ADVERTISEMENT

ബാലതാരമായി സിനിമയിലെത്തി പിന്നീട് മലയാളത്തിലും തമിഴിലും നായികയായി തിളങ്ങുന്ന നടിയാണ് മഞ്ജിമ മോഹൻ. 1998ല്‍ കളിയൂഞ്ഞാലിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും മഞ്ജിമയെക്കുറിച്ച് ആദ്യം ഓർമ വരുക പ്രിയം സിനിമയാണ്. പ്രിയം സിനിമയിൽ താൻ കരഞ്ഞത് ഗ്ലിസറിനില്ലാതെയായിരുന്നെന്ന് മഞ്ജിമ പറയുന്നു.

മഞ്ജിമയുടെ അച്ഛൻ വിപിൻ മോഹനായിരുന്നു പ്രിയത്തിന്റെ ഛായാഗ്രഹകൻ. ഷോട്ട് ശരിയാകാതെ വന്നാൽ അച്ഛൻ ദേഷ്യപ്പെടുന്നതുകൊണ്ട് കരച്ചിൽ രംഗങ്ങളൊക്കെ നന്നായി എടുക്കാൻ കഴിഞ്ഞെന്ന് മഞ്ജിമ പറയുന്നു. ‘പ്രിയം സിനിമയിൽ നായികയ്ക്ക് പൂ കൊടുക്കുവാൻ പോകുന്നൊരു രംഗമുണ്ട്. എത്ര നോക്കിയിട്ടും ആ ഷോട്ട് ശരിയാകുന്നില്ല. കരച്ചിൽ വരുന്നില്ല, അതാണ് പ്രശ്നം. ഉടനെ ക്യാമറയുടെ പുറകിൽ നിന്നും അച്ഛൻ ‘അമ്മൂ....’ എന്ന് നീട്ടി വിളിച്ചു. അത് കേൾക്കുമ്പോൾ എന്റെ സമാധാനംപോകും. ഉടൻ തന്നെ കരച്ചിൽ തുടങ്ങും. ഷോട്ട് ഓക്കെയായാലും കരച്ചിൽ അവസാനിക്കില്ലായിരുന്നു. ’–മഞ്ജിമ പറഞ്ഞു. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലാണ് നടി ഇക്കാര്യം പങ്കുവച്ചത്. മഞ്ജിമക്കൊപ്പം അച്ഛൻ വിപിൻ മോഹനും അമ്മ ഗിരിജയും അതിഥികളായി എത്തിയിരുന്നു.

ഒന്നുംഒന്നുംമൂന്ന്സീസൺ3 I എപ്പി - 31 മഞ്ജിമയ്ക്ക് സർപ്രൈസ് ഒരുക്കി റിമി | മഴവിൽ മനോരമ

 

മഞ്ജിമയുടെ അച്ഛൻ വിപിൻ മോഹനും അമ്മ ഗിരിജയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ആ കഥയും പരിപാടിയിലൂടെ ഇവർ പങ്കുവയ്ക്കുകയുണ്ടായി. നർത്തകി കൂടിയായ കലാമണ്ഡലം ഗിരിജ ഒരു മലയാളചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

 

ഭരത് ഗോപി ആദ്യമായി സംവിധാനം ചെയ്ത ഞാറ്റടി എന്ന ചിത്രത്തിൽ നായികായയിരുന്നു ഗിരിജ. 1979ൽ ചിത്രീകരിച്ച സിനിമയിൽ മുരളിയായിരുന്നു നായകൻ. ഛായാഗ്രഹണം വിപിൻ മോഹനും.

 

ക്യാമറയിൽ കൂടി കണ്ടിട്ടാണ് ഗിരിജയെ പ്രണയിച്ചതെന്ന് വിപിൻ മോഹൻ പറഞ്ഞു. ക്യാമറ കാണുമ്പോഴേ ഇപ്പോൾ പേടിയാണെന്ന് ഗിരിജയും മറുപടിയായി പറഞ്ഞു.

 

‘അഭിനയിക്കാൻ പോകില്ലെന്ന ഉറപ്പിലാണ് ഞങ്ങൾ വിവാഹിതരായത്. വേറൊരു ചിത്രത്തിനായി വിളിച്ചപ്പോഴും പോകല്ലേ പോകല്ലേ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെ ആദ്യ ചിത്രത്തോടെ അഭിനയം ഉപേക്ഷിച്ചു.’–ഗിരിജ പറഞ്ഞു.

 

ജീവിത്തിലെ ഒരുപാട് നല്ല നിമിഷങ്ങളെക്കുറിച്ച് മൂവരും സംസാരിച്ചു. ഇത്രയും നാളുകളായിട്ടും ജീവിതത്തിൽ തന്നെയാരും പ്രപ്പോസ് ചെയ്തിട്ടില്ലെന്നും ബോയിഷ് ക്യാരക്ടർ ഉള്ളതുകൊണ്ടാകാം അങ്ങനെ സംഭവിക്കാത്തതെന്നും മഞ്ജിമ പറഞ്ഞു. ഇപ്പോഴും സിംഗിളാണെന്നും തന്നേക്കാളുപരി തന്റെ അച്ഛനെയും അമ്മയെയും ഇഷ്ടപ്പെടാൻ കഴിയുന്ന ആളായിരിക്കണം ഭാവി വരനെന്നും നടി പറഞ്ഞു.

 

ഒരു വടക്കൻ സെൽഫിയിലൂടെ മലയാളികളുടെ ഇഷ്ടനായികയായി മഞ്ജിമ മോഹൻ മാറിയെങ്കിലും ബാലതാരമായി വന്ന മഞ്ജിമ പണ്ട് മുതലേ മലയാളികൾക്ക് വീട്ടിലെ കുട്ടി എന്ന ഇമേജ് ആണ്. മയില്‍പ്പീലിക്കാവ്, പ്രിയം, സാഫല്യം, തെങ്കാശിപ്പട്ടണം, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

 

മധുരനൊമ്പരക്കാറ്റിലെ അഭിനയത്തിനു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു. അതിനു ശേഷം ചലച്ചിത്ര രംഗത്തു നിന്നു വിട്ടുനിന്ന മഞ്ജിമ തന്റെ വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധ കൊടുത്തു. തിരുവനന്തപുരം നിർമ്മല ഭവൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു കഴിഞ്ഞ മഞ്ജിമ സ്റ്റെല്ല മാരീസ് കോളജിൽ (ചെന്നൈ) നിന്നും കണക്കിൽ ബിരുദമെടുത്തു.

 

2015ൽ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ നായികയായി തിരിച്ചെത്തി. ഗൗതം മേനോൻ–ചിമ്പു കൂട്ടുകെട്ടിൽ റിലീസ് ചെയ്ത അച്ചം യെൻപത് മടമൈയടാ എന്ന സിനിമ കരിയറിൽ വഴിത്തിരിവായി. ഇപ്പോൾ തമിഴകത്തെ തിരക്കേറിയ നായികമാരിൽ ഒരാളാണ് മഞ്ജിമ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com