ADVERTISEMENT

കാമറയ്ക്കു പിന്നിൽ‌ വിസ്മയങ്ങൾ തീർത്ത സംവിധായകൻ ഫാസിൽ ഒരിക്കൽക്കൂടി കാമറയ്ക്കു മുന്നിലേക്കെത്തുകയാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ ഫാസിൽ അവതരിപ്പിക്കുന്നുണ്ട്. മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛൻ ഫാദർ നെടുമ്പള്ളിയായാണ് ഫാസിൽ എത്തുന്നത്. 

 

ഫാസിലിനെ എന്തുകൊണ്ട് കഥാപാത്രമാകാൻ തിരഞ്ഞെടുത്തു എന്നതിന് പൃഥ്വിരാജിന് വ്യക്തമായ ഉത്തരമുണ്ട്. ഫാസിൽ ഒരു മികച്ച നടനാണെന്ന് മനസ്സിലാക്കുന്നത് പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോഴാണെന്ന് പൃഥ്വി പറയുന്നു. ലൂസിഫർ സിനിമയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

''ഫാസിൽ എന്നല്ല പാച്ചിക്ക എന്നാണ് അടുപ്പമുള്ളവർ അദ്ദേഹത്തെ വിളിക്കുന്നത്. സിനിമയിൽ വരുന്നതിന് മുൻപ് ഒരിക്കൽ അമ്മ പറഞ്ഞിട്ട് ഞാൻ അദ്ദേഹത്തെ കാണാൻ ചെന്നിരുന്നു. അന്ന് ഞാൻ പതിനൊന്നാം ക്ലാസിലാണ് പഠിക്കുന്നത്. എന്നെ കണ്ടപ്പോൾ പാച്ചിക്ക അമ്മയോട് പറഞ്ഞു. എനിക്ക് ഇവനെ സ്ക്രീൻ ടെസ്റ്റ് ചെയ്യണമെന്ന്. അങ്ങനെ പാച്ചിക്ക പറഞ്ഞതുപോലെ ഞാൻ സ്ക്രീൻ ടെസ്റ്റിന് ചെന്നു. എനിക്കൊപ്പം ഒരു പെൺകുട്ടിയും കൂടെ അഭിനയിക്കാൻ ഉണ്ടായിരുന്നു’. 

 

‘സീൻ എടുക്കും മുൻപ് പാച്ചിക്ക ഞങ്ങൾക്ക് എങ്ങനെ അഭിനയിക്കണമെന്ന് വിവരിച്ചുനൽകി. ആദ്യം എനിക്ക് പറഞ്ഞുതന്നു. തൊട്ടുപിന്നാലെ ആ പെൺകുട്ടിക്കും. ഞാൻ അദ്ഭുതപ്പെട്ടുപ്പോയി. അന്ന് എനിക്ക് മനസ്സിലായി അദ്ദേഹം ഒരു മികച്ച നടനും കൂടിയാണെന്ന്. അന്ന് എനിക്കൊപ്പം ഉണ്ടായിരുന്ന ആ പെൺകുട്ടി അസിൻ തോട്ടുങ്കൽ ആണ്. അവിടെവച്ചാണ് അസിനെ ആദ്യമായി പരിചയപ്പെടുന്നതും. അന്ന് അവർ ഒൻപതാം ക്ലാസ്സിൽ പഠിക്കുകയാണെന്നു തോന്നുന്നു.’

 

‘ലൂസിഫറിൽ അഭിനയിക്കണമെന്ന് പറയാൻ ഞാൻ പാച്ചിക്കയെ നേരിൽ പോയി കണ്ടു. ഫോണിലൂടെ പറയാൻ എനിക്ക് ഭയമായിരുന്നു. അദ്ദേഹം നോ പറഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ സാധിക്കില്ലല്ലോ. സ്റ്റീഫൻ നെടുമ്പള്ളിയുടെ അച്ഛനെപ്പോലെ ഒരു കഥാപാത്രം. അതുകൊണ്ടാണ് പാച്ചിക്ക തന്നെവേണം എന്നാഗ്രഹിച്ചത്. നേരിൽ കണ്ടപ്പോൾ പാച്ചിക്കയോട് പറഞ്ഞു, അഭിനയിക്കണം, പറ്റില്ലെന്ന് മാത്രം പറയരുത്. അങ്ങനെയാണ് അദ്ദേഹം ലൂസിഫറിൽ എത്തുന്നത്.'-പൃഥ്വിരാജ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com