ADVERTISEMENT

പുലിമുരുകൻ സിനിമയിലെ വില്ലൻ കഥാപാത്രമായ ഡാഡി ഗിരിജയെ ഗംഭീരമാക്കിയത് തെലുങ്ക് താരം ജഗപതി ബാബുവാണ്. എന്നാൽ സിനിമയുടെ ചിത്രീകരണത്തിനിടിയിൽ ജഗബതി ബാബുവിനെ നീക്കി മറ്റൊരു താരത്തെ ഉൾപ്പെടുത്താൻ അണിയറപ്രവർത്തകർ ആലോചിച്ചിരുന്നത്രേ. സംവിധായകൻ വൈശാഖിനെ പ്രശംസിച്ച്് ചലച്ചിത്രപ്രവർത്തകനായ അശ്വനി സുശീലന്‍ എഴുതിയ കുറിപ്പിലാണ് ഈ സംഭവം പ്രതിപാദിക്കുന്നത്. സംവിധായകൻ വൈശാഖിന്റെ ദീർഘവീക്ഷണത്തിലാണ് ആ തീരുമാനം മാറിമറിഞ്ഞതെന്നും മികച്ച സംവിധായകൻ മാത്രമല്ല നല്ലൊരു സാങ്കേതികപ്രവർത്തകൻ കൂടിയാണ് ൈവശാഖ് എന്നും അശ്വനി പറയുന്നു.

 

അശ്വനി എഴുതിയ കുറിപ്പ് വായിക്കാം–

 

സംവിധായകൻ വൈശാഖ് നിസ്സാര കക്ഷിയല്ല. ടെക്നീഷ്യന്റെ ക്രിയേറ്റിവിറ്റി അതിന്റെ പരമാവധി ഉപയോഗിക്കാൻ അറിയാവുന്ന സംവിധായകൻ. പുലിമുരുകനു മുൻപുള്ള സിനിമകൾ വച്ചാണ് അദ്ദേഹത്തെ പുലിമുരുകൻ ഷൂട്ടിങ് നടക്കുന്ന സമയത്ത്, സിനിമാ ആസ്വാദകർ വിലയിരുത്തിയത്. എനിക്കും ഉണ്ടായിരുന്നു ഈ ആശങ്ക. പറയുമ്പോൾ പുലിമുരുകൻ, ഫൈറ്റ് കൊണ്ടാണ് കയറിപോയത് എന്നു പൊതുവേ പറയാമെങ്കിലും സംഗതി അങ്ങനല്ല. അങ്ങനെയാണെങ്കിൽ പിന്നീടുള്ള എത്രയോ സിനിമകൾ പീറ്റർ മാസ്റ്റർ ചെയ്തു.... മാസ്റ്റർ ക്രിയേറ്റീവ് ആണ്. 

 

ഫൈറ്റ്, മികച്ച മാസ്റ്റർ ചെയ്തു എന്നത് കൊണ്ട് സിനിമ സ്വീകരിക്കപ്പെടണമെന്നില്ല. സിനിമയുടെ സംവിധായകനും ഫൈറ്റിനെക്കുറിച്ച് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ഒരു സെൻസ് ഉണ്ടാകണം. അത് വൈശാഖേട്ടന് ഉണ്ടായിരുന്നു. പലപ്പോഴും പീറ്റർ മാസ്റ്റർ ഫൈറ്റ് എടുക്കുന്ന സമയത്ത് വൈശാഖേട്ടൻ ഒരു വാക്കിംഗ് സ്റ്റിക്കും കൊണ്ട് കുറുക്കനെപ്പോലെ നിൽക്കും. കൈയിൽ ഒരു നീളൻ സിഗരറ്റും കൊളുത്തി... എന്താണ് ഷൂട്ട് ചെയ്യുന്നത് എന്ന വ്യക്തമായ ധാരണ വൈശാഖേട്ടന് ഉണ്ട്. അടുത്ത് എടുക്കാൻ പോകുന്ന ഫൈറ്റ് ഷോട്ട് എങ്ങനെ വേണമെന്ന് മനസ്സിൽ പക്കാ എഡിറ്റിങ് ആണ്. പക്ഷേ അതും പറഞ്ഞു മാസ്റ്ററുടെ മുന്നിൽ ആളാവാനും പോകില്ല. ടെൻഷൻ ഉണ്ടേലും അത് പുറത്തു കാണിക്കില്ല. 

 

ഒരു ദിവസം പുലിമുരുകൻ, ഫോർട്ട് കൊച്ചിയിൽ ഷൂട്ട് നടക്കുന്ന സമയം. വില്ലൻ ഡാഡി ഗിരിജയായി, ജഗപതി ബാബു സെറ്റിൽ ആദ്യം വന്ന ദിവസം. പുള്ളിക്ക് അന്ന് നല്ല സുഖമില്ലായിരുന്നു. ഡയലോഗൊന്നും പറയാൻ പോലും പറ്റുന്നില്ല. ശരീരം മൊത്തം വിറയൽ പോലെ. ചെയ്യാൻ പോകുന്നത് സൂപ്പർ താരത്തിന്റെ വില്ലൻ വേഷവും. പ്രൊഡ്യൂസർ അടക്കമുള്ള ടീം ആകെ നിരാശയുടെ വക്കിൽ. ഉച്ചയ്ക്ക് മുൻപ് ഷൂട്ടിങ് ഒന്ന് ബ്രേക്ക് ചെയ്തു. 

 

നിർമാതാവിന്റെ നേതൃത്വത്തിൽ പുറത്ത് മേശയ്ക്ക് ചുറ്റുമിരുന്ന് ചർച്ച... എന്ത് ചെയ്യണം... മാറ്റി പുതിയ ആരേലും നോക്കിയാലോ... തമിഴ് നടൻ പ്രഭുവിനെ ആയിരുന്നു ആദ്യം പരിഗണിച്ചത്. പിന്നീട് ആണ് അത് ജഗപതി ബാബുവിൽ എത്തിയത്. ഇനി ആരെ കണ്ടെത്തും? അവിടെ ഒരു ലീഡറിന്റെ... ഒരു സൈന്യാധിപന്റെ നേതൃത്വപാടവത്തിൽ വ്യക്തമായ പ്ലാനിങ് ഉള്ള സംവിധായകൻ വൈശാഖ് പറഞ്ഞു " ഇദ്ദേഹം മതി... ഞാൻ ചെയ്യിച്ചോളാം " 

 

പിന്നീട് അങ്ങോട്ട് ഒരു കുഞ്ഞിനെ കൈകാര്യം ചെയ്യുന്നപോലെ അദ്ദേഹം ജഗപതി ബാബുവിനെ കൈകാര്യം ചെയ്തു. ഉണ്ടായതോ........ ചരിത്രം ... മധുരരാജ ഇതുപോലുള്ള രസിപ്പിക്കുന്ന മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഒരു മാസ് എന്റർടെയ്നറാകുമെന്ന് ഞാൻ വിശ്വസിക്കുന്നു..... ഈ സിനിമയും കൂടെ ബ്ലോക്ക് ബസ്റ്റർ ആയാൽ ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ ഉത്സവചിത്രങ്ങളുടെ ഹിറ്റ്മേക്കർ ആകും സംവിധായകൻ വൈശാഖ്.....ആശംസകൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com