ADVERTISEMENT

റിലീസിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പായ ‘വർമ’ വീണ്ടും ചിത്രീകരിക്കാനൊരുങ്ങി നിര്‍മാതാക്കള്‍. നിലവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ നിര്‍മാതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ചിത്രം വീണ്ടും നിര്‍മിക്കാന്‍ തീരുമാനിച്ചത്. നിർമാതാക്കളായ ഇ ഫോര്‍ എന്റര്‍ ടെയിന്‍മെന്റ് പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

 

വിക്രത്തിന്റെ മകന്‍ ധ്രുവ് വിക്രം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വര്‍മ’യുടെ സംവിധായകന്‍ ദേശീയ പുരസ്‌കാര ജേതാവായ ബാലയായിരുന്നു. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം സിനിമയുടെ നിലവാരം പോരെന്ന് വിലയിരുത്തിയ നിര്‍മാതാക്കളായ ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, പുതിയ അണിയറപ്രവര്‍ത്തകരെ വെച്ച് ചിത്രം വീണ്ടും നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ചിത്രത്തില്‍ നിന്ന് ബാല പുറത്താകും. എന്നാല്‍ പുതിയ ചിത്രത്തിലും ധ്രുവ് വിക്രം തന്നെയായിരിക്കും നായകന്‍.

 

VARMAA Official Trailer | Dhruv Vikram | Director Bala | Megha | Varma Tamil Movie 2019

‘ചിത്രത്തിന്റെ നിലവാരത്തില്‍ ഞങ്ങള്‍ തൃപ്തരല്ല. ഇത് പ്രദര്‍ശിപ്പിക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു’- നിര്‍മാതാക്കള്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. പുതിയ ചിത്രം 2019 ജൂണില്‍ തിയ്യേറ്ററുകളിലെത്തുമെന്നും പത്രക്കുറിപ്പില്‍ പറയുന്നുണ്ട്.

Arjun Reddy Movie Theatrical Trailer | Vijay Deverakonda | Shalini | Radhan | Bhadrakali Pictures

 

വലിയ ധനനഷ്ടമുണ്ടായെങ്കിലും അര്‍ജുന്‍ റെഡ്ഡി തമിഴില്‍ കാണണമെന്ന് ഇപ്പോഴുമുണ്ടെന്നും ധ്രുവിനെ തന്നെ നായകനാക്കി പുതിയ തമിഴ് പതിപ്പ് ജൂണിലിറങ്ങുമെന്നും നിർമാതാക്കൾ അറിയിച്ചു. സംവിധായകനെ കൂടാതെ താരനിരയും പുതിയതായിരിക്കും. സിനിമയുടെ പ്രിവ്യു കണ്ടതിനു ശേഷമായിരുന്നു ഈ തീരുമാനം.

 

നേരത്തെ ബാല സംവിധാനം ചെയ്ത വർമയുടെ ആദ്യ ടീസർ സമൂഹമാധ്യമങ്ങളിൽ വിമർശനം ഏറ്റുവാങ്ങിയിരുന്നു. വിജയ് ദേവരക്കൊണ്ടയെ പകരം വെയ്ക്കാൻ ആർക്കും കഴിയില്ലെന്നാണ് ടീസറിനു വന്ന പ്രതികരണങ്ങൾ. എന്നാൽ പിന്നീട് റിലീസ് ചെയ്ത ടീസർ പ്രതീക്ഷകൾ സൃഷ്ടിക്കുന്നതും. ധ്രുവിനെ സ്‌ക്രീനില്‍ കാണാന്‍ ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിലായിരുന്നു ആരാധകരും. 

 

മേഘ ചൗധരി, ഈശ്വരി റാവു, റെയ്‌സാ വില്‍സണ്‍, ആകാശ് പ്രേം കുമാര്‍ എന്നിവരായിരുന്നു വര്‍മയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത് രാധന്‍ ആയിരുന്നു. എം.സുകുമാര്‍ ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹകന്‍. ധ്രുവിനെ കൂടാതെ പുതിയ ചിത്രത്തില്‍ ആരൊക്കെ ഉണ്ടാവും എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും പുറത്തു വിട്ടിട്ടില്ല.

 

മലയാളത്തില്‍ ഗോദ, എസ്ര തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചവരാണ് ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്.  

 

സന്ദീപ് റെഡ്ഢി ആദ്യമായി സംവിധാനം ചെയ്ത അർജുൻ റെഡ്ഢി തെലുങ്കിലെ സ്ഥിരം ക്ലീഷെ സിനിമകൾക്കുള്ള മറുപടി കൂടിയായിരുന്നു. വിജയ് ദേവരകൊണ്ടയുടെ പ്രകടനവും ചിത്രത്തിന് മുതൽക്കൂട്ടായി. അഞ്ചു കോടി മുതല്‍ മുടക്കിലെടുത്ത ചിത്രം ബോക്സ് ഓഫീസില്‍ അറുപത്തിയഞ്ചു കോടി ലാഭം കൊയ്തിരുന്നു.

 

ഹിന്ദിയിലും ചിത്രം റീമേയ്ക്കിനൊരുങ്ങുകയാണ്. സന്ദീപ് റെഡ്ഢി തന്നെ സംവിധായകനാകുന്ന സിനിമയിൽ ഷാഹിദ് കപൂർ ആണ് നായകൻ. കബീർ സിങ് എന്നാണ് ഹിന്ദിയിൽ സിനിമയുടെ പേര്. കൈര അദാനി നായികയാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com