ADVERTISEMENT

തുടർച്ചയായ രണ്ടാം തവണയും മികച്ച ഡബ്ബിങ് ആർടിസ്റ്റിനുള്ള പുരസ്കാരം സ്വന്തമാക്കി സ്നേഹ എം. ലില്ലി എന്ന സിനിമയിൽ നായികയായ സംയ്കുത മേനോന് ശബ്ദം നൽകിയാണ് സ്നേഹ പുരസ്കാരത്തിന് അർഹയായത്. കഴിഞ്ഞ വർഷം ഈട സിനിമയ്ക്കു വേണ്ടി നിമിഷ സജയന് ഡബ്ബ് ചെയ്ത് സ്നേഹ സംസ്ഥാനപുരസ്കാരം നേടിയിരുന്നു.

 

സ്നേഹയുടെ പുരസ്കാരനേട്ടത്തിൽ ജൂറി വിലയിരുത്തൽ ഇങ്ങനെ: കഥാപാത്രത്തെ അവതരിപ്പിച്ച നടിയുടെ സൂക്ഷ്മചലനങ്ങൾക്കുപോലും ശബ്ദംകൊണ്ട് ജീവൻ പകരുന്ന വൈഭവമാണ് സ്നേഹയുടേത്. നടിയും ശബ്ദദാതാവും രണ്ടല്ല, ഒന്നാണെന്ന അനുഭവമാണ് പ്രേക്ഷകർക്കുണ്ടാകുന്നത്.

 

50000 രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് സ്നേഹയ്ക്ക് ലഭിക്കുക.

 

കലോത്സവ വേദിയിൽ നിന്നു തന്നെയാണു സ്നേഹയുടെയും വരവ്. ഏഴു വർഷം തുടർച്ചയായി കണ്ണൂർ സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ മോണോആക്ടിലെ ഒന്നാംസ്ഥാനക്കാരിയാണ്. രണ്ടു തവണ മികച്ച നടിയുമായിരുന്നു. നാടകവേദിയിൽ പണ്ടേ സജീവമാണ്. ‘ആവേ മരിയ’ എന്ന ഏകപാത്ര നാടകം കുറെയേറെ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. ‘കവി ഉദ്ദേശിച്ചത്’ എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തിരുന്നു. 

 

കരിവെള്ളൂർ പലിയേരിയിൽ അധ്യാപക ദമ്പതികളായ പത്മനാഭന്റെയും (പരത്തിക്കാമുറി ജിഎൽപിഎസ്), ജയന്തിയുടെയും (കൊഴുമ്മൽ ജിഎൽപിഎസ്) മകളാണ്. ഭർത്താവു നവീൻകുമാർ ദുബായിൽ എൻജിനീയർ. പയ്യന്നൂർ കോളജിൽ നിന്നു ഫിസിക്സിൽ ബിഎസ്‌സിയും എംഎസ്‍സിയും പൂർത്തിയാക്കിയ സ്നേഹ ഇപ്പോൾ മാതമംഗലത്തിനു സമീപം കുറ്റൂർ ജേബീസ് ട്രെയിനിങ് കോളജിൽ ബിഎഡ് വിദ്യാർഥിനിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com