ്പറ്റി ഞാൻ എന്ത് പറയാൻ? അദ്ദേഹം അസാധാരണമായ ഒരു ഉത്തരവാദിത്തമാണ് ഏറ്റെടുത്ത് നടത്തിയത്. ഒരു നടനിൽനിന്ന് ആവശ്യപ്പെട്ടതിനപ്പുറത്തുള്ള ഒരു പരിവർത്തനത്തിലൂടെയാണ് അദ്ദേഹം കടന്നുപോയത്. ഒരു കഥാപാത്രത്തിന് വേണ്ടി 31 കിലോ ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമല്ല, അദ്ദേഹം അത് മികവോടെ ചെയ്തു. അദ്ദേഹത്തിന്റെ അഭിനയ മികവ് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്നതാണ്. ചെയ്യുന്ന ജോലിയെക്കുറിച്ചുള്ള വളരെ വ്യക്തമായ അറിവുള്ള വ്യക്തിയാണ് പൃഥ്വിരാജ്. രാജിനൊപ്പം അഭിനയിക്കുന്നത് വളരെ രസകരമായ കാര്യമാണ്. സിനിമ ചെയ്യുന്നതിനിടയിൽ ഞങ്ങൾ തമ്മിൽ വലിയൊരു ബന്ധം ഉടലെടുത്തു. രാജിനെ ഹോളിവുഡ് നടൻ ടോം ക്രൂസിനോട് ഉപമിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം ടോം ക്രൂസിന് ഉള്ള ജോലിയോടുള്ള അർപ്പണ മനോഭാവം ഞാൻ രാജിൽ കണ്ടു. അത് ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുമുണ്ട്. രാജ് ഒരു നടൻ മാത്രമല്ല, നിർമാതാവ്, സംവിധായകൻ, വിതരണക്കാരൻ എന്നിങ്ങനെ നിരവധി ഉത്തരവാദിത്തങ്ങൾ ചെയ്യുന്ന ആളാണ്, ഒരു ഫുൾ പാക്കേജ് ആണ്. ഒരു പ്രഫഷനലെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ജോലിയോടുള്ള സമർപ്പണം എന്നിൽ മതിപ്പുളവാക്കി. രാജിനോടൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഭാവിയിൽ രാജിനൊപ്പം കൂടുതൽ പ്രൊജക്റ്റുകൾ ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു അത് വളരെയധികം രസകരവും ആയിരിക്കും. 

jimmy

മണൽക്കാറ്റിൽ അഭിനയിച്ചത് ഓർക്കുമ്പോൾ ഇന്നും രോമാഞ്ചം 

ആടുജീവിതത്തിൽ ഇബ്രാഹിം ഖാദരി എന്ന കഥാപാത്രം ചെയ്യുമ്പോൾ ഏറ്റവും വെല്ലുവിളി അറബി ഭാഷ പഠിക്കുക എന്നതായിരുന്നു. ഞാൻ അറബി വായിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് ആദ്യമായിരുന്നു, അത് വളരെ വലിയ വെല്ലുവിളിയായിരുന്നു. അതുകൊണ്ട് ഒരു രംഗമല്ല, മുഴുവൻ സിനിമയും എനിക്ക് വെല്ലുവിളിയായിരുന്നു. 

മണൽക്കാറ്റുള്ള രംഗം ചിത്രീകരിച്ചത് വളരെ ബുദ്ധിമുട്ടിയാണ്. ഞങ്ങൾ യഥാർഥ മണൽക്കാറ്റിൽ ചിത്രീകരിക്കുകയായിരുന്നു. മണൽക്കാറ്റടിക്കുമ്പോൾ മുഖത്ത് മണൽ വന്നടിച്ച് വേദനിക്കും, ശക്തമായി മണൽ വന്നടിച്ച് ശരീരം മുഴുവൻ നുറുങ്ങുന്ന വേദന അനുഭവപ്പെടും. ആ കാറ്റിനിടെ ഞാൻ രാജിനെ എടുത്തു കൊണ്ടുപോകേണ്ടി വന്നു, അത് ഇരട്ടി പ്രയത്നം ആയിരുന്നു. വളരെ ബുദ്ധിമുട്ടുള്ള രംഗമായിരുന്നു അത് പക്ഷേ അത് ഏറ്റവും മനോഹരമായ രംഗവുമായിരുന്നു. ഹക്കീമിന്റെ അവസാന രംഗം മുതൽ മണൽക്കാറ്റു വരെയുള്ള മുഴുവൻ സീക്വൻസും വളരെ മനോഹരമായിരുന്നു. എ.ആർ. റഹ്മാൻ സൃഷ്ടിച്ച സംഗീതത്തോടൊപ്പം ഒരു ഓപ്പറ കളിക്കുന്നതുപോലെ ആണ് എനിക്ക് തോന്നിയത്. അതിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഇപ്പോഴും എനിക്ക് രോമാഞ്ചം വരുന്നുണ്ട്.

ഇന്ത്യയിലെ ഖാൻമാരെ കുറിച്ച് കേട്ടിട്ടുണ്ട് 

ആടുജീവിതത്തിൽ അഭിനയിക്കുന്നതിന് മുൻപ് ഞാൻ ഇന്ത്യൻ സിനിമകൾ കണ്ടിട്ടില്ല. ഇന്ത്യൻ സിനിമയെക്കുറിച്ച് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്. ഹോളിവുഡിൽ പ്രവർത്തിക്കുമ്പോൾ ബോളിവുഡിനെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. പക്ഷേ ദക്ഷിണേന്ത്യയ്ക്കും ബോളിവുഡിനും തമ്മിലുള്ള വ്യത്യാസം എനിക്കറിയില്ലായിരുന്നു. ഇന്ത്യൻ സിനിമകളെല്ലാം ഒന്നാണെന്നാണ് ഞാൻ കരുതിയത്. ഇന്ത്യയിൽ ഷൂട്ടിങ്ങിനു വന്നത് വലിയൊരു പഠന അനുഭവമായിരുന്നു. ദക്ഷിണേന്ത്യയിൽ നിന്നുള്ള സിനിമകൾ തമ്മിലുള്ള വ്യത്യാസങ്ങൾ, ഹൈദരാബാദ്, ബെംഗളൂരു, കേരളം, തമിഴ് നാട് ഇവിടെ എല്ലായിടത്തും ഏറെ വ്യത്യസ്തങ്ങളായ സിനിമാ പ്രവർത്തനങ്ങളാണ് നടക്കുന്നത് എന്നത് പുതിയ അറിവാണ്. ഇന്ത്യൻ സിനിമയിലെ ഷാറുഖ് ഖാൻ, സൽമാൻ ഖാൻ തുടങ്ങിയ ഖാൻമാരെപ്പറ്റി കേട്ടിട്ടുണ്ട്. ഇന്ത്യയിൽ താമസിക്കുന്ന സമയത്ത് ഞാൻ കണ്ടുമുട്ടിയ സിനിമാപ്രവർത്തകരെ കുറിച്ച് കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ സിനിമ പ്രവർത്തകർക്കൊപ്പം കൂടുതൽ പ്രൊജക്ടുകൾ ചെയ്യാനായി ഇന്ത്യയിലേക്ക് വീണ്ടും വരാൻ ആഗ്രഹമുണ്ട്. ആടുജീവിതത്തിൽ ഞാൻ അഭിനയിച്ചത് ഇന്ത്യൻ സിനിമാപ്രവർത്തകരും പ്രേക്ഷകരും ശ്രദ്ധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഇന്ത്യൻ സിനിമാ നിർമാതാക്കൾക്കൊപ്പം കൂടുതൽ പ്രൊജക്ടുകൾ ചെയ്യാൻ ഞാൻ ശ്രമിക്കും.

കേരളം മനോഹരം, മടങ്ങിവരും 

കേരളം വളരെ മനോഹരമായ സ്ഥലമാണ്. കേരളത്തിലെ പ്രേക്ഷകർ തികച്ചും വ്യത്യസ്തരാണ്. സിനിമ കണ്ട് പൂർണമായും ആസ്വദിച്ചു ആളുകൾ കയ്യടിക്കുന്നു, സിനിമയെപ്പറ്റി സംസാരിക്കുന്നു, ഫോണിൽ വിളിച്ച് മറ്റുളളവരോട് പറയുന്നു, നമ്മളോട് സ്നേഹം പ്രകടിപ്പിക്കുന്നു ഇതെല്ലം നേരിട്ട് കാണാനും അനുഭവിക്കാനും കഴിഞ്ഞു. സിനിമ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകരും മാധ്യമ പ്രവർത്തകരും ഞങ്ങളെ വളഞ്ഞു. ശരിക്കും ഒരു സിനിമയെ ഇഷ്ടപ്പെട്ട് ഇത്രത്തോളം ആളുകൾ എത്തിയത് എന്നെ അദ്ഭുതപ്പെടുത്തി. ഇതൊരു പുതിയ അനുഭവമായിരുന്നു.

കേരളത്തിൽ അധികം സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞില്ല അതൊരു നഷ്ടമാണ് പക്ഷേ വളരെ തിരക്ക് പിടിച്ച ദിവസങ്ങൾ ആയിരുന്നു. ഫോർട്ട് കൊച്ചിയിൽ പോയി, എനിക്ക് ഫോർട്ട് കൊച്ചി ഇഷ്ടപ്പെട്ടു. പൊതുവെ ഇന്ത്യൻ ഭക്ഷണം ഇഷ്ടമാണ്. ഞാൻ പ്രധാനമായും സസ്യാഹാരം കഴിക്കുന്നയാളാണ്, എനിക്ക് ധാരാളം ഓപ്ഷനുകൾ ഉണ്ടായിരുന്നു, അത് ഏറ്റവും രുചിയേറിയതും ആയിരുന്നു. ആലപ്പുഴയിലെ ബാക്ക്‌വാട്ടേഴ്സിൽ പോകാൻ എനിക്ക് അവസരം ലഭിച്ചു. വളരെ ആസ്വദിച്ച് ഞങ്ങൾ അവിടെ ചെലവഴിച്ച നിമിഷങ്ങൾ ഒക്കെ ഇപ്പോഴും ഓർമയുണ്ട്. ഇനിയും ആലപ്പുഴ സന്ദർശിക്കണം എന്ന് ആഗ്രഹമുണ്ട്. കേരളത്തിന്റെ തെക്കോട്ട് സന്ദർശിക്കാൻ കഴിഞ്ഞില്ല. വീണ്ടും വന്ന് കേരളം മുഴുവൻ കാണണം എന്ന് ആഗ്രഹിക്കുന്നു. കേരളം സന്ദർശിക്കാൻ കഴിഞ്ഞത് സന്തോഷമാണ്. കേരളത്തിലെ ആസ്വാദകരുടെ സ്നേഹവും ബഹുമാനവും ഏറെ ആസ്വദിക്കാൻ കഴിഞ്ഞു. സംതൃപ്തിയോടെയാണ് ഞാൻ മടങ്ങിയത്.

English Summary:

Exclusive chat with Jimmy Jean Louis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com