ADVERTISEMENT

പൃഥിരാജ് എന്ന നടനെ പല തവണ കണ്ടിട്ടുണ്ട്. താര പദവിയിൽ വിരാജിക്കുമ്പോഴും വിവാദങ്ങളുടെ തിരശ്ശീല നിറഞ്ഞു നിൽക്കുമ്പോഴും അക്രമിച്ചപ്പെട്ട നടിക്കുവേണ്ടി സംസാരിക്കുമ്പോഴുമെല്ലാം സംസാരിച്ചിട്ടുമുണ്ട്. 

 

lucifer-movie

ഒരിക്കലും മോശമായി പെരുമാറിയിട്ടില്ലെങ്കിലും മനസ്സിലെവിടെയോ ഒരു നീരസം ഉണ്ടായിരുന്നു എന്നതു സത്യമാണ്. അത്യാവശ്യത്തിനു വിളിച്ചാൽ തിരിച്ചു വിളിക്കില്ല, ഏറ്റ കാര്യം സമയത്തു ചെയ്യില്ല എന്നെല്ലാം തോന്നിയിരുന്നു. പൃഥി സംവിധാനം ചെയ്യുന്ന സിനിമിയിൽ മോഹൻലാൽ അഭിനയിക്കുന്നുവെന്നു പറഞ്ഞപ്പോൾ തോന്നിയതു സ്നേഹത്തിന്റെ ഒരു കുഴിയിൽക്കൂടി മോഹൻലാൽ വീണു എന്നുമാത്രമാണ്. വേണ്ടപ്പെട്ടവർ കുഴിച്ച കുഴിയിൽ ലാൽ എത്രയോ തവണ വീണിട്ടുണ്ട്. തൊട്ടടുത്ത പറമ്പിൽ അവർ‌തന്നെ വീണ്ടുമൊരു കുഴി കുഴിച്ചാൽ അവിടെപ്പോയും ചാടും. അവർക്കു സന്തോഷം കിട്ടുമെങ്കിൽ നമ്മളായിട്ടു കളയണോ എന്നു ചോദിച്ചും. അത്തരമൊരു കുഴിയിൽ, പഴയ ഗുരു സുകുമാരന്റെ സെന്റിമെന്റ്സെല്ലാം വിചാരിച്ചു വീണു എന്നാണു കരുതിയത്. 

lucifer-movie-review-5

 

lucifer-sukumaran-prithviraj-1

സിനിമയുടെ ബജറ്റ് േകട്ടപ്പോൾ ഞെട്ടിപ്പോയി. ഇയാളിത് എന്തിനുള്ള പുറപ്പാടാണ് എന്നും തോന്നി. അതുകൊണ്ടുതന്നെ ഷൂട്ടു നടക്കുന്ന ഒരു ദിവസംപോലും കാണാൻ പോയതുമില്ല. എവിടെയോ ഒരു മനപ്രയാസം. ലൂസിഫർ കാണാൻ ആദ്യ ദിവസം തിയറ്ററിൽ ഇരിക്കുമ്പോൾ സത്യത്തിൽ പേടിയുണ്ടായിരുന്നു. ഈ വലിയ ഹൈപ്പിൽ പടം വീണുപോയാൽ ലാലിനെ ചവിട്ടിക്കൂട്ടാനായി ഷൂ ലേസ് കെട്ടിയിരിക്കുന്ന എത്രയോ പേരുണ്ടെന്നുറപ്പാണ്. അതിൽ അമ്മയിലെ വനിതാ വിവാദംവരെ വരും. സന്ധ്യയ്ക്കു ചർച്ചയ്ക്കു പോകാൻ തയ്യാറായി പലരും ഇരിക്കുമെന്നും ഉറപ്പായിരുന്നു. 

mohanlal-prithvi-lucifer

 

സമയം കഴിയുന്തോറും പൃഥിയെന്ന സംവിധായകനെ സ്നേഹിച്ചു തുടങ്ങി. ഇതൊരു മഹത്തായ സിനിമയോ മലയാള സിനിമയുടെ നെഞ്ചിൽ നാട്ടിയ നാഴികല്ലോ ഒന്നുമല്ല. ന്യൂജൻ സിനിമപോലെ മലയാള സിനിമയുടെ ഗ്രാമറും അലകും പിടിയും സൗന്ദര്യാത്മ ദ്വന്താത്മകതയും ഒന്നും മാറ്റാൻ പോന്ന സിനിമയുമല്ല. ഇതൊരു നല്ല കച്ചവട സിനിമയാണ്. മലയാളിയെ തിയറ്ററിലേക്കു വരുത്തി ഈ വ്യവസായത്ത പച്ച പിടിപ്പിക്കുന്നൊരു സിനിമ. ഏതു സംവിധായകനും മോഹം ജനം തിയറ്ററിൽ നിറഞ്ഞൊഴുകണം എന്നുതന്നെയാണ്. അല്ലാതെ ഊശാൻ താടി തടവി നാലു പേർ മറൈൻഡ്രൈവലിരുന്നു തന്റെ സിനിമയെക്കുറിച്ചു കൂലംകഷമായി ഇഴ പിരിച്ചു സംസാരിക്കണം എന്നല്ല. 

 

പൃഥിരാജ് ഉണ്ടാക്കിയിരിക്കുന്നതൊരു വമ്പൻ സിനിമയാണ്. ഇതു പടച്ചുണ്ടാക്കുക അത്ര എളുപ്പമല്ല. ഇതുവരെ കണ്ട പൃഥിരാജിനു അതിനുകഴിവുണ്ടെന്നു തോന്നിയിട്ടില്ല. പല സിനിമകളുടെ ലൊക്കേഷനിലും ക്യാമറയ്ക്കു പുറകിൽ നിന്നു ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്ന പൃഥിയെ കണ്ടിട്ടുണ്ട്. എന്നാൽ ട്യൂഷൻ ക്ളാസുപോലെ പൃഥി പഠിക്കുകയായിരുന്നുവെന്നു ഇപ്പോൾ തിരിച്ചറിയുന്നു. രണ്ടു വീടിനകത്തും പുറത്തുമായി ചെയ്തെടുക്കുന്നതുപോലെയല്ല ഇത്. വലിയ സ്ഫോടനങ്ങൾ, കാർ ചെയ്സുകൾ എന്നിവയെല്ലാം ചെയ്തു തീർക്കണമെങ്കിൽ അതിനു പരിചയ സമ്പന്നത വേണം. 

 

ആരുടെ കീഴിലും നിന്നു പണി പഠിക്കാതെ ക്യാമറയ്ക്കു പുറകിൽനിന്നും ചോദിച്ചു ചോദിച്ചു ഈ ചെറുപ്പക്കാരൻ ഇതു പഠിച്ചെടുത്തുവെന്നു പറയുമ്പോൾ അദ്ഭുതം തോന്നുന്നു.  പൃഥിയുടെ എല്ലാ കുറവുകളും മനസ്സിൽനിന്ന് അലിഞ്ഞില്ലാതാകുന്നു. ഐ.വി.ശശിയും ജോഷിയും ഷാജി കൈലാസും രഞ്ജിത്തും ചെയ്തെന്തോ അതുതന്നെയാണു പൃഥി ചെയ്തിരിക്കുന്നത്.വണ്ടി വലിക്കുന്നവർ മുതൽ ജില്ലാ കലക്ടർക്കുവരെയുള്ളൊരു സിനിമ. ബുദ്ധിജീവികൾക്കും ആരും കാണാതെ പോയി കണ്ടു ചീത്തപറയാനും അതിലെ ജാതിയും മതവും വേർതിരിക്കാനും പറ്റിയൊരു സിനിമ.  

 

പൃഥിരാജ് എന്നു സ്ക്രീനിൽ തെളിയുമ്പോൾ അതൊരു ലഹരിയായി തിയറ്ററിൽ പടരുന്നതു കണ്ടു. എത്രയോ വർഷത്തെ അധ്വാനത്തിനു ശേഷമാണു പലർക്കും ഈ ഭാഗ്യം കിട്ടുന്നത്. അപ്പോൾ പറയാം ഒരു ചക്ക വീണപ്പോൾ മുയലു ചത്തു എന്ന്. പക്ഷെ മുയലിനെ കണ്ടാലറിയാം ഇതു ഒരു ചക്ക വീണാലൊന്നും ചാവുന്ന മുയലല്ല എന്ന്. തിയറ്ററിനെ തീ പിടിപ്പിക്കാൻ ഇങ്ങിനെ ചിലരില്ലെങ്കിൽ മലയാള സിനിമയുടെ കഞ്ഞി കുടി മുട്ടിപ്പോകും. മൾട്ടിപ്ളക്സിൽ കിടന്നു കറങ്ങിയാൽ കഞ്ഞിപോയിട്ടു കഞ്ഞിവെള്ളംപോലും കുടിക്കാതെ ചത്തുപോകാനുളള ആരോഗ്യമെ മലയാള സിനിമയ്ക്കുള്ളു. 

 

കച്ചവടക്കാരനാകുമ്പോൾ നല്ല കച്ചവടക്കാരനാകണം. പൃഥി നല്ല കച്ചവടക്കാരനായിരിക്കുന്നു. നല്ല കച്ചവടക്കാർ നന്നായി പെരുമാറുകയും സംസാരിക്കുകയും ഭൂമിയോളം താഴുകയും ചെയ്യും. അത്തരമൊരു പൃഥിയെയാണു രണ്ടു ദിവസം മുൻപു കണ്ടത്. നമുക്കു വിശുദ്ധന്മാർ മാത്രം പോരല്ലോ. കച്ചവടക്കാരും വേണ്ടേ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com