ADVERTISEMENT

ആശംസകൾക്കു നടുവിലാണ് പ്രിയതാരം മോഹൻലാൽ. പ്രേംനസീറിനു ശേഷം പത്മഭൂഷൺ നേടുന്ന മലയാളിതാരം എന്ന പ്രത്യേകതയ്ക്കും അപ്പുറം മോഹൻലാലിന്റെ പുരസ്കാരലബ്ധി മലയാളികൾ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. ആ സന്തോഷം നേരിട്ടു പങ്കുവയ്ക്കുകയാണ് താരം. കായംകുളം കൊച്ചുണ്ണി സിനിമയുടെ നൂറു ദിവസങ്ങളുടെ ആഘോഷപരിപാടികളുടെ വേദിയിൽ വച്ചാണ് മോഹൻലാലിന്റെ പ്രതികരണം. ‘ഒരുപാടു സന്തോഷം. അഭിമാനം തോന്നുന്ന നിമിഷങ്ങളാണ് ഇത്.’ – മോഹൻലാൽ പറഞ്ഞു.

നിങ്ങൾക്കായി ഞാൻ പത്മഭൂഷൺ വാങ്ങുന്നു

പുരസ്കാരം പ്രഖ്യാപിച്ചതിനു ശേഷം മോഹൻലാൽ പങ്കെടുക്കുന്ന ചടങ്ങെന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു. ഹൈദരാബാദിൽ മരക്കാർ സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹം കൊച്ചിയിൽ എത്തിയത്. ആരാധകരുടെയും സ്നേഹിതരുടെയും സഹപ്രവർത്തകരുടെയും അഭിനന്ദനങ്ങൾ മോഹൻലാൽ സന്തോഷപൂർവം സ്വീകരിച്ചു.


‘പത്മഭൂഷൺ അവാർഡ് ലഭിച്ചപ്പോൾ എന്നെ ആദ്യമായി വിളിച്ചു ചോദിച്ച മനോരമ ലേഖകനോടു ഞാൻ പറഞ്ഞത്, നാൽപതു വർഷത്തെ ഈ സിനിമാ ജീവിതത്തിൽ, ആ സഞ്ചാരത്തിനിടയിൽ എന്നെ സഹായിച്ച, എന്നെ കൈപിടിച്ചു നടത്തിയ, വീഴ്ചയിൽ എന്നെ താങ്ങിയ, അല്ലെങ്കിൽ സിനിമകൾ കണ്ട് എന്നെ സ്നേഹിച്ച എല്ലാവർക്കുമായി ഞാൻ ഈ പുരസ്കാരം സ്വീകരിക്കുന്നു എന്നാണ്. അവരുടെയൊക്കെ സ്നേഹവും ശക്തിയും തന്നെയാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. അവർക്കെല്ലാം ഈ പുരസ്കാരം ഞാൻ സമർപ്പിക്കുന്നു.’ - മോഹൻലാൽ പറഞ്ഞു.

നിർമാതാക്കളായ ഗോകുലം ഗോപാലൻ, സുരേഷ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ മോഹൻലാലിനെ സുഹൃത്തുക്കൾ ആദരിച്ചു. നിവിൻ പോളി, പ്രിയ ആനന്ദ്, കാളിദാസ് ജയറാം, അപർണ ബാലമുരളി, ഗോപി സുന്ദർ, സഞ്ജയ്, ജീത്തു ജോസഫ് എന്നിങ്ങനെ സിനിമാരംഗത്തെ പല പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്റർ ആൻഡ് മിസ് റൗഡി എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസും നടന്നു. മോഹൻലാലാണ് ഓഡിയോ റിലീസ് നിർവഹിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com