ADVERTISEMENT

അനീതികൾ കാണുമ്പോൾ അതിനുള്ള പരിഹാരമാർഗങ്ങൾ പലതായാണ് ഓരോ മനുഷ്യർക്കും തോന്നുക. ബദൽ, ദ് മാനിഫെസ്റ്റോ എന്ന സിനിമയിൽ സംസാരിക്കുന്ന സായുധകലാപവും പരിഹാരവും ചർച്ചയാകേണ്ടതുണ്ട് എന്നാണ് സിനിമയിലേക്കു കാലെടുത്തുവയ്ക്കുന്ന പുതിയ അഭിനേത്രി നീതു തോമസ് പറയുന്നത്. സിനിമയിൽ ശ്വേത മേനോന്റെ ചെറുപ്പകാലമാണ് നീതു അവതരിപ്പിച്ചത്. സിനിമാ വിശേഷങ്ങളുമായി നീതു മനോരമ ഓണലൈനിനൊപ്പം...

ബദലിലെ നായിക

സിനിമയിലേക്ക് എത്തിയത് അവിചാരിതമായാണ്. ഈ സിനിമ ചെയ്യുന്നതിനു മുൻപ് ചെറിയൊരു സിനിമ ചെയ്തിരുന്നു. അതിലുണ്ടായിരുന്ന ഒരു ചേട്ടനാണ് ബദൽ: ദ് മാനിഫെസ്റ്റോയുടെ സംവിധായകൻ അജയൻചേട്ടന് എന്റെ ചിത്രം അയച്ചു കൊടുത്തത്. ശ്വേതമേനോന്റെ കുട്ടിക്കാലം അഭിനയിക്കാൻ പറ്റിയ ആളെ അന്വേഷിക്കുകയായിരുന്നു അവർ. ഇങ്ങോട്ടു വന്ന കോളാണ്. അതിനുവേണ്ടി ഞാൻ ഒന്നും ചെയ്തിട്ടില്ല. ശക്തയായൊരു സ്ത്രീയുടെ കഥാപാത്രമുണ്ടെന്നു പറഞ്ഞു വിളിച്ചു. കഥ കേട്ടപ്പോൾ ഞാൻ ചെയ്താൽ ശരിയാകുമോ എന്നൊന്നും അറിയില്ലായിരുന്നു. സിനിമയോട് ഇഷ്ടമുണ്ടായിരുന്നതുകൊണ്ടു  ശ്രമിച്ചു നോക്കാമെന്നു കരുതി. ഷൂട്ടിങ് തീർന്നപ്പോൾത്തന്നെ എല്ലാവരും നന്നായിരുന്നു എന്ന് പറഞ്ഞു. അത് സന്തോഷമായി. 

neethu-thomas-2

നാട്ടിലെ ജീവിതമാണ് ഇഷ്ടം 

കൊച്ചിയിൽ ജനിച്ചു വളർന്ന പെൺകുട്ടിയാണ് ഞാൻ. വിവാഹശേഷം യുഎസിൽ എത്തി. അവിടെ സെറ്റിൽ ചെയ്തിട്ടൊന്നുമില്ല. നാട്ടിലാണ് മനസ്സ് മുഴുവൻ. നാട്ടിൽ സെറ്റിലാവണമെന്നാണ് ആലോചന. പങ്കാളി ഐടി എൻജിനീയർ ആണ്. ഞാനും ഐടി എൻജിനീയറിങ് ആണ് പഠിച്ചത്. 

neethu-thomas-233

നൃത്തമാണ് പാഷൻ 

ചെറുപ്പം മുതൽ നൃത്തം പഠിച്ചിട്ടുണ്ട്. ശാസ്ത്രീയനൃത്തവും കന്റംപററിയും ചെയ്യുമായിരുന്നു. സിനിമയും നൃത്തവും ഒരുമിച്ചു കൊണ്ടുപോകണമെന്നാണ് ആഗ്രഹം. അതാണ് പ്രതീക്ഷയും.

neethu-thomas-2232

തയാറെടുപ്പുകൾ 

ഈ കഥ ആദ്യമായി കേട്ടപ്പോൾ എന്നെപ്പോലൊരു പുതിയ അഭിനേത്രിക്ക് ചെയ്തു ഫലിപ്പിക്കാനാകുമോ എന്നു സംശയം തോന്നി. അപ്പോൾ ഞാൻ അങ്ങോട്ടു ചോദിച്ചത് ''ഇത് എന്നെക്കൊണ്ട് ചെയ്യാൻ പറ്റുമോ'' എന്നാണ്. സംവിധായകൻ പറഞ്ഞത് ''ഒന്നും ചിന്തിക്കേണ്ട, ഒരു തയാറെടുപ്പും എടുക്കേണ്ട. ഒന്നിവിടെ വന്നാല്‍ മതി. എല്ലാം ഞാൻ സ്പോട്ടിൽ പറഞ്ഞു തരാം'' എന്നായിരുന്നു. സംവിധായകന്റെ വിശ്വാസമായിരുന്നു അത്.

പിന്നെ പരിസ്ഥിതി സമരങ്ങളെക്കുറിച്ചും ചില ഗോത്രങ്ങളെക്കുറിച്ചുമെല്ലാം ഞാൻ ഗൂഗിളിൽ വായിച്ചിരുന്നു. അതുകൊണ്ടു കഥാപാത്രങ്ങളെയും കഥാപരിസരത്തെയും പെട്ടെന്ന് മനസിലാക്കാനായി. 

സംഘട്ടനം മാഫിയ ശശി 

എന്റെ കഥാപാത്രം വളരെ ശക്തയായിരുന്നു. സംഘട്ടനമെല്ലാം കൊറിയോഗ്രാഫ് ചെയ്തിരുന്നത് മാഫിയ ശശിയായിരുന്നു. അദ്ദേഹത്തിന്റെ അസിസ്റ്റന്റാണ് എനിക്ക് സ്റ്റണ്ട് പറഞ്ഞു തന്നിരുന്നത്. സ്റ്റണ്ട് ആദ്യം ചെയ്തപ്പോൾ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പക്ഷേ ആ ചേട്ടൻമാർ ഭയങ്കര സപ്പോർട്ടീവായിരുന്നു. കുറേ റിഹേഴ്സൽ എടുത്താണ് ഫൈറ്റ് ചെയ്തത്. നേരത്തെ തയാറെടുപ്പുകൾ ചെയ്യാനൊന്നും പറ്റിയിരുന്നില്ല. ഷൂട്ടിന് പോയപ്പോൾ ചെയ്തകാര്യങ്ങളാണെല്ലാം. ഡാൻസ് പഠിച്ചത് കുറെയൊക്കെ സഹായിച്ചിട്ടുണ്ട്. 

neethu-thomas-23

ഈ സിനിമയിലെ എന്റെ ആദ്യത്തെ ഒരു ഷോട്ട് ഒരു പൂ മണക്കുന്നതായിരുന്നു. അത് ചെയ്തപ്പോൾ സ്ഥിരം നൃത്തത്തിൽ ചെയ്യുന്നതുപോലെ പുരികമൊക്കെ പൊക്കിയാണ് ഞാൻ ചെയ്തത്. അപ്പോൾ സംവിധായകൻ പറഞ്ഞു ''അഭിനയിക്കാൻ ഇത്ര ഡാൻസ് വേണ്ട'' എന്ന്. 

സിനിമയുടെ കഥ 

പരിസ്ഥിതിയും അതിനോട് ചേർന്നു ജീവിക്കുന്നവരും അനുഭവിക്കുന്ന കഷ്ടതകളാണ് ഈ സിനിമയുടെ അടിസ്ഥാനം. ഒടുവിൽ സായുധ കലാപം നടത്തുന്ന മനുഷ്യരെയാണ് സിനിമ കാണിക്കുന്നത്. ആ ആശയം പൂർണമായും ശരിയല്ലെന്നും ഈ സിനിമ പറയുന്നുണ്ട്. ആയുധം ഉപയോഗിച്ചുള്ള പരിഹാരങ്ങൾ അല്ല വേണ്ടത്, അതല്ല ബദൽ എന്നാണ് എനിക്ക് വ്യക്തിപരമായും തോന്നിയിട്ടുള്ളത്.

വരും നല്ല സിനിമ 

ഇപ്പോൾ കുറച്ചു സിനിമകളുടെ കഥകൾ കേൾക്കുന്നുണ്ട്. നല്ലതു വന്നാൽ തുടർന്നും സിനിമ ചെയ്യാനാണ് തീരുമാനം. ഇപ്പോൾ ഭയങ്കര ഇഷ്ടമാണ് സിനിമ. അഞ്ചു വർഷമായി ഈ സിനിമയിൽ അഭിനയിച്ചു കഴിഞ്ഞിട്ട്. ഇപ്പോൾ കളം കുറേക്കൂടി മാറിയല്ലോ. കൂടുതൽ അവസരങ്ങൾ വരുന്ന കാലമാണ്.

English Summary:

Chat with actress Neetu Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com