ADVERTISEMENT

‘ദാദാസാഹിബ്’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് ആതിര. യഥാർഥ പേര് രമ്യ എന്നാണെങ്കിലും ആദ്യം ചെയ്ത കഥാപാത്രത്തിന്റെ പേരിലാണ്  താരം അറിയപ്പെടുന്നത്. ഭർത്താവുദ്യോഗത്തിൽ ജഗദീഷിന്റെ നായികയായി മുഴുനീള കഥാപാത്രത്തെയും താരം അവതരിപ്പിച്ചിരുന്നു. കരുമാടിക്കുട്ടൻ, കാക്കിനക്ഷത്രം, അണു കുടുംബം. കോം എന്നിവയാണ് ആതിര അഭിനയിച്ച മറ്റു സിനിമകൾ. നായികാ വേഷത്തിൽ പ്രമുഖ താരങ്ങൾക്കൊപ്പം അവസരം ലഭിച്ചെങ്കിലും അവയൊന്നും വേണ്ടെന്നു വച്ച് 3 വർഷം മാത്രം ദൈർഘ്യമുള്ള  സിനിമാ ജീവിതത്തോട് താരം ഗുഡ്ബൈ പറയുകയായിരുന്നു. പിന്നീട് കോട്ടയം സ്വദേശിയായ വിഷ്ണു നമ്പൂതിരിയെ വിവാഹം ചെയ്ത ആതിര കുടുംബ ജീവിതം നയിക്കുകയാണിപ്പോൾ. സിനിമയിൽ വന്ന ശേഷം ഒരു സിനിമാക്കഥ പോലെ മാറിമറിഞ്ഞ തന്റെ ജീവിതത്തെക്കുറിച്ചു മനസ്സു തുറക്കുകയാണ് മനോരമ ഓൺലൈനിന്റെ ‘ഓർമയുണ്ടോ ഈ മുഖം’ എന്ന പരിപാടിയിലൂടെ ആതിര...

ദേവദൂതനിലും പറക്കും തളികയിലും നായികാ വേഷം നഷ്ടപ്പെട്ടു

മോഡലിങ് ചെയ്തായിരുന്നു തുടക്കം. സിനിമ എന്താണെന്നു പോലും അറിയാത്ത  പ്രായത്തിലാണ് സിനിമയിലേക്കു വന്നത്. മമ്മൂക്കയുടെ നായികയായി ദാദാ സാഹിബിലേക്ക് വിളിച്ചപ്പോൾ എന്താണ് ചെയ്യേണ്ടതെന്നോ എവിടെയാണ് ക്യാമറ വച്ചിരിക്കുന്നതെന്നോ ഒന്നും അറിയില്ലായിരുന്നു. ദാദാ സാഹിബിൽ 90 ശതമാനവും കരയുന്ന സീനാണുള്ളത്. ചില രംഗങ്ങളിൽ എങ്ങനെ ചെയ്യണമെന്നു മമ്മൂക്ക പറഞ്ഞു തന്നിട്ടുണ്ട്. തെറ്റിപ്പോകുന്ന സമയങ്ങളിൽ റീടേക്ക് എടുക്കേണ്ടി വരുമ്പോൾ മറ്റുള്ളവർ ദേഷ്യപ്പെട്ടിട്ടൊക്കെയുണ്ട്. സീനിയറായിട്ടുള്ള അഭിനേതാക്കളായിരുന്നു എല്ലാവരും. പുതിയ ആളായതുകൊണ്ടു തന്നെ സ്നേഹവും കരുതലും എല്ലാവരും എന്നോടു കാണിച്ചിരുന്നു.

‘ദാദാസാഹിബി’ൽ വിനയൻ സർ ഓകെ പറഞ്ഞ അന്നു തന്നെ ‘ദേവദൂതനി’ലേക്കും ഓഫർ വന്നിരുന്നു. അലീനയുടെ ക്യാരക്ടർ ചെയ്യാനായിരുന്നു, പക്ഷേ ദാദാസാഹിബിൽ ഓകെ പറഞ്ഞതു കൊണ്ട് അത് ചെയ്യാൻ പറ്റിയില്ല. അതിനു ശേഷമാണ് പറക്കുംതളികയിൽ ദിലീപേട്ടന്റെ നായികയായി വിളിച്ചത്. പക്ഷേ പൊക്കം കൂടുതലായതു കൊണ്ട് അത് നടന്നില്ല. പറക്കും തളികയുടെ തമിഴ് ചെയ്യാൻ വിവേക് സാറും എന്നെ വന്നു കണ്ടിരുന്നു. പക്ഷേ അവിടെയും ഉയരക്കൂടുതൽ കാരണം നടന്നില്ല.

athira-actress-2
ഭർത്താവിനൊപ്പം ആതിര

സിനിമ ഒരു ട്രാപ്പായിരുന്നു. ജീവിതത്തിന്റെ താളം തെറ്റി

സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുടുംബമായിരുന്നു എന്റേത്. പൈസ പറഞ്ഞു മേടിക്കാൻ പോലും അറിയില്ലായിരുന്നു. ഉദ്ഘാടനങ്ങൾക്കു പോയി വെറും പൂവും ഷേക്ക് ഹാൻഡും മാത്രം തന്നു വിട്ടിട്ടുണ്ട്. വണ്ടിക്കാശു പോലും തരാത്തവരുണ്ട്. അന്നതൊക്കെ എങ്ങനെ മേടിക്കണമെന്ന് പോലും എനിക്ക് അന്നറിയില്ലായിരുന്നു. ഏറെ ആഗ്രഹിച്ചാണ് സിനിമയിൽ വന്നത്. പക്ഷേ വളരെ അപ്രതീക്ഷിതമായ ചില കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചു.

athira-actress

പിടിച്ചു നിൽക്കാൻ കഴിയാത്ത വിധത്തിൽ  ജീവിതത്തെ താളംതെറ്റിച്ച ചില ദുരവസ്ഥകൾ സിനിമയിൽ നിന്നും എനിക്കുണ്ടായി. ആ അനുഭവങ്ങൾ ഇപ്പോഴും എന്റെ ഉള്ളിൽ കണ്ണീരായി കിടക്കുന്നുണ്ട്. 

athira-mammootty

സിനിമ ഒരു ട്രാപ്പാണ്. സ്ക്രീനിലോ സംസാരത്തിലോ കണ്ട മുഖമായിരുന്നില്ല പലർക്കും അടുത്തു സംസാരിക്കുമ്പോൾ. ചില മോശം കാര്യങ്ങൾ നമ്മളോട് നേരിട്ട് ചോദിക്കാനോ സംസാരിക്കാനോ അവർക്ക് യാതൊരു മടിയുമില്ലായിരുന്നു. സിനിമയിൽ ഒരുപാട് നല്ല ആൾക്കാരുമുണ്ട്. കുറച്ച് ആളുകൾ മാത്രമായിരുന്നു ഇത്തരക്കാർ.

പൊലീസ് കംപ്ലെയിന്റ് കൊടുക്കാമെന്നു വച്ചാൽ, സിനിമയിൽ മമ്മൂട്ടിയുടെ നായികയായി എന്നുള്ള വാർത്തകളൊക്കെ ഫോട്ടോ സഹിതം എല്ലാ മാധ്യമങ്ങളിലും വന്നിരുന്നു. ആളുകൾ എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. ആദ്യത്തെ ഒന്നു രണ്ടു ദിവസം കുഴപ്പമില്ലായിരിക്കും. പിന്നീടാണ് പലരും നമ്മളെ ഈ രീതിയിൽ സമീപിക്കുന്നത്. നമ്മൾ സ്വപ്നത്തിൽ കൂടി വിചാരിക്കാത്ത ആളുകൾ നമ്മുടെ അടുത്ത് ഇങ്ങനെ പെരുമാറുമ്പോൾ നമ്മൾ എന്തു ചെയ്യും എന്നറിയാത്ത അവസ്ഥയായി പോകും. 

athira-husband

എല്ലാവർക്കും അത് തരണം ചെയ്യാൻ പറ്റിയെന്നു വരില്ല.  ആത്മഹത്യയെക്കുറിച്ചു പോലും ഞാനന്ന് ചിന്തിച്ചിരുന്നു. ഒടുവിൽ എല്ലാം ഒറ്റയടിക്ക് ഇട്ടെറിഞ്ഞു പോരുകയായിരുന്നു. ആരും വിളിക്കാതിരിക്കാൻ എന്റെ ഫോൺ നമ്പർ വരെ ഞാൻ ഉപേക്ഷിച്ചു. പുറത്തിറങ്ങാൻ പോലും ഭയമായിരുന്നു. കുറച്ചു വർഷങ്ങളെടുത്തു സാധാരണ നിലയിലേക്കെത്താൻ. ഞാൻ ഇനിയും ഇത് തുറന്നു പറഞ്ഞില്ലെങ്കിൽ ഞാൻ എന്നോടു തന്നെ ചെയ്യുന്ന തെറ്റായിരിക്കുമെന്ന് തോന്നി. എത്രയോ പേർ ആ ട്രാപ്പുകളിൽ പെട്ട് വേറെ ഭാഷകളിൽ അഭിനയിച്ച് നശിച്ചു പോകുന്നു. പക്ഷേ എന്നെ ഈ ഫീൽഡിലേക്ക് കൊണ്ടു വന്നവരോട് എനിക്ക് നന്ദിയുണ്ട്, കാരണം ഇന്ന് പത്ത് പേര് എന്നെ തിരിച്ചറിയുന്നത് അതുകൊണ്ടാണ്. 

ഞാനും ആത്മഹത്യ ചെയ്തു പോയേനെ

ഇപ്പോൾ ഞാൻ നല്ല ഹാപ്പിയാണ്. ദൈവദൂതനെപ്പോലെ എന്റെ ജീവിതത്തിലേക്ക് വന്നയാളാണ് എന്റെ ഭർത്താവ്. ഞങ്ങൾ ബന്ധുക്കളായിരുന്നു. വിവാഹാലോചനകൾ വന്നു തുടങ്ങിയപ്പോൾ എന്നെ വിവാഹം കഴിക്കാമോയെന്നു ഞാൻ അങ്ങോട്ടു ചോദിക്കുകയായിരുന്നു. വേറെ ഒരാളായിരുന്നെങ്കില്‍ സിനിമയിലൊക്കെ അഭിനയിച്ചതു കൊണ്ട് എന്നെ ഒഴിവാക്കുമായിരുന്നു. പക്ഷേ ഞാനെന്താണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹം അന്നും ഇന്നും എന്നെ ചേർത്തുപിടിക്കുന്നുണ്ട്. അല്ലെങ്കിൽ ഞാനും ആത്മഹത്യ ചെയ്തു പോയേനെ. കാരണം അതിൽ നിന്നെല്ലാം നിർത്തി പോന്നെങ്കിലും സ്വാതന്ത്ര്യത്തോടെ ഇറങ്ങി നടക്കാൻ പറ്റാത്ത ഒരവസ്ഥ ഉണ്ടായിരുന്നു. തിരിച്ചു വന്നപ്പോൾ വീട്ടുകാർ കൂടെ നിന്നു. എല്ലാവരോടും തുറന്നു സംസാരിക്കാൻ പറ്റാത്ത ഒരവസ്ഥയുണ്ടായിരുന്നു. ഞാൻ വല്ലാതെ ഒതുങ്ങിപ്പോയിരുന്നു. കല്യാണം കഴിഞ്ഞ് കുട്ടികൾ ആയതിനുശേഷം അവർ സ്കൂളിൽ പോകാൻ തുടങ്ങിക്കഴിഞ്ഞാണ് ഞാൻ മാറിത്തുടങ്ങിയത്. അത്രയും കാലം  ഉൾവലിഞ്ഞു ജീവിക്കുകയായിരുന്നു. 

athira-daughter
മകൾക്കൊപ്പം ആതിര

കാറ്ററിങാണ് ഇപ്പോൾ ജീവിത മാർഗം

ഇരുപത്തി മൂന്നാമത്തെ വയസ്സിലായിരുന്നു കല്യാണം. മോൻ വൈഷ്ണവ്, ബിസിഎയ്ക്കു പഠിക്കുന്നു. മോൾ വരദ, പ്ലസ്ടുവിന് പഠിക്കുന്നു. ഭർത്താവ് കാറ്ററിങ് ഫീൽഡിലാണ് ജോലി. മോളുണ്ടായി ആറു മാസം കഴിഞ്ഞപ്പോൾ മുതൽ ഞാനും കാറ്ററിങ്ങ് ഫീൽഡിലേക്കിറങ്ങി. ഇതിനിടയ്ക്ക് ബ്യൂട്ടീഷൻ കോഴ്സും പഠിച്ചു. വീട്ടിലിരുന്ന് വർക്ക് ചെയ്തു കൊടുക്കാറുണ്ട്. ഇനി വലിയ മോഹങ്ങളൊന്നുമില്ല. ആരെയും കുറ്റപ്പെടുത്താതെ സമാധാനമായിട്ട് മുന്നോട്ട് പോണം എന്നു മാത്രമേയുള്ളൂ. 

English Summary:

Chat With Dada Sahib Actor Athira

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com