ADVERTISEMENT

മലയാളസിനിമയിലേക്ക് ഒരു എൻട്രി പ്രതീക്ഷിക്കുന്ന ചെറുപ്പക്കാരുടെ കൺകണ്ട ദൈവമാണ് വിജയ് ബാബു. ഫ്രൈഡേ ഫിലിം ഹൗസ് നിർമിച്ച പത്തു ചിത്രങ്ങളിലൂടെ വിജയ് മലയാളസിനിമയ്ക്ക് സമ്മാനിച്ചത് പത്തു സംവിധായകരെയാണ്, ഒപ്പം നിരവധി സാങ്കേതികപ്രവർത്തകരും  അഭിനേതാക്കളും ഹരിശ്രീ കുറിച്ചു.

 

ജൂൺ എന്ന പത്താമത്തെ സിനിമയിൽ അഭിനയിച്ചത് പതിനാറോളം പുതുമുഖങ്ങൾ. ഛായാഗ്രഹണം, സംഗീത സംവിധാനം തുടങ്ങിയ മേഖലകൾ കൈകാര്യം ചെയ്തവരും പുതിയ ആളുകൾ. ജൂൺ വിജയമായതിന്റെ രഹസ്യങ്ങൾ വിജയ് മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

 

രജീഷ എന്ന ജൂൺ....

June Makeover Video | Rajisha Vijayan | Ahammed Khabeer | Vijay Babu | Friday Film House

   

രജീഷയാണ് സിനിമയുടെ കഥ എന്റെ ശ്രദ്ധയിൽപെടുത്തുന്നത്. ഇതിന്റെ തിരക്കഥാകൃത്തുക്കൾ ഒന്നര വർഷത്തോളം പല നിർമാതാക്കളെയും സമീപിച്ചെങ്കിലും നായികാപ്രാധാന്യമുള്ള ഒരു ചിത്രത്തിനു സാറ്റലൈറ്റ് ലഭിക്കില്ല എന്നു പറഞ്ഞു ഒഴിവാക്കുകയായിരുന്നു. ആ സമയത്ത് സ്ത്രീകേന്ദ്രീകൃതമായ രണ്ടു തിരക്കഥകൾ നിർമിക്കാനായി ഞാൻ തിരഞ്ഞെടുത്ത്‌വച്ചിരുന്നു. അതുമാറ്റിവച്ചാണ് ജൂൺ നിർമിക്കാൻ തീരുമാനിക്കുന്നത്.

 

ചിത്രത്തിൽ നാലു ഗെറ്റപ്പുകളിൽ രജീഷ ചിത്രത്തിൽ എത്തുന്നുണ്ട്. അതുകൊണ്ട് ഞാൻ ആദ്യം ആവശ്യപ്പെട്ടത് മുടി മുറിക്കണം, വണ്ണം കുറയ്ക്കണം എന്നിവയായിരുന്നു. മുടി മുറിക്കാൻ ആദ്യം വിഷമം ആയിരുന്നെങ്കിലും പിന്നീട് അവർ കഥാപാത്രമായി മാറാൻ ഒരുവർഷത്തോളം പരിശ്രമിച്ചു. അതിന്റെ ഫലം സ്‌ക്രീനിൽ കാണുന്നുമുണ്ട്.

Celebrating Hat-Trick Hit For Friday Film House

 

ഒന്നര വർഷത്തോളം തിരക്കഥയുമായി അലഞ്ഞ ആ ചെറുപ്പക്കാർക്ക് തങ്ങളെ അവഗണിച്ചവരോടുള്ള ഒരു മധുരപ്രതികാരം കൂടിയാണ് ജൂണിന്റെ വിജയം. ഒപ്പം കൂടുതൽ നായികാപ്രാധാന്യമുള്ള സിനിമകൾ ചെയ്യുന്നതിനുള്ള പ്രചോദനവും... മാറ്റിവച്ച മറ്റു രണ്ടു തിരക്കഥകളും താമസിയാതെ സ്‌ക്രീനിലെത്തും.

 

കാസ്റ്റിങ്- ആദ്യം വിവാദം, പിന്നെ പ്രശംസ...

 

സംവിധായകൻ അഹമദ്‌ കഥ പറയുമ്പോൾ തന്നെ ഓരോ കഥാപാത്രത്തിനും വ്യക്തമായ രൂപവും ഭാവവും നൽകിയിരുന്നു. അതിലാണ് എനിക്ക് മതിപ്പു തോന്നിയത്. അതുകൊണ്ട് നേരിട്ട് അഭിനേതാക്കളെ കാസ്റ്റ് ചെയ്യുന്നതിനുപകരം ഓഡിഷൻ നടത്തിയാണ് ഓരോ കഥാപാത്രങ്ങളെയും കണ്ടെത്തിയത്. ആദ്യം ഓഡിഷൻ നടത്തിയപ്പോൾ നായക കഥാപാത്രത്തെ മാത്രം കിട്ടിയില്ല. എന്റെ സിനിമയിലേക്ക് 'വെളുത്തു മെലിഞ്ഞ ഒരു സുന്ദരനെ വേണം' എന്നു പറഞ്ഞു കൊണ്ട് ഞാൻ ഫെയ്‌സ്ബുക്കിൽ ഒരു പോസ്റ്റിട്ടു. അത് ചിലർ കയറി വിവാദമാക്കി. ഞാൻ വർണവെറി പ്രോത്സാഹിപ്പിക്കുന്ന ആളാണെന്നു പറഞ്ഞുകൊണ്ട്... തിരക്കഥ ആവശ്യപ്പെടുന്ന രൂപഭാവങ്ങളുള്ള കഥാപാത്രത്തെയല്ലേ എനിക്ക് കാസ്റ്റ് ചെയ്യാൻ കഴിയൂ. എന്തായാലും വിവാദങ്ങൾക്കു പിന്നാലെ പോകാഞ്ഞതുകൊണ്ട് അത് വന്നപോലെ കെട്ടടങ്ങി. 

 

ചിത്രം കണ്ട പലരും ആദ്യം എന്നെ വിളിച്ചു അഭിനന്ദിച്ചത് അതിന്റെ കാസ്റ്റിങ്ങിനെ കുറച്ചുപറഞ്ഞാണ്. ചിത്രം കണ്ടവർക്കറിയാം രണ്ടു കാലഘട്ടത്തിലെ കഥാപാത്രങ്ങളിലേക്കുള്ള മാറ്റം വളരെ സ്വാഭാവികതയോടെ രൂപപ്പെടുന്നുണ്ട്. അത് കഥാപാത്രസൃഷ്ടിയിൽ ചെലുത്തിയ ശ്രദ്ധ കൊണ്ടുകൂടിയാണ്.

 

പേരിനു പിന്നിൽ...

 

നമ്മുടെ നാട്ടിൽ സ്‌കൂൾ തുടങ്ങുന്ന മാസം ജൂൺ ആണ്. ഒരു പെൺകുട്ടിയുടെ പത്തുവർഷത്തെ ജീവിതം അവതരിപ്പിക്കുമ്പോൾ അതിൽ കൂടുതലുമുള്ളത് സ്‌കൂൾ കാലമാണ്. പിന്നെ ചിത്രത്തിൽ മഴ ഒരു നിശബ്ദ സാന്നിധ്യമാണ്. ക്ളൈമാക്സിൽ മഴയുണ്ട്. ഇതൊക്കെ കൊണ്ടാണ് ചിത്രത്തിനു ജൂൺ എന്നു പേരിട്ടത്. ആ പേര് ചിത്രം കൂടുതൽ ശ്രദ്ധിക്കപ്പെടാൻ സഹായകരമായി.

 

ചിത്രത്തിൽ അഭിനയിക്കാഞ്ഞത്....

 

നിർമിക്കുന്ന എല്ലാ സിനിമകളിലും അഭിനയിക്കണം എന്ന പിടിവാശി ഒന്നും എനിക്കില്ല. പറ്റുന്ന കഥാപാത്രം ഉണ്ടെങ്കിൽ മാത്രമേ അഭിനയിക്കുകയുള്ളൂ. ജൂണിന്റെ അച്ഛനായി അഭിനയിക്കാനുള്ള പ്രായം എനിക്കുണ്ട് എന്നുതോന്നിയില്ല, പിന്നെ മങ്കിപെന്നിൽ ഞാൻ അധ്യാപകനായി അഭിനയിച്ചതുമാണ്. 

 

ജൂൺ- ഒരു മാർക്കറ്റിങ് വിജയം...

 

ജൂണിന്റെ കാര്യത്തിൽ സാറ്റലൈറ്റ് മൂല്യം, പുതുമുഖങ്ങൾ തുടങ്ങി നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നു. സിനിമ കണ്ട പ്രേക്ഷകരുടെ അഭിപ്രായമാണ് ഏതൊരു ചിത്രത്തിന്റെയും പ്രധാന പരസ്യം. ഇവിടെ അത് സഹായകരമായി. ചിത്രത്തിന്റെ പേരും രജീഷയുടെ മേക്കോവറുമാണ് ഞാൻ പ്രധാനമായും മാർക്കറ്റ് ചെയ്തത്. കഴിഞ്ഞ ഒൻപതു ചിത്രങ്ങളിലും ഫ്രൈഡേ ഫിലിം ഹൗസ് നൽകിയ ഒരു വിശ്വാസ്യതയും സാറ്റലൈറ്റ് മൂല്യത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. പിന്നെ ആദ്യ ഗാനം റിലീസ് ചെയ്തതുമുതൽ ഓരോ ഘട്ടത്തിലും ഒരു പ്രതീക്ഷ കാഴ്ചക്കാരിൽ ജനിപ്പിക്കുന്ന മാർക്കറ്റിങ് രീതികളും ഫലം കണ്ടു എന്നുവേണം കരുതാൻ. 

 

മലയാള സിനിമ നാളെ?...

 

ഡിജിറ്റൽ കൂടുതൽ പ്രചരിക്കുന്നതോടെ വിതരണം എളുപ്പമാകും. ചെറിയ ബജറ്റിലുള്ള സിനിമകൾക്കും കാഴ്ചക്കാരുണ്ടാകും. വരുമാന ഉറവിടങ്ങൾ വർധിക്കും. റീമേക്ക്, ഡബ്ബിങ് അവകാശങ്ങളിൽ കൂടിയുള്ള വരുമാനം ഇരട്ടിയാകും. ഉദാഹരണത്തിന് ഞാൻ നിർമിച്ച അങ്കമാലി ഡയറീസ് എന്ന സിനിമതന്നെ മറാഠിയിൽ ചിത്രീകരണം കഴിഞ്ഞു. ഹിന്ദിയിൽ ഷൂട്ടിങ് തുടങ്ങാൻ പോകുന്നു. തെലുങ്കിൽ ചിത്രം ഉടൻ റിലീസിനെത്തും. മലയാളസിനിമയെ മറ്റുള്ള ഭാഷക്കാർ ഉറ്റുനോക്കുന്നുണ്ട്. നമ്മുടെ കഥാമൂല്യം ഭാവിയിൽ കൂടുതൽ റീമേക്ക് അവകാശം വഴിയുള്ള വരുമാനം കൊണ്ടുതരും.

 

കഥ പറയാൻ വരുന്നവരോട് പറയാനുള്ളത്...

 

എന്നെ സംബന്ധിച്ചിടത്തോളം കഥയും അവതരണവുമാണ് സിനിമയിലെ താരങ്ങൾ. ഒരു സാദാ പ്രേക്ഷകനായാണ് ഞാൻ കഥ കേൾക്കാനിരിക്കുക. നിങ്ങൾക്ക് കോമഡി കഥയാണ് പറയാൻ ഉള്ളതെങ്കിൽ അതുകേട്ട് ഞാൻ ചിരിക്കണം. ഹൊറർ ആണെങ്കിൽ എനിക്ക് പേടി തോന്നണം, ഇമോഷണൽ ആണെങ്കിൽ എനിക്ക് ദുഃഖം വരണം... കഥാമൂല്യവും അവതരണവും...ഇതുമാത്രമാണ് മാനദണ്ഡം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com