ADVERTISEMENT

താൻ നായകനായി എത്തുന്ന അഗ്നി ദേവി എന്ന ചിത്രത്തിനെതിരെ ബോബി സിംഹ. സിനിമയിൽനിന്നു പിന്മാറിയതായിരുന്നുവെന്നും ഇപ്പോൾ തന്റെ ബോഡി ഡബിൾ ഉപയോഗിച്ച് സിനിമ പൂർത്തിയാക്കി സംവിധായകൻ ചതിക്കുകയായിരുന്നുവെന്നുമാണ് നടൻ പറയുന്നത്.

 

അഞ്ച് ദിവസം മാത്രം അഭിനയിച്ചെങ്കിലും തിരക്കഥ സംബന്ധിച്ച പ്രശ്നങ്ങൾ കാരണം ബോബി ചിത്രത്തിൽനിന്നു പിന്മാറുകയായിരുന്നു. എന്നാൽ ബോബി അഭിനയിച്ച ഭാഗങ്ങളിൽ ചില തിരുത്തലുകൾ വരുത്തി ബോഡി ഡബിളും വിഎഫ്എക്സും ഉപയോഗിച്ച് അണിയറപ്രവർത്തകർ സിനിമ പൂർത്തീകരിച്ചെന്നാണ് ബോബിയുടെ വാദം. സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലറിലും പോസ്റ്ററുകളിലും പ്രാമുഖ്യം നൽകിയിരിക്കുന്നത് ബോബിയുടെ കഥാപാത്രത്തിനാണ്.

AGNI DEVI | OFFICIAL TRAILER 2 | BOBBY SIMHA | MADHU BALA | SATHISH | RAMYA NAMBISAN

 

‘എന്റെ ശബ്ദം പോലും മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചിരിക്കുകയാണ്. ഇത് തെറ്റാണ്. ഞാനൊരു ചെറിയ നടനാണ്, എന്നെ വെറുതെ വിടൂ. സൂപ്പർതാരത്തിന്റെ മുഖംവച്ച് ബോഡി ഡബിൾ ചെയ്ത് വിഎഫ്എക്സിലൂടെ സിനിമ പൂർത്തിയാക്കിയാൽ അത് റിലീസ് ചെയ്യാൻ നിങ്ങൾ സമ്മതിക്കുമോ? ഇവിടെ എന്റെ സിനിമ റിലീസ് ചെയ്യുന്നു. കോടതിയിൽ കേസ് വരെ നടക്കുന്നു. എന്നിട്ടും സിനിമ റിലീസ് ചെയ്തു. ഇത് ന്യായമാണോ?’– ബോബി സിംഹ ചോദിക്കുന്നു.

 

‘സിനിമയുടെ ട്രെയിലർ കണ്ടിരുന്നു. സിനിമ കണ്ടിട്ടില്ല. 60 ലക്ഷം രൂപയായിരുന്നു പ്രതിഫലം. ലാഭത്തിലെ ഷെയറിന്റെ പത്തുശതമാനവും. പത്തുലക്ഷം രൂപ അഡ്വാൻസ് നൽകിയിരുന്നു. ഇതൊക്കെ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.’– ബോബി പറഞ്ഞു.

 

സിനിമയുടെ സംവിധായകനായ ജോൺ പോൾരാജിനും നിർമാതാവിനുമെതിരെ വഞ്ചനക്കുറ്റത്തിന് കേസ് കൊടുത്തിരിക്കുകയാണ് ബോബി. ചിത്രം മാർച്ച് 22ന് തിയറ്ററുകളിലെത്തി. മോശം അഭിപ്രായമാണ് സിനിമയ്ക്കു ലഭിക്കുന്നത്.

 

ആദ്യം വായിക്കാൻ നൽകിയ സ്ക്രിപ്റ്റ് അല്ല സിനിമ തുടങ്ങിയപ്പോൾ തനിക്ക് ലഭിച്ചതെന്നാണ് ബോബി പറയുന്നത്. അതുകൊണ്ട് ഷൂട്ടിങ് തുടങ്ങി അഞ്ച് ദിവസം കഴിഞ്ഞപ്പോൾ സിനിമ വിട്ടു. കരാർ ലംഘിച്ച വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം സംവിധായകനെതിരെ നടൻ പരാതി നൽകിയിരുന്നു. സിനിമയുടെ റിലീസ് താൽക്കാലികമായി തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചതായി ബോബിയുടെ അഭിഭാഷകൻ മാധ്യമങ്ങളെ അറിയിച്ചു.

 

ജോൺ പോൾരാജും ശ്യാം സൂര്യയും ചേർന്നാണ് അഗ്നി ദേവി സംവിധാനം ചെയ്തിരിക്കുന്നത്. രമ്യ നമ്പീശനാണ് നായിക. റോജ നായിക മധുബാലയുടെ തിരിച്ചുവരവുകൂടിയാണ് ഈ സിനിമ. നെഗറ്റീവ് വേഷത്തിലാണ് താരം എത്തുന്നത്.

 

കാര്‍ത്തിക് സുബ്ബരാജ് ഒരുക്കിയ പേട്ടയായിരുന്നു ബോബി സിംഹയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com