ഇത് മലയാളിയുടെ നിവിൻ പോളി

Mail This Article
കരിയറിന്റെ തുടക്കത്തിൽ എന്റർടെയ്നർ ചിത്രങ്ങളിലൂടെ തുടർച്ചയായ വിജയക്കുതിപ്പ്. ഇടയ്ക്ക് അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളിലേക്കു ട്രാക്ക് മാറ്റം. വീണ്ടും തന്നിലെ പെർഫോമറിനെ ‘അഴിച്ചുവിട്ടപ്പോൾ’ പിറന്നതു തുടർച്ചയായ രണ്ടു വിജയങ്ങൾ. പ്രണയവും നർമവും ഒപ്പം കൃത്യമായ രാഷ്ട്രീയവും പറയുന്ന മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി നിവിൻ പോളി.
'മലയാളി ഫ്രം ഇന്ത്യ' പറയാൻ ശ്രമിക്കുന്നത്?
ഇത് ആൽപറമ്പിൽ ഗോപി എന്ന നാട്ടുംപുറത്തുള്ള ഒരു യുവാവിന്റെ ജീവിതയാത്രയും അതിനിടെയുണ്ടാകുന്ന ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന ചില സംഭവങ്ങളുമാണ്. അലസനായ ഒരു കഥാപാത്രമാണ് ഗോപി. പക്ഷേ, അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു യാത്ര അയാളുടെയും അയാൾ വഴി മറ്റു ചിലരുടെയും ജീവിതവും കാഴ്ചപ്പാടും മാറ്റിമറിക്കുന്നതാണു സിനിമയുടെ കഥാതന്തു.
ഈ ചിത്രത്തിലേക്ക് ആകർഷിച്ചത്?
ഗോപിയുടെ യാത്രതന്നെയാണ് എനിക്ക് ഏറ്റവും കൗതുകമായി തോന്നിയത്. പിന്നെ ഗ്രാമീണ പശ്ചാത്തലത്തിൽ പറയുന്ന കഥകൾ എനിക്കു വ്യക്തിപരമായി വളരെ ഇഷ്ടമാണ്. ഡിജോ ജോസ് ആന്റണി- ഷാരിസ് മുഹമ്മദ് കോംബോ തന്നെയായിരുന്നു മറ്റൊരു പ്രധാന ആകർഷണം.
ഡിജോ ചിത്രങ്ങളും അതിന്റെ രാഷ്ട്രീയവും?
ഇതു രാഷ്ട്രീയം മാത്രം സംസാരിക്കുന്ന ചിത്രമല്ല. ഒരു നാടിന്റെയും നാട്ടുംപുറത്തുകാരനായ നായകന്റെയും കഥ പറയുമ്പോൾ കടന്നുവന്നേക്കാവുന്ന രാഷ്ട്രീയം ഇതിലുണ്ട്. എന്നാൽ അതിലുപരി ശക്തമായ ഒരു സന്ദേശം കൊമേഷ്യൽ മൂല്യങ്ങളെല്ലാം നിലനിർത്തിക്കൊണ്ടാണ് പറയാൻ ശ്രമിച്ചിരിക്കുന്നത്. പിന്നെ ഡിജോയും ഷാരിസും വ്യക്തമായ രാഷ്ട്രീയ ബോധമുള്ളവരാണ്. അവരുടെ സിനിമകളിൽ അവരുടെ ഐഡിയോളജി സ്വാഭാവികമായും ഉണ്ടാകും. പക്ഷേ, അതുമാത്രമല്ല ഈ സിനിമ.
എന്റർടെയ്നർ ചിത്രങ്ങളിലേക്കു തിരിച്ചുവരികയാണോ?
വരുന്ന കഥാപാത്രങ്ങളിൽ താൽപര്യം തോന്നുന്നതു ചെയ്തു മുന്നോട്ടുപോകുക എന്നതാണ് എന്റെ രീതി. അതിൽ എന്റർടെയ്നർ ചിത്രങ്ങളും അല്ലാത്തവയും വന്നേക്കാം. കൃത്യമായ ഒരു പ്ലാനിങ് ഒന്നും ഇതിൽ ഇല്ല. അങ്ങനെ മുന്നോട്ടുപോകാനും സാധിക്കില്ലെന്നാണ് എന്റെ വിശ്വാസം. പ്രേക്ഷകർക്ക് കണക്ട് ആകുന്ന ചിത്രങ്ങൾ ചെയ്യുക എന്നതാണ് പ്രധാനം.
വർഷങ്ങൾക്കു ശേഷവും നിതിൻ മോളിയും?
ആ കഥാപാത്രത്തിനു ഞാനുമായി സാമ്യം തോന്നിയെന്നു പലരും പറഞ്ഞിരുന്നു. അത് ബോധപൂർവമല്ല. വിനീത് ഈ കഥ പറഞ്ഞപ്പോൾ നിതിൻ മോളിയെയും അതിലെ സംഭാഷണങ്ങളെയും പ്രേക്ഷകർ എങ്ങനെയെടുക്കുമെന്ന് എനിക്ക് ചെറിയ ആശങ്ക ഉണ്ടായിരുന്നു. വിനീതിൽ വിശ്വാസമർപ്പിച്ചാണ് ആ സിനിമ ചെയ്തത്. അത് വളരെയധികം ആഘോഷിക്കപ്പെട്ടു. ഒരിടത്തു നിന്നും അതിനു മോശമായൊരു പ്രതികരണം ഉണ്ടായില്ല.
നിവിൻ- ധ്യാൻ കോംബോ?
പുതിയൊരു കോംബിനേഷൻ പരീക്ഷിക്കണമെന്ന് ഡിജോയ്ക്കു നിർബന്ധം ഉണ്ടായിരുന്നു. അങ്ങനെയാണ് ധ്യാനിലേക്കു വരുന്നത്. ഞങ്ങളെല്ലാം സുഹൃത്തുക്കൾ ആയതുകൊണ്ട് ഒരുമിച്ച് കുറെ ചിത്രങ്ങൾ ചെയ്തൊരു ഫീൽ പലർക്കും ഉണ്ടാകും. എന്നാൽ ഞാനും ധ്യാനും അങ്ങനെ ഒന്നിച്ച് അഭിനയിച്ചിട്ടില്ലെന്ന് അറിഞ്ഞപ്പോഴാണ് ഈ കോംബോ പരീക്ഷിക്കാൻ ഡിജോ തീരുമാനിച്ചത്.
സലിം കുമാറിന്റെ കഥാപാത്രത്തെക്കുറിച്ച്
എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന, കൃത്യമായ നിലപാടുകളുള്ള ആളുകൾ നമ്മുടെ എല്ലാവരുടെയും നാട്ടിൽ ഉണ്ടാവുമല്ലോ. അത്തരമൊരു കഥാപാത്രമാണ് സലിമേട്ടന്റേത്. അദ്ദേഹം പറയുന്ന പല സംഭാഷണങ്ങളും അത്രത്തോളം ഷാർപ്പാണ്. അതു തിയറ്ററിൽ കാണുമ്പോൾ മനസ്സിലാകും.
സിനിമയിൽ നായികമാരുടെ പ്രസക്തി കുറയുന്നുണ്ടോ?
തിരക്കഥയെ അടിസ്ഥാനപ്പെടുത്തിയാണ് കഥാപാത്രങ്ങളുടെ ആവശ്യകതയും മുൻഗണനയും നിർണയിക്കുന്നത്. അതിൽ ആൺ പെൺ വ്യത്യാസമില്ല. നായികാ പ്രാധാന്യമുള്ള എത്രയോ ചിത്രങ്ങൾ വരുന്നുണ്ട്. തിരിച്ചും സംഭവിക്കുന്നു. ഈ ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങൾക്കെല്ലാം അർഹിക്കുന്ന പ്രാധാന്യം നൽകിയിട്ടുണ്ട്. ഒരു സ്ത്രീ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണു സിനിമ മുന്നോട്ടുനീങ്ങുന്നതുതന്നെ.
ഹിന്ദി നടൻ ദീപക് ജെതിയുടെ മലയാളത്തിലുള്ള അരങ്ങേറ്റം കൂടിയാണല്ലോ ചിത്രം?
വളരെ കഠിനാധ്വാനിയായ ഒരു നടനാണ് അദ്ദേഹം. ഒരുപാട് വർഷമായി അദ്ദേഹം ഹിന്ദി സിനിമയിലും മറ്റും സജീവമാണ്. സിനിമയിലെ കഥാപാത്രത്തിനു സംഭവിക്കുന്ന മാറ്റങ്ങൾ സൂക്ഷ്മമായിത്തന്നെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഇതിലെ ചില സംഭാഷണങ്ങൾ പറയാൻ അദ്ദേഹം എടുത്ത എഫർട്ട് ഞാൻ നേരിട്ടുകണ്ടതാണ്. ദീപക് തന്നെയാണ് കഥാപാത്രത്തിനു ഡബ് ചെയ്തിരിക്കുന്നതും.
റാമിന്റെ സംവിധാനത്തിൽ യേഴു കടൽ യേഴു മലൈ...
റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ പോയപ്പോഴാണ് ഞാൻ സിനിമ കണ്ടത്. റാം സാറിന്റെ ചിത്രങ്ങളിലേതു പോലെ വളരെ ആഴമുള്ള വിഷയമാണ് ഈ സിനിമയും ചർച്ച ചെയ്യുന്നത്. ഹ്യൂമറിനും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രമിപ്പോൾ ഫെസ്റ്റിവലുകളിൽ പ്രദർശനം നടത്തുകയാണ്. അടുത്തുതന്നെ തിയറ്റർ റിലീസ് ഉണ്ടെന്നാണ് അറിഞ്ഞത്.
മലയാളത്തിലെ പുതിയ ചിത്രങ്ങൾ
ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം, ഡിയർ സ്റ്റുഡന്റ്സ് എന്നിവയാണ് മലയാളത്തിൽ ഇനി വരാനുള്ള ചിത്രങ്ങൾ. ബിജുവിന്റെ ഒരു ഷെഡ്യൂൾ കൊൽക്കത്തയിൽ പൂർത്തിയായി. ഡിയർ സ്റ്റുഡന്റ്സ് ഉടൻ തുടങ്ങും. നയൻതാരയാണ് ചിത്രത്തിലെ നായിക. വളരെയേറെ പ്രതീക്ഷയുള്ള ചിത്രങ്ങളാണ് രണ്ടും.