ADVERTISEMENT

എറണാകുളം വൈറ്റില ജംക്‌ഷനിലെ വലിയ ബോർഡുകളിൽ തുണിക്കടയുടെയും സ്വർണക്കടയുടെയുമെല്ലാം പരസ്യത്തിൽ കത്രീന എന്ന പെൺകുട്ടി നിറഞ്ഞു നിൽക്കുന്ന കാലം. എന്നും അതുവഴി ബസിൽ കോളജിൽ പോയിരുന്ന ഒരു പെൺകുട്ടി ചെറിയ അസൂയയോടെ മനസ്സിൽ പറഞ്ഞു – എല്ലാത്തിലും എന്തിനാണ് കത്രീന?!  എന്നെപ്പോലുള്ള ചെറിയ മോഡലുകളെക്കൂടി ഇവർക്കു വിളിച്ചുകൂടേ.. ! 

 

ബസ് ആലുവ പാലം കയറിത്തുടങ്ങി. പാലത്തിനപ്പുറം വലിയ ബോർഡിൽ ചുവന്ന സാരിയുടുത്തൊരു പെൺകുട്ടി ! മോഡലിന്റെ സാരിയാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. നല്ല പരിചയം തോന്നുന്നു. പിന്നെയാണു മുഖം നോക്കിയത്. അതു താനാണെന്നറിഞ്ഞു കുട്ടിയുടെ മനസ്സിൽ തുടർച്ചയായി ലഡുവിന്റെ മാലപ്പടക്കം പൊട്ടി ! 

 

സാരിയുടെ പരസ്യത്തിനു മോഡൽ ചെയ്തിരുന്നുവെങ്കിലും അത് ഇത്ര വലിയ ബോർഡായി വരുമെന്നു സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല. അടുത്ത സ്റ്റോപ്പിലിറങ്ങി. വേറൊരു ബസിൽ കയറി പാലത്തിലൂടെ തിരിച്ചുവന്ന്, അതു താൻ തന്നെയാണെന്നുറപ്പുവരുത്തി. അടുത്ത ബസിൽ വീണ്ടും തിരിച്ചുപോയി !

 

aishwarya-lekshmi-old-1

ആ കുട്ടി ഇപ്പോൾ കേരളത്തിലെ എത്രയോ ബോർഡുകളിൽ നിറഞ്ഞു നിൽക്കുന്നു. കുട്ടിയുടെ കൂടെ സെൽഫിയെടുക്കാൻ ആരാധകർ! ‍ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള, മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ ചിത്രങ്ങളിലെല്ലാം നായികയായ ഐശ്വര്യ ലക്ഷ്മിയായിരുന്നു ആ പെൺകുട്ടി. 

 

ഐശ്വര്യ മോഡൽ ചെയ്യാത്ത ഉൽപന്നമില്ലെന്നു പറയാറുണ്ട്.

 

aishwarya-lekshmi-old-2

പട്ടുസാരികൾ, തുണിക്കട, ചപ്പൽ, കുട, വീട്, ഫ്ളാറ്റ്, ഹെയർ ഓയിൽ തുടങ്ങിയ പല ഉൽപന്നങ്ങളും എന്നെ മോഡലാക്കി. ഒരേ ഉൽപന്നത്തിന്റെ രണ്ടു കമ്പനികളുടെ മോഡലായി ഒരേ സമയം വന്നു. വനിതയുടെ കവർ ഗേൾ ആകാൻ വേണ്ടി ആഗ്രഹിച്ചിരുന്നതാണ്. അതിനുവേണ്ടി എടുത്ത ഫോട്ടോ കണ്ടാണ് എന്നെ പലരും മോഡലാക്കിയത്. പഠിക്കുന്ന കാലത്ത് അതൊരു വരുമാനവുമായി.

 

aishwarya-lakshmi-calandar

സിനിമയിൽ അബദ്ധത്തിൽ വന്നു ചാടിയതാണോ ? 

 

aishwarya-lekshmi-1

വല്ലാതെ മോഹിച്ചിട്ടില്ല. 2014ലാണു ഞാൻ മോഡലിങ് തുടങ്ങുന്നത്. മൂന്നുവർഷം കഴിഞ്ഞു സിനിമയിലെത്തി. എന്റെ ഉള്ളിലെവിടെയോ ആഗ്രഹമുണ്ടായിരുന്നു എന്നതു സത്യമാണ്. ഞണ്ടുകളുടെ നാട്ടിലേക്കു നായികയെ വേണമെന്ന കാസ്റ്റിങ്‌കാൾ കണ്ടപ്പോൾ സംവിധായകൻ അൽത്താഫിനു ഞാൻ ഫോട്ടോകൾ അയച്ചു. എന്റെ സുഹൃത്ത് രഞ്ജിനിയാണ് അൽത്താഫ് സിനിമ ചെയ്യുന്ന കാര്യം പറഞ്ഞത്. 

 

സിനിമ വീട്ടുകാരുടെകൂടി മോഹമായിരുന്നോ. 

 

ഒരിക്കലുമില്ല. കുട്ടിക്കാലത്തു തിയറ്ററിൽപോയി സിനിമ കാണാറുപോലുമില്ല. നന്നായി പഠിപ്പിക്കുക എന്നതു മാത്രമായിരുന്നു അച്ഛന്റെയും അമ്മയുടെയും അജണ്ട. അതുകൊണ്ട് അപൂർവമായി മാത്രമേ ടിവിയിൽപ്പോലും സിനിമ കാണാറുള്ളൂ. എൻട്രൻസിലൂടെ എംബിബിഎസ് സീറ്റു നേടാൻ തീവ്രമായി മോഹിച്ച കുട്ടിയാണു ഞാൻ. അതു ചെയ്യുംവരെ വേറെയൊന്നും തലയിലില്ലായിരുന്നു. മോഡലിങ്ങിലേക്കു വന്നതു എംബിബിഎസ് പഠിക്കുമ്പോഴാണ്. അപ്പോൾ വീട്ടിൽ പറയാതെയാണു ഫോട്ടോ എടുക്കാൻ പോയത്. മാഗസിനുകളിൽ അച്ചടിച്ചുവന്നപ്പോഴാണു വീട്ടിലറിയുന്നത്. പൂർണ തൃപ്തിയില്ലെങ്കിലും അവർ കൂടെനിന്നു. അതൊക്കെ ചെയ്താലും ഞാൻ പഠിക്കുമെന്നവർക്കുറപ്പായിരുന്നു. അവരുടെ ആ വിശ്വാസമാണ് എന്നെ സിനിമയിലെത്തിച്ചത്. 

 

തുടർച്ചയായി നാലു ഹിറ്റുകൾ, നാലു നായകന്മാർ.  ഞെട്ടിപ്പോയോ?

 

തുടർച്ചയായി വന്നതല്ല. ഞണ്ടുകൾക്കു ശേഷം ആഷിക്ക് അബുവിന്റെ സിനിമയിലേക്കു നായികയെ വേണമെന്ന കാസ്റ്റിങ്‌കാൾ കണ്ട് അപേക്ഷിച്ചു നേടിയതാണ്. ബാക്കി രണ്ടും അതിനു ശേഷം തനിയെ വന്നതാണ്. പൗർണമിയുടെ സംവിധായകൻ ജിസ് ജോയ് എന്നെ എത്രയോ പരസ്യത്തിൽ അഭിനയിപ്പിച്ചു. അന്നു ജിസ് സാർ ചോദിക്കുമായിരുന്നു എന്താണീ കുട്ടിയെ ആരും സിനിമയിലേക്കു വിളിക്കാത്തതെന്ന്. അവസാനം ജിസ് സാർതന്നെ സിനിമ തന്നു. കഴിവിനെക്കാളുപരി ഭാഗ്യമാണ് എന്നെ നാലു സിനിമയിലും എത്തിച്ചത്. ഇപ്പോൾ സിനിമയെ ഞാൻ ഗൗരവത്തോടെ കാണുന്നു. തൊഴിൽ എന്ന നിലയിലല്ല. മോഹമെന്ന നിലയിൽ. നാളെ ഞാൻ പുറത്തായാൽ മനസ്സു വിഷമിക്കും. പക്ഷേ ഞാൻ അതോർത്തു കരഞ്ഞു കാത്തിരിക്കില്ല. എനിക്കിപ്പോഴും ഡോക്ടറായി പ്രാക്റ്റീസ് ചെയ്യണമെന്നും എംഡിക്കു പഠിക്കണമെന്നുമുണ്ട്. 

 

വീട്ടുകാർക്കു മകൾ താരമായത് ആഘോഷമല്ലേ. 

 

ഒരിക്കലുമില്ല. എന്റെ വീടൊരു സാധാരണ വീടാണ്. വളരെ സ്ട്രിക്റ്റായി വളർത്തിയ കുട്ടിയാണു ഞാൻ. അതുകൊണ്ടുതന്നെ വീട്ടുകാർക്കു സിനിമ ആഘോഷമല്ല. അവർക്കു ഞാനൊരു നല്ല ഡോക്ടറായി കാണാൻതന്നെയാണിഷ്ടം. എന്നോടുള്ള വാത്സല്യംകൊണ്ടു നിർത്തിപ്പോരാൻ പറയുന്നില്ലെന്നു മാത്രം. സിനിമയൊന്നും അവരുടെ സ്വപ്നത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളേയല്ല. ഞാൻ നന്നായി അഭിനയിക്കുന്നു എന്നു കേൾക്കുമ്പോൾ സന്തോഷമുണ്ടെന്നു മാത്രം. എന്നോടു പറഞ്ഞിട്ടില്ലെന്നു മാത്രം.

 

ഐശ്വര്യ ആരുടെയെങ്കിലും ആരാധികയായിട്ടുണ്ടോ. 

 

പലരെയും ആരാധിച്ചിട്ടുണ്ട്. പക്ഷേ പേരൻപ് എന്ന സിനിമ കണ്ട ദിവസം ഞാൻ ഉറങ്ങിയില്ല. ആ സിനിമയെക്കുറിച്ചറിയുന്ന ഓരോ കാര്യവും അത്ഭുതപ്പെടുത്തി. മമ്മൂട്ടിയെന്ന നടൻ എന്റെ മുന്നിൽ അത്ഭുതംപോലെ നിറഞ്ഞു നിൽക്കുകയാണ്. മറ്റൊരു സിനിമ കണ്ടിട്ടും ഞാനിതുപോലെ അത്ഭുതപ്പെട്ടിട്ടില്ല. എന്തൊരു നടനാണിത്. 

 

വിശാൽ നായകനായ തമിഴ് സിനിമയടക്കം പല സിനിമകളും ഡോക്ടറുടെ ക്യൂവിൽ കാത്തുനിൽക്കുന്നു. ഇനിയും താരമായ വിവരം അറിയാതെ ജീവിക്കുന്നൊരു സാധാരണ കുട്ടി... 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com