ADVERTISEMENT

ധ്രുവ് വിക്രം ചിത്രം ‘വർമ’ പുനർനിർമിക്കാനൊരുങ്ങിയ നിർമാതാക്കളുടെ തീരുമാനത്തിൽ പ്രതികരണവുമായി സംവിധായകൻ ബാല. ചിത്രത്തില്‍നിന്നു പിന്മാറുക എന്നത് തന്റെ സ്വന്തം തീരുമാനമായിരുന്നുവെന്നും ഇപ്പോള്‍ ഇത്തരമൊരു വിശദീകരണം നല്‍കാന്‍ താന്‍ നിര്‍ബന്ധിതനാവുകയാണെന്നും ബാല പറയുന്നു. ധ്രുവിന്റെ ഭാവിയെ കുറിച്ചോര്‍ത്ത് എല്ലാം ഇവിടെ അവസാനിപ്പിക്കുകയാണെന്നും ട്വിറ്ററിലൂടെ ബാല അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് നിർമാതാക്കളായ ഇ ഫോർ എന്റർടെയ്ൻമെന്റ് ‘വർമ’യില്‍ നിന്നു ബാലയെ പുറത്താക്കിയതായി പത്രക്കുറിപ്പ് ഇറക്കിയത്. ചിത്രത്തിന്റെ ഫൈനല്‍ വേർഷനില്‍ തങ്ങള്‍ തൃപ്തരല്ലെന്നാണ് കമ്പനി അറിയിച്ചത്. ധ്രുവ് വിക്രമിനെ വച്ചുതന്നെ ചിത്രത്തിന്റെ മുഴുവന്‍ ഭാഗവും ഒന്നു കൂടി ചിത്രീകരിക്കാനാണ് ഇവരുടെ തീരുമാനം.

ഇതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ബാലയെ പിന്തുണച്ചും വിമർശിച്ചും നിരവധി പ്രതികരണങ്ങൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിവാദങ്ങൾ അവസാനിപ്പിക്കാൻ ബാല തീരുമാനിച്ചത്.

ജനുവരി 22ന് ഇ ഫോര്‍ എന്റര്‍ടെയ്ൻമെന്റും ബാലയുടെ ബി സ്റ്റുഡിയോയും ചേര്‍ന്ന് നടന്‍ വിക്രമിന്റെ സാനിധ്യത്തില്‍ തയാറാക്കിയ കരാറിന്റെ പകര്‍പ്പും ബാല ട്വീറ്റ് ചെയ്തിട്ടുണ്ട്. സിനിമയില്‍ എന്തുതരം മാറ്റം വരുത്താനുമുള്ള അവകാശം കരാര്‍ പ്രകാരം ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയിട്ടുണ്ട്.

ചിത്രത്തിന്റെ ഫൂട്ടേജ്, ഫിലിം സ്റ്റില്‍, സൗണ്ട് ട്രാക്ക്, ഐടി ട്രാക്ക്, മിക്‌സഡ് ആന്‍ഡ് അണ്‍മിക്‌സഡ് സോങ്‌സ് ട്രാക്ക് എന്നിവ ബാലയുടെ ബി സ്റ്റുഡിയോസ് കൈമാറിയിട്ടുണ്ട്. പ്രോജക്ടില്‍നിന്നു തന്റെ പേര് പൂര്‍ണമായി ഒഴിവാക്കിയാല്‍ മാത്രമേ കരാറില്‍ പറഞ്ഞ വ്യവസ്ഥകള്‍ നിലനില്‍ക്കൂവെന്ന് ബാല കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കാണ് വര്‍മ. ചിത്രീകരണം പൂര്‍ത്തിയായ ശേഷമാണ് വര്‍മ മുഴുവനായി വീണ്ടും ചിത്രീകരിക്കുന്നു എന്ന വിവരം പുറത്തു വന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷന്‍ ജോലികള്‍ക്കിടെ, നിര്‍മാതാക്കളായ ഇ4 എന്റര്‍ടെയിന്‍മെന്റ്‌സ് തങ്ങളുടെ അതൃപ്തി അറിയിക്കുകയായിരുന്നു.

വലിയ ധനനഷ്ടമുണ്ടായെങ്കിലും അര്‍ജുന്‍ റെഡ്ഡി തമിഴില്‍ കാണണമെന്ന് ഇപ്പോഴുമുണ്ടെന്നും ധ്രുവിനെത്തന്നെ നായകനാക്കി പുതിയ തമിഴ് പതിപ്പ് ജൂണിലിറങ്ങുമെന്നും നിർമാതാക്കൾ അറിയിച്ചു. സംവിധായകനെ കൂടാതെ താരനിരയും പുതിയതായിരിക്കും.

മേഘ ചൗധരി, ഈശ്വരി റാവു, റെയ്‌സാ വില്‍സണ്‍, ആകാശ് പ്രേം കുമാര്‍ എന്നിവരായിരുന്നു വര്‍മയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത് രാധന്‍ ആയിരുന്നു. എം.സുകുമാര്‍ ആയിരുന്നു ഛായാഗ്രാഹകന്‍. ധ്രുവിനെ കൂടാതെ പുതിയ ചിത്രത്തില്‍ ആരൊക്കെ ഉണ്ടാവും എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും പുറത്തു വിട്ടിട്ടില്ല.

സന്ദീപ് റെഡ്ഡി ആദ്യമായി സംവിധാനം ചെയ്ത അർജുൻ റെഡ്ഡി തെലുങ്കിലെ സ്ഥിരം ക്ലീഷെ സിനിമകൾക്കുള്ള മറുപടി കൂടിയായിരുന്നു. വിജയ് ദേവരകൊണ്ടയുടെ പ്രകടനവും ചിത്രത്തിനു മുതൽക്കൂട്ടായി. അഞ്ചു കോടി രൂപ മുതല്‍മുടക്കിലെടുത്ത ചിത്രം ബോക്സ് ഓഫിസില്‍ അറുപത്തിയഞ്ചു കോടി ലാഭം കൊയ്തിരുന്നു.

ഹിന്ദിയിലും ചിത്രം റീമേക്കിനൊരുങ്ങുകയാണ്. സന്ദീപ് റെഡ്ഡി തന്നെ സംവിധായകനാകുന്ന സിനിമയിൽ ഷാഹിദ് കപൂർ ആണ് നായകൻ. കബീർ സിങ് എന്നാണ് ഹിന്ദിയിൽ സിനിമയുടെ പേര്. കിയാര അഡ്വാനി നായികയാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com