ADVERTISEMENT

തമിഴ് സൂപ്പര്‍താരം വിക്രത്തെ നായകനാക്കി ആര്‍.എസ്. വിമല്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം മഹാവീര്‍ കര്‍ണയ്ക്ക് തുടക്കം. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഹൈദരാബാദ് റാമോജി ഫിലിംസിറ്റിയില്‍ ആരംഭിച്ചു. ചിത്രീകരണം തുടങ്ങിയ വിവരം വിമൽ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകരെ അറിയിച്ചത്.

 

mahavir-karna-vikram-1

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ റാമോജിയിലാണ് ഉള്ളത്. വിക്രമിനൊപ്പമുള്ള സംവിധായകന്‍ വിമലിന്റെയും എഡിറ്റര്‍ ഷമീര്‍ മുഹമ്മദിന്റെയും ഛായാഗ്രാഹകന്‍ സതീഷ് കുറുപ്പിന്റെയും ചിത്രവും പുറത്തു വന്നിട്ടുണ്ട്. ചിത്രത്തിനായി ഒരുക്കുന്ന 30 അടി ഉയരമുള്ള രഥത്തില്‍ ഉപയോഗിക്കുന്ന കൂറ്റന്‍ മണി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുനടയില്‍ പൂജിച്ച ശേഷം ഹൈദരാബാദിലേക്ക് കൊണ്ടു പോയിരുന്നു.

mahavir-karna-vikram-2

 

അതേസമയം വിക്രമിനെ കൂടാതെ ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളും സിനിമയില്‍ അണിനിരക്കുന്നതായി വാര്‍ത്തയുണ്ട്. എന്നാല്‍ ഇതാരൊക്കെയാണെന്നതിനെ പറ്റി സ്ഥിരീകരണമൊന്നും വന്നിട്ടില്ല. അതേസമയം ഹോളിവുഡിലെ ഒരു സൂപ്പര്‍താരം ഭീമനായി അഭിനയിക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇന്ദ്രൻസ് സിനിമയിലൊരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്.

 

കഴിഞ്ഞ രണ്ട് വർഷത്തിനിടെ എട്ടുതവണ കർണന്റെ തിരക്കഥ മാറ്റിയെഴുതിയിരുന്നെന്ന് വിമൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.  റാമോജി ഫിലിം സിറ്റി, ജയ്പൂർ, കാനഡ എന്നിവിടങ്ങളാണ് ലൊക്കേഷൻസ്.

 

പൃഥ്വിരാജിനെ നായകനാക്കി മൂന്നുവർഷം മുമ്പ് പ്രഖ്യാപിച്ച പ്രോജക്ട് ആണ് കർണൻ. പിന്നീട് നിർമാതാവും നായകനും പിന്മാറിയതോടെ സിനിമ മുടങ്ങിയെന്ന് ഏവരും കരുതി. എന്നാൽ മലയാളസിനിമാലോകത്തെ തന്നെ ഞെട്ടിച്ചായിരുന്നു വിക്രം നായകനാകുന്ന മഹാവീർ കർണന്റെ പ്രഖ്യാപനുമായി വിമൽ എത്തിയത്.

 

ന്യൂയോർക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് ചിത്രം നിർമിക്കുന്നത്. 300 കോടിയാണ് ബജറ്റ്. 32 ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും.

 

ചിത്രത്തെക്കുറിച്ച് ആർ.എസ് വിമല്‍ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ നിന്നും: കർണൻ രാജ്യാന്തര  സിനിമയാണ്. മഹാഭാരതമാണ് പ്രമേയം. കർണനിലൂടെ മഹാഭാരത കഥ അവതരിപ്പിക്കുന്നു. കേരളവുമായി‌ ഈ സിനിമയ്ക്ക് നിലവിൽ ഒരു ബന്ധവുമില്ല. ഹിന്ദിയിലും തമിഴിലുമായാകും സിനിമ പുറത്തിറങ്ങുക. 'മഹാവീർ കർണ' എന്നാണ് പേര്. മലയാളത്തിൽ ചെറിയ രീതിയിൽ ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു കർണൻ. അതിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഈ ചിത്രം. നിർമാതാവിന്റേയും കൂടി താൽപര്യത്തിനനുസരിച്ചാണ് ഒരു രാജ്യാന്തര നിലവാരത്തിൽ ഈ ചിത്രം എടുക്കാൻ തീരുമാനിച്ചത്. 

 

വിക്രത്തെ കൂടാതെ ബോളിവുഡിൽ നിന്നുളള താരങ്ങളും ഹോളിവുഡ് ടെക്നീഷ്യൻസും സിനിമയിൽ പ്രവർത്തിക്കുന്നുണ്ട്. അത് പിന്നീട് അറിയിക്കുന്നതായിരിക്കും. വിക്രം ആണ് അഭിനയിക്കുന്നതെന്ന് മാത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഹിന്ദിയിലെ പ്രമുഖ താരങ്ങളും ഹോളിവുഡിലുമുള്ള താരങ്ങളും അഭിനയിക്കുന്നുണ്ട്. അതേ കുറിച്ചുളള വിവരങ്ങൾ ഉടൻ പുറത്തുവിടും. മലയാളത്തിൽ നേരത്തെ പ്ലാൻ ചെയ്ത കർണൻ എന്ന  പ്രൊജക്ട് അല്ല ഈ സിനിമ. ഇത് വേറെ പ്രൊജക്ട് ആണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com