ADVERTISEMENT

കുടുംബചിത്രങ്ങളാണ് എന്നും തന്റെ ശക്തിയെന്നും ചില സിനിമകൾ തിരഞ്ഞെടുത്തപ്പോൾ പാളിച്ചകൾ സംഭവിച്ചെന്നും മലയാളികളുടെ പ്രിയ നടൻ ജയറാം. കഴിഞ്ഞ മുപ്പതു കൊല്ലങ്ങൾക്കിടയിൽ ഒരുപാട് കുടുംബചിത്രങ്ങൾ ചെയ്തെന്നും അത്തരം സിനിമകൾ ചെയ്യുന്നതാണ് തനിക്കിഷ്ടമെന്നും ചില തിരഞ്ഞെടുപ്പുകൾ പക്ഷേ പാളിപ്പോയെന്നും അദ്ദേഹം പറഞ്ഞു. മനോരമ ഒാൺലൈനിന്റെ പ്രത്യേക അഭിമുഖ പരമ്പരയായ ഐമീമൈസെൽഫിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. 

 

കുടുംബചിത്രങ്ങളാണോ ജയറാമിന്റെ ശക്തി ?

jayaram-1

 

കഴിഞ്ഞ 30 വർഷക്കാലം ഏറ്റവും കൂടുതൽ കുടുംബ സിനിമകൾ ചെയ്തിട്ടുള്ളത് ഞാനായിരിക്കും എന്നാണ് തോന്നുന്നത്. അതെന്തു കൊണ്ടാണെന്നു ചോദിച്ചാൽ മന:പൂർവമല്ല എന്നു മാത്രമെ പറയാൻ കഴിയൂ. എന്നെ തേടി അത്തരം സിനിമകൾ അധികം വന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഞാനേറ്റവും വലിയ ഭാഗ്യമായി കരുതുന്നതും അതാണ്. ഞാൻ സിനിമയിലെത്തിയ 80–ന്റെ അവസാനകാലം അല്ലെങ്കിൽ 1990–കൾ എന്നൊക്കെ പറയുന്നത് സിനിമയുടെ ഏറ്റവും നല്ല കാലമായിരുന്നു. 

 

മനുഷ്യബന്ധങ്ങളുടെ വില എടുത്തു പറഞ്ഞിരുന്ന ഒരുപാട് സിനികൾ അക്കാലത്ത് ഇറങ്ങി. അത്തരം ഒരുപാട് സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു എന്നതാണ് തിരിഞ്ഞു നോക്കുമ്പോൾ എനിക്കു കിട്ടുന്ന സന്തോഷം.  ഇത്തരം സിനിമകൾ ചെയ്യുമ്പോൾ ഞാൻ വളരെ കംഫർട്ടബിളാണ്. നമുക്ക് പറ്റുന്ന കഥാപാത്രം ഇഷ്ടപ്പെട്ട് ചെയ്യുമ്പോഴാണ് സിനിമ നന്നാവുന്നത്. സിനിമ ഓടുന്നതും ഓടാതിരിക്കുന്നതും നമ്മുടെ കയ്യിലല്ല. അതൊക്കെ ദൈവം തീരുമാനിക്കും അല്ലെങ്കിൽ ജനങ്ങൾ തീരുമാനിക്കും. പക്ഷേ നമ്മൾ നല്ല സിനിമ ചെയ്തു എന്നൊരു മനസ്സന്തോഷമില്ലേ അതാണ് വലുത്. 

 

പെരുമ്പാവൂര് ഞാൻ കണ്ടിട്ടുളള ഒരാൾ തന്നെയാണ് സന്ദേശത്തിലെ കെ.ആർ.പി. ആരാണെന്നു മാത്രം ചോദിക്കരുത് ഞാൻ പറയില്ല

പക്ഷേ ഇടക്കാലത്ത് ജയറാമിനു ചെറുതായി വഴി തെറ്റിയില്ലേ ?

 

പിൽക്കാലത്ത് ചില പാളിച്ചകളുണ്ടായി. സിനിമകൾ മാറിപ്പോയതു കൊണ്ടല്ല, മറിച്ച് ഞാൻ തിരഞ്ഞെടുത്തതിൽ തെറ്റൊക്കെ വന്നിട്ടുണ്ട്. എനിക്കു തന്നെ ആവശ്യമില്ലായിരുന്നുവെന്ന് തോന്നിയിട്ടുള്ള കുറേ സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. പക്ഷേ പിന്നെയും എന്നെ തേടി നല്ല സിനിമകൾ വന്നു കൊണ്ടേയിരുന്നു. അതിനുദാഹരണമാണ് പഞ്ചവർണത്തത്തയും ലോനപ്പന്റെ മാമോദീസയും ഒക്കെ.

 

സാങ്കേതികമായും അല്ലാതെയും സിനിമ ഒരുപാട് മാറിയോ ?

 

സിനിമയിൽ ദിവസവും പുതിയ എത്രയോ പേർ വരുന്നു. സമൂഹമാധ്യമങ്ങൾ ഒരുപാട് വളര്‍ന്നതുകൊണ്ട് ഒരു വിഡിയോ ഒക്കെ ലോകം മുഴുവൻ എത്തിക്കാൻ നിമിഷങ്ങൾ മതി. അതൊക്കെ വലിയ വലിയ വളർച്ചകളാണ്. ഈ വളർച്ചകളൊക്കെ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതാണ്. പിന്നെ സാങ്കേതികമായിട്ട് സിനിമ ഒരുപാട് വളരുന്നു. വലിയ വലിയ സിനിമകൾ ഉണ്ടാവുന്നു. അതിന്റെയൊരു ഭാഗമായിട്ട് പോകാൻ പറ്റുന്നു എന്നതു തന്നെ വലിയൊരു ഭാഗ്യമാണ്. കാലഘട്ടത്തിനനുസരിച്ച് നമ്മളും അതിന്റെ കൂടെ യാത്ര ചെയ്യുകയാണ്.

 

സിനിമയുടെ മാറ്റങ്ങളൊക്കെ വളരെ നല്ലതാണ് പക്ഷേ അതിന്റെ കൂടെ നമ്മുടേതായിട്ടുള്ള ബന്ധങ്ങള്‍ പറയുന്ന അതായത് നമ്മുടെ സംസ്കാരത്തിൽ നിന്നുകൊണ്ട് ബന്ധങ്ങൾ പറയുന്ന സിനിമയുടെ ഭാഗമാകുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഭയങ്കര സന്തോഷം തരുന്ന കാര്യമാണ്. ഞാൻ അത്തരം സിനിമകളാണ് കൂടുതലും തിരഞ്ഞെടുക്കുന്നത്. 

 

സിനിമയിലെ കാളിദാസന്റെ വളർച്ചയിൽ ജയറാമിനുള്ള പങ്ക് ? 

 

എല്ലാവർക്കും അവരുടെ മക്കൾ വിലപ്പെട്ടതാണ്. ഒരച്ഛനെന്ന നിലയിൽ എനിക്കും അങ്ങനെ തന്നെയാണ്. കണ്ണന് പക്ഷേ, ജയറാമിന്റെയും പാർവതിയുടെയും മകനാണെന്ന േലബലിൽ ഒരു ചാൻസ് ചോദിച്ച് വാങ്ങേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. അവന്റെ ആദ്യത്തെ സിനിമ പോലും അഭിനയിക്കേണ്ട ഒരു കുട്ടി  ശരിയാകാതെ വന്നപ്പോൾ സത്യൻ അന്തിക്കാട് അവനെ കൊണ്ട് ചെയ്യിച്ചതാണ്. അടുത്ത സിനിമയും അവൻ തന്നെ കഥകേട്ട് അവൻ തന്നെ ചെയ്ത് ദേശീയ അവാർ‍ഡൊക്കെ മേടിച്ചു. 

 

വലുതായ ശേഷം വന്ന പൂമരം എന്ന സിനിമയും അവൻ തന്നെ തിരഞ്ഞെടുത്തതാണ്. മദ്രാസിലാണ് കണ്ണൻ പഠിച്ചു വളർന്നതൊക്കെ. അതുകൊണ്ടു തന്നെ മഹാരാജാസ് കോളജിലെ ഒരു എസ്എഫ്ഐ വിദ്യാർഥിയുടെ മലയാള ഭാഷ എത്ര കൃത്യമായിരിക്കണം, എങ്ങനെയായിരിക്കണം, ബോഡി ലാംഗ്വേജ് എങ്ങനെയായിരിക്കണം, അവന്റെ ആറ്റിറ്റ്യൂഡ് എങ്ങനെയായിരിക്കണം എന്നൊക്കെ മഹാരാജാസ് കോളജിൽ ആറു മാസം നിന്ന് നടന്ന് അവനെ പഠിപ്പിച്ചെടുത്തത് എബ്രിഡ് ഷൈനാണ്. അതുകൊണ്ടാണ് പൂമരം പോലെയൊരു മനോഹരമായിട്ടുള്ള കവിത പോലെയൊരു സിനിമ അവന് ചെയ്യാൻ സാധിച്ചത്. ഞാനായിട്ട് അവന് കൂടുതലൊന്നും പറഞ്ഞു കൊടുത്തിട്ടില്ല. കുട്ടിക്കാലം തൊട്ട് അവന്റെ മനസ്സിൽ സിനിമ മാത്രമേയുള്ളൂ. അവന്റെ വഴികൾ അവൻ തന്നെയാണ് തിരഞ്ഞെടുക്കുന്നത്‌. പക്ഷേ എന്തെങ്കിലുമൊക്കെ ചെറിയ ചെറിയ കാര്യങ്ങൾ ഉണ്ടെങ്കിൽ എന്റടുത്ത് ചോദിക്കാറുണ്ട്. അത് ഞാൻ പറഞ്ഞു കൊടുക്കാറുമുണ്ട്. 

 

എന്തു കൊണ്ടാണ് ജയറാം നിർമാണ രംഗത്തേക്കൊന്നും കടക്കാത്തത് ?

 

നമ്മുടെ സന്തോഷങ്ങൾ നമ്മൾ തന്നെ കണ്ടെത്തണം. സിനിമയില്ലാത്ത ഇടവേളകളിൽ കിട്ടുന്ന സമയത്തെ എന്റെ സന്തോഷങ്ങൾ ഞാൻ തന്നെയാണ് കണ്ടെത്തുന്നത്. എനിക്ക് വേറൊരു ബിസിനസ്സോ ഒന്നുമില്ല. അതിനു സാധിക്കുകയുമില്ല. ഈ ചെണ്ടയും ആനയും ഒക്കെയാണ് എന്റെ ഇഷ്ടങ്ങൾ. ഏതെങ്കിലുമൊരു ഉത്സവപ്പറമ്പിൽ മേളം കേൾക്കാൻ പോവുക, ഉത്സവം കാണാൻ പോവുക ഇതൊക്കെത്തന്നെയാണ് സിനിമയിൽ വരുന്നതിനു മുമ്പും ഇപ്പോഴും എന്റെ ഇഷ്ടങ്ങൾ. 

 

ജയറാം ഒാരോ കാര്യങ്ങൾ പറയുന്നത് അതിശയോക്തി കലർത്തിയാണെന്ന് ഒരിക്കൽ നടൻ സിദ്ദിഖ് പറഞ്ഞിട്ടുണ്ട്. സത്യമാണ‌ോ ? 

 

സിനിമയിലെ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സിദ്ദിഖ്. ഞങ്ങൾ തമ്മിൽ കൂടുമ്പോൾ തമാശകളൊക്കെ ഉണ്ടാവാറുണ്ട്. ഒരു കാര്യം പറയുമ്പോൾ അതിൽ അതിശയോക്തിയൊക്കെ കലർത്തിയാണ് ഞാൻ സംസാരിക്കാറുള്ളത്. പെരുമ്പാവൂരിൽ ഞാൻ പഠിച്ച സ്കൂളിൽ അവധി കഴിഞ്ഞ് ക്ലാസ്സിൽ ചെല്ലുമ്പോൾ ടീച്ചർ വിളിച്ചിട്ട് ചോദിക്കും. അവധിക്കാലത്ത് എവിടെയൊക്കെ പോയിരുന്നു എന്ന്. അപ്പോൾ ഞാൻ അച്ഛനുമമ്മയുമായി ഓരോ സ്ഥലങ്ങളിലൊക്കെ പോയിരുന്നു എന്ന് പറയുമ്പോൾ അത് കുട്ടികൾക്കൊന്നു വിവരിച്ചു കൊടുക്കൂ എന്ന് ടീച്ചർ പറയും. ഞാൻ പോയപ്പോൾ കണ്ടത് ഒരാനയോ രണ്ടാനെയോ ഒക്കെ ആയിരിക്കും. പക്ഷേ പറയുമ്പോൾ അതു ഞാൻ കുറച്ചു കൂട്ടി പറയും. എന്റെ മക്കളോടും ഞാനിങ്ങനെയാണ് പറയാറ്. കുറച്ച് പൊടിപ്പും തൊങ്ങലുമൊക്കെ വച്ച്  ഒരു പത്താന അങ്ങനെ വരുന്നു എന്നൊക്കെ പറഞ്ഞു തുടങ്ങും. അങ്ങനെ കുറച്ച് ‌അതിശയോക്തി കലർത്തി പറഞ്ഞാലേ കേൾവിക്കാരനും ഒരു സന്തോഷം ഉണ്ടാവൂ. അതാണ് സിദ്ധിക്ക് അങ്ങനെ പറഞ്ഞത്. 

 

സന്ദേശത്തിലെ കെ.ആർ.പി ഒക്കെ ഇക്കാലത്ത് ട്രോളിലും സമൂഹമാധ്യമങ്ങളിലും തരംഗമാണ്. ആ കഥാപാത്രത്തെ ജയറാം എങ്ങനെയാണ് ഒാർക്കുന്നത് ?

 

ശ്രീനിവാസൻ കാലഘട്ടത്തെ അതിജീവിച്ച പ്രതിഭയാണ്. 25 വർഷമായിട്ടും ആ സിനിമയെയും കഥാപാത്രത്തെയും ആളുകൾ ചർച്ച ചെയ്യുന്നു എന്ന് പറയുന്നത് വലിയൊരു കാര്യം തന്നെയാണ്. അദ്ദേഹത്തെപ്പോലൊരു എഴുത്തുകാരന്‌ മാത്രമേ അതു സാധിക്കൂ. പിന്നെ ആ കഥാപാത്രത്തെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ നൂറ് ശതമാനം ഉണ്ട് എന്നു പറയും. പെരുമ്പാവൂര് ഞാൻ കണ്ടിട്ടുളള ഒരാൾ തന്നെയാണ് കെ.ആർ.പി.  ആരാണെന്നു മാത്രം ചോദിക്കരുത് ഞാൻ പറയില്ല. ഖദറും ഖദറും ഇട്ട് എല്ലാ ദിവസവും രാവിലെ ഞാൻ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. ഖദറിൽ ഒരു കീറലും പോക്കറ്റിൽ പഴയ ഒരു രൂപയുടെയോ രണ്ട് രൂപയുടെയോ നോട്ടും കുറച്ച് കടലാസുകളും വച്ച് കാലത്ത് വളരെ ധൃതിയില്‍ മൂപ്പര് അങ്ങോട്ട് പോകുന്നത് കാണാം. കുറച്ചു കഴിയുമ്പോൾ തിരിച്ച് വളരെ വേഗത്തിൽ ഇങ്ങോട്ട് വരുന്നതും കാണാം. എന്തെങ്കിലും കാര്യമുണ്ടോ എന്നു ചോദിച്ചാൽ ഒരു കാര്യവുമില്ല. കെ.ആർ.പി എന്ന കഥാപാത്രം ചെയ്യുമ്പോൾ ഇദ്ദേഹമായിരുന്നു മനസ്സിൽ. 

 

സിനിമയിൽ നിന്ന് നേടാനുള്ളതൊക്കെ നേടി എന്ന് ജയറാം കരുതുന്നുണ്ടോ ?

 

യേശുദാസിന്റെ ഗാനമേള കേൾക്കാൻ പോയിട്ട് അദ്ദേഹം മൈക്കിലൂടെ പാടുന്നതിങ്ങനെ ദൂരെ നിന്ന് നോക്കിനിൽക്കാറുണ്ടായിരുന്നു ഞാൻ. ദൈവമേ ഈ ശബ്ദം എവിടെ നിന്നാണ് വരുന്നതെന്ന് അന്ന് ഞാൻ ഒാർത്തിട്ടുണ്ട്. ആ ശബ്ദത്തിൽ നൂറുകണക്കിന് പാട്ടുകൾ പാടി അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായി എനിക്ക്. മമ്മൂട്ടിയേയും മോഹൻലാലിനെയുമൊക്കെ ദൂരെ നിന്ന് ആരാധിച്ചിരുന്ന ആളാണ് ഞാൻ. അതിനുശേഷം അവരുടെ കൂടെ വന്ന് അവരുണ്ടായിരുന്ന കാലഘട്ടത്തിൽ തന്നെ മുപ്പതു വർഷം അവരുടെ കൂടെയൊക്കെ യാത്ര ചെയ്യാൻ കഴിഞ്ഞില്ലേ. ഇന്നും മമ്മൂട്ടിയേയും മോഹൻലാലിനെയുമൊക്കെ അടുത്ത് കാണുമ്പോൾ എനിക്ക് അതിശയം തന്നെയാണ്. അതൊന്നും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണ്. 

 

കോളജിൽ പഠിക്കുന്ന കാലത്ത് എന്റെ മുറിയിൽ കമലഹാസന്റെ ഫോട്ടോ ഒട്ടിച്ചിരുന്നതാണ്. ആ കമലാഹാസനോടൊപ്പം അഭിനയിക്കാൻ പറ്റിയില്ലേ ? അതിനെക്കാളുപരി ഏറ്റവും മികച്ച നടന്മാർ മലയാള സിനിമയിൽ ഉണ്ടായിരുന്ന കാലഘട്ടമാണ് കഴിഞ്ഞ പത്തു മുപ്പത് വര്‍ഷം എന്നു പറയുന്നത്. ഒരു കുതിരവട്ടം പപ്പുവും ഒരു മാമുക്കോയയും ഒരു ഇന്നസെന്റ് ചേട്ടനും ജഗതി ചേട്ടനും ഒടുവിൽ ഉണ്ണികൃഷ്ണനെപ്പോലെയും നെടുമുടി വേണുവിനെപ്പോലെയും ഒക്കെ തകർപ്പൻ ഒരു താരനിര ഉണ്ടായിരുന്നപ്പോൾ അവരുടെ കൂടെയൊക്കെ അഭിനയിച്ചില്ലേ ഇതിൽക്കൂടുതൽ എന്താണ് വേണ്ടത് !

 

കമലഹാസനെക്കുറിച്ച് ഒരു സുഹൃത്തെന്ന നിലയിൽ ?

 

അദ്ദേഹം സിനിമയ്ക്കു വേണ്ടി മാത്രം ജീവിക്കുന്ന ഒരു മനുഷ്യനാണ്. മറ്റു കാര്യങ്ങൾ ഒന്നും എന്നോട് ചോദിക്കരുത്. രാഷ്ട്രീയപരമായ ഒരു കാര്യങ്ങളും എനിക്കറിയില്ല. സിനിമയുടെ ഒരു എൻസൈക്ലോപീഡിയ ആണ് അദ്ദേഹം. ഒരു യൂണിവേഴ്സിറ്റി പോലെയാണ്. അറിയാത്ത കാര്യങ്ങൾ ഒന്നും തന്നെയില്ല. രണ്ടര വയസ്സുതൊട്ട് അഭിനയിക്കാൻ തുടങ്ങിയതാണ്. കൈക്കുഞ്ഞായിരിക്കുന്ന സമയത്ത് എവിഎമ്മിൽ വന്ന് അഭിനയിച്ചിട്ടുള്ള ആളാണ്. ഇന്നും എവിഎമ്മിൽ  അദ്ദേഹം ആദ്യം അഭിനയിച്ചപ്പോൾ വച്ചൊരു മരമുണ്ട്. അതിന്റെ പേര് കമലാഹാസൻ എന്നാണ്. ആ മരത്തിന് ഇപ്പോൾ 50 വയസ്സു കഴിഞ്ഞു. അദ്ദേഹം അഭിനയിക്കാൻ വന്നപ്പോൾ വച്ചതാണ്. 

 

അഭിനയത്തിൽ 50 വർഷം തികയ്ക്കുക എന്നു പറയുന്നതൊരു വലിയ കാര്യമാണ്. ചെയ്യാത്ത വേഷങ്ങളില്ല. ഏതൊരു നടനും ഒരു കഥാപാത്രം ചെയ്തു കഴിഞ്ഞാൽ അത് കമലാഹാസൻ 15 വർഷങ്ങൾക്കു മുമ്പ് ചെയ്തിട്ടുണ്ടാകും. ‌എല്ലാ കാര്യങ്ങളെക്കുറിച്ചും നല്ല അറിവാണ്. നല്ല മേക്കപ്പ്മാനാണ്, നല്ല ഫൈറ്റ് മാസ്റ്ററാണ്, നല്ല ഫൊട്ടോഗ്രാഫറാണ്, നല്ല റൈറ്ററാണ് എത്ര ഭാഷ സംസാരിക്കുമെന്നറിയാമോ അത്ര വലിയ പഠിപ്പൊന്നുമില്ല, പക്ഷേ അദ്ദേഹം ഒരുപാട് വായിക്കും ഒരുപാട് അറിവുണ്ട്. 

 

മക്കൾ ഇഷ്ടപ്പെടുന്ന സിനിമകൾ ?

 

ഞാൻ അഭിനയിച്ച 90 ശതമാനത്തോളം സിനിമകളും എന്റെ മക്കൾ കണ്ടിട്ടുണ്ട്. അത്തരം സിനിമകളെ ഇഷ്ടപ്പെടുന്നവരാണ് കണ്ണനൊക്കെ. കാലഘട്ടം മാറി ന്യൂജെൻ സിനിമകളൊക്കെ വന്നെങ്കിൽപ്പോലും ഇപ്പോഴും പഴയ സിനിമകള്‍, മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പഴയ സിനിമകൾ വരുമ്പോൾ അതാണ് അവൻ ഇപ്പോഴും ഇരുന്ന് കാണുന്നത്. അപ്പാ മോഹൻലാൽ, മമ്മൂട്ടി അവരുടെയൊക്കെ പഴയ കുറെ സിനിമകൾ എടുത്തു വച്ചാൽ അത് കണ്ട് പഠിച്ചാൽ തന്നെ വലിയ നേട്ടമാണെന്ന് അവൻ പറയാറുണ്ട്. 

 

ജയറാമിന് ദൈവം കരുതി വെച്ചത് അഭിനയം തന്നെയാണെന്ന് വിശ്വസിക്കുന്നുണ്ടോ ?

 

ഓരോരുത്തരും എന്താവണമെന്നുള്ളത് അവനവനിൽ തന്നെ ദൈവം പറഞ്ഞു വച്ചിട്ടുണ്ട്. അത് കണ്ടെത്തുക എന്നതാണ് ഏറ്റവും വലിയ കാര്യം. ഞാൻ മെഡിക്കല്‍ റെപ്രസന്റേറ്റീവായിരുന്നു അതുകഴിഞ്ഞൊരു കെമിക്കൽ കമ്പനിയുടെ മാർക്കറ്റിങ് എക്സിക്യൂട്ടീവായിരുന്നു. ജോലിക്കു പോകുന്ന സമയത്ത് വൈകുന്നേരം ആ ടൈയും ബാഗും അഴിച്ചു വച്ചിട്ട് അങ്ങനെ തന്നെ മിമിക്രിക്ക് കലാഭവനിൽ പോകുമായിരുന്നു. പിന്നെ റേഡിയോ നാടകങ്ങളുടെ അനൗൺസ്മെന്റിന് പോകുമായിരുന്നു. 

 

രാഷ്ട്രീയക്കാരുടെ മൈക്ക് അനൗൺസ്മെന്റിന് പോകുമായിരുന്നു. ലോട്ടറി ടിക്കറ്റിന്റെ അനൗൺസ്മെന്റിന് പോകുമാ യിരുന്നു. പല നാടകങ്ങൾക്കും ശബ്ദം കൊടുത്തിട്ടുണ്ട്. അങ്ങനെ ഒരുപാട് ജോലികൾ ഞാൻ ചെയ്തു. ഇതൊക്കെ ചെയ്യുമ്പോഴും എനിക്ക് തോന്നുമായിരുന്നു. ഇതൊന്നും അല്ലല്ലോ എന്റെ ജോലി വേറെന്തോ എനിക്കുണ്ടല്ലോ എന്ന്. പക്ഷേ സിനിമയാണെന്ന് എനിക്കു തോന്നിയിരുന്നുമില്ല. 

 

അച്ഛന്റെ സിനിമയും മകന്റെ സിനിമയും ഒരേ കാലയളവിൽ എത്തുന്നു. നിങ്ങൾ തമ്മിൽ ഒരു ‘സൗഹൃദ മത്സരം’ ഉണ്ടോ ?

 

വീട്ടിൽ ഞങ്ങൾ നാലുപേരും ആണ് ഏറ്റവും വലിയ കൂട്ടുകാർ. കണ്ണന്റെ ഏറ്റവും വലിയ ഫ്രണ്ട് ചിലപ്പോൾ ഞാനായിരിക്കാം. എന്റെ ഏറ്റവും വലിയ ഫ്രണ്ടാണ് അശ്വതി. അശ്വതിയുടെ ഏറ്റവും വലിയ ഫ്രണ്ട് ചക്കി മോളാണ്. അങ്ങോട്ടും ഇങ്ങോട്ടും ഞങ്ങൾ വളരെ രസകരമായ തമാശകളും കാര്യങ്ങളും പങ്കുവയ്ക്കാറുണ്ട്. എന്റെയും കണ്ണന്റെയും സിനിമകളിലെ പാട്ടുകൾ വന്നത് അടുപ്പിച്ചാണ്. ഞാൻ കണ്ണനോടു ഇടയ്ക്കു പറയും, നോക്കാം നമുക്ക് ആരുടെ പാട്ടാ ഗംഭീരമാവുന്നതെന്ന് എന്നൊക്കെ. ഇതൊക്കെ അങ്ങോട്ടുമിങ്ങോട്ടുമുള്ള വെറും തമാശകളാണ്. എല്ലാ സിനിമകളും നന്നായി വരട്ടെ. അതാണ് പ്രാർത്ഥന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com