ADVERTISEMENT

ബ്രേക്ക് അപ് സീനിൽ കാമുകി എന്തു ചെയ്യും? ‘‘ആ കുപ്പിയെടുത്തോ, ഇവിടെ പ്ലാസ്റ്റിക് കുപ്പിയൊന്നും ഇടാൻ പാടില്ല’’ എന്നു പറയും. അത്രയേ ആവശ്യമുള്ളൂ. അന്ന ബെൻ ആണു കരഞ്ഞു കണ്ണു ചുവപ്പിക്കാത്ത, പൈങ്കിളിയല്ലാത്ത കുമ്പളങ്ങി നൈറ്റ്സിലെ ആ കാമുകി, ബേബി മോൾ. വൈപ്പിനിലെ നായരമ്പലത്തു നിന്നു മലയാള സിനിമയിൽ ഇനി രണ്ടു മേൽവിലാസം. എഴുത്തിന്റെ വഴിയിൽ ബെന്നി പി. നായരമ്പലം എന്നും അഭിനയവഴിയിൽ അന്ന ബെൻ എന്നും. 

 

ആദ്യ സിനിമയുടെ വിശേഷങ്ങൾ പങ്കിട്ട് അന്ന ബെൻ കൊട്ടകയോട്:

 

anna-ben-family

അന്നയെ കണ്ടാൽ ബേബിമോൾ എന്നു വിളിക്കാനേ തോന്നൂ?

 

ഉറപ്പായിട്ടും അതൊരു ഭാഗ്യമാണ്. ഇപ്പോൾ പുറത്തിറങ്ങുമ്പോൾ ചിലരൊക്കെ അടുത്തുവന്ന് ബേബിമോൾ അല്ലേയെന്നു ചോദിക്കും. നല്ല സന്തോഷമുണ്ട്.

 

നായരമ്പലത്തെ അന്ന ബെൻ കുമ്പളങ്ങിയിലേക്ക് എത്തിയതെങ്ങിനെ? 

 

fahadh-anna-ben

ഇൻസ്റ്റഗ്രാമിൽ ആഷിക്കേട്ടന്റെ (ആഷിക് അബു) കാസ്റ്റിങ് കോൾ പോസ്റ്റ് കണ്ടു. അതിലേക്ക് മെയിൽ ചെയ്യുകയായിരുന്നു. 4 റൗണ്ട് ഒഡിഷനു ശേഷമാണു വേഷമുറച്ചത്.

 

ഓഡിഷനിലെ അനുഭവങ്ങൾ?

 

അവസാനത്തെ ഓഡിഷനിലാണ് സിനിമയിലേക്ക് തിരഞ്ഞെടുത്തെന്നു പറയുന്നത്. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അത്.

 

ബെന്നി പി. നായരമ്പലം എന്ന പേരിൽ സിനിമയിലേക്കു നേരിട്ടുള്ള വഴി നോക്കിയില്ലേ? 

 

പഠനം കഴിഞ്ഞ് ബെംഗളൂരുവിൽ ഒരുവർഷം ജോലി ചെയ്തു തിരിച്ചുവന്നിട്ടാണു സിനിമയിൽ താൽപര്യമുണ്ട് എന്നു പപ്പയോടു പറയുന്നത്. ഞാൻ അതുവരെ അഭിനയിച്ചിട്ടൊന്നുമില്ല. പപ്പയ്ക്കും ഉറപ്പില്ല ഞാൻ ചെയ്യുമോയെന്ന്. എനിക്കും അറിയില്ല. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ഞങ്ങൾക്കു കോൺഫി‍ഡൻസ് ഇല്ലാത്തതു കാരണം ഞങ്ങൾ രണ്ടാളും ഇക്കാര്യത്തിൽ പരസ്പരം ഇടപെട്ടില്ല. 

 

എന്നാലും ഓഡിഷനു പോകണമെന്നാണെങ്കിൽ പോയി നോക്കൂ, അതൊരു എക്സിപീരിയൻസ് ആകുമല്ലോ എന്നു പപ്പ പറഞ്ഞു. ഓഡിഷനു പോകുമ്പോൾ അവിടെ ചെന്ന് ആരുടെ മകളാണെന്നു പറഞ്ഞിട്ടും കാര്യമില്ല. അവർ  കഥാപാത്രത്തിനു ചേരുന്നയാളെയാണല്ലോ നോക്കുന്നത്. ഇനി ഞാനവിടെ ചെന്ന് വല്ല മണ്ടത്തരവും കാണിച്ചിട്ട് പപ്പയുടെ പേരു കളയണ്ടല്ലോ എന്നോർത്ത് ഞാനതു മിണ്ടിയതേയില്ല. 

 

അനുഭവസമ്പന്നരായ അഭിനേതാക്കൾക്കൊപ്പമാണ് ആദ്യ സിനിമ?

 

ബോബിയല്ലേ ഇത് എന്നു ചോദിക്കുന്നതായിരുന്നു എന്റെ ആദ്യ സീൻ. നല്ല എക്സൈറ്റ്മെന്റായിരുന്നു. ടെൻഷനൊന്നും ഇല്ലായിരുന്നു. ഫഹദിക്കയുടെയും ഷെയ്‌നിന്റെയും കൂടെയായിരുന്നു കൂടുതലും സീനുകൾ. മികച്ച ലേണിങ് എക്സ്പീരിയൻസായിരുന്നു.  

 

പപ്പ എഴുതുന്ന നായികാ പ്രാധാന്യമുള്ള തിരക്കഥയിൽ ആകണമെന്ന മോഹമുണ്ടോ? 

 

ഞാനിപ്പോൾ അങ്ങനെയെന്തെങ്കിലും ആഗ്രഹിച്ചാൽ അതു വലിയ അഹങ്കാരമായിപ്പോകും. കാരണം ഞാനാഗ്രഹിച്ചതിനേക്കാൾ വലുതാണ് ഇപ്പോൾ കിട്ടിയത്. ഇത്രയും നല്ലൊരു ടീമിനൊപ്പം ആളുകൾക്കിഷ്ടപ്പെട്ട സിനിമ ചെയ്യാൻ പറ്റി. നല്ലതു വരട്ടേയെന്നു പ്രാർഥിക്കുന്നു. അത് എങ്ങനെയായാലും കുഴപ്പമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com