ADVERTISEMENT

താൻ ഏറ്റവും കുറവ് ജോലി ചെയ്ത സിനിമ ലൂസിഫറാണെന്നും പൃഥിരാജ് എഴുതി വച്ചതിനനുസരിച്ച് ആളുകളെ കൊണ്ട് ചെയ്യിക്കുക മാത്രമായിരുന്നു തന്റെ ജോലിയെന്നും ലൂസിഫറിന്റെ ആക്‌ഷൻ കൊറിയോഗ്രാഫർ സ്റ്റണ്ട് സിൽവ. ഒാരോ ഷോട്ടും ഏതെന്നു പൃഥിരാജിന് നല്ല നിശ്ചയം ഉണ്ടായിരുന്നെന്നും താൻ ആ സിനിമയിലെ സ്റ്റണ്ട് കോഓർഡിനേറ്റർ മാത്രമാണെന്നും യഥാർഥ ആക‌്‌ഷൻ ഡയറക്ടർ പൃഥ്വിയാണെന്നും സിൽവ മനോരമ ഒാൺലൈനിനോട് പറഞ്ഞു. 

 

Happy Birthday Prithviraj - Lalettan & Team Lucifer

‘ലാൽ സാർ ഒരു വിസ്മയമാണ്. അദ്ദേഹത്തിനൊപ്പം നേരത്തെയും പല സിനിമകളിൽ ജോലി ചെയ്തിട്ടുണ്ട്. അഭിനയിക്കുമ്പോഴുള്ള ലാൽ സാറല്ല ആക്‌ഷൻ ചെയ്യുമ്പോഴുള്ള ലാൽ സാർ. ലൂസിഫറിലെ മറ്റു രംഗങ്ങളി‍ൽ നിന്നു വ്യത്യസ്തമായാണ് ലാൽ സാർ അതിന്റെ ആക്‌ഷൻ രംഗങ്ങളിൽ എത്തുന്നത്. അത്തരം രംഗങ്ങളിൽ അദ്ദേഹം 13 വയസ്സുള്ള ഒരു കുട്ടിയാണ്. തല കുത്തി നിൽക്കാൻ പറഞ്ഞാൽ അതും അദ്ദേഹം ഉടനടി ചെയ്യും. ഒന്നും ഒരിക്കലും പറ്റില്ല എന്നദ്ദേഹം പറയില്ല. ആക്‌‌ഷനെന്നു പറഞ്ഞാൽ അദ്ദേഹത്തിന് ഭ്രാന്താണ് സത്യത്തിൽ. ജൂനിയർ സ്റ്റണ്ട് ആർട്ടിസ്റ്റുകളെക്കാൾ ആവേശത്തോടും കൃത്യതയോടുമാണ് അദ്ദേഹം ആക്‌ഷൻ രംഗങ്ങളിൽ പെരുമാറുന്നത്.’ സിൽവയുടെ വാക്കുകളിൽ ആവേശം നിറയുന്നു. 

 

mohanlal-lucifer-poster-row-story

‘പൃഥ്വിരാജാണ് സംവിധായകൻ  എന്നറിഞ്ഞപ്പോൾ ‘ആരാണ് അയാൾ’ എന്നാണ് ഞാൻ ചോദിച്ചത് ? പൃഥ്വിരാജിനൊപ്പം നേരത്തെ വർക്ക് ചെയ്തിട്ടുണ്ടെങ്കിലും ആ പൃഥ്വിയും ഇൗ പൃഥ്വിയും ഒന്നാണെന്ന് അറിയില്ലായിരുന്നു. ഇൗ ചിത്രത്തിലെ എന്റെ ജോലി എന്നതു പേരിനു മാത്രമാണ്. കാരണം പൃഥ്വി എല്ലാം എഴുതി വച്ചിട്ടുണ്ടായിരുന്നു. ലാൽ സാർ വരുന്നതും ‘വാടാ’ എന്നു പറയുന്നതും മുണ്ട് മടക്കി കുത്തുന്നതും അങ്ങനെ എല്ലാം. എന്റെ ജോലി എന്നതു ഇതൊക്കെ ചെയ്യിച്ചെടുക്കുക എന്നതു മാത്രമായിരുന്നു. ഞാൻ പൃഥ്വിയോട് പറഞ്ഞു ‘താങ്കളാണ് ശരിക്കും സ്റ്റണ്ട് ഡയക്ടർ, ഞാൻ വെറും കോഓർഡിനേറ്റർ മാത്രമാണ് എന്ന്’ സിൽവ പറഞ്ഞു. 

 

‘ചിത്രത്തിൽ ഒരിടത്തും ഒരിക്കൽ പോലും കേബിൾ ഉപയോഗിച്ചുള്ള ഫൈറ്റ് രംഗങ്ങൾ ചെയ്തിട്ടില്ല. ചാടിയുള്ള കിക്കുകളും മറ്റും ലാൽ സാർ സ്വന്തമായി ചെയ്തതാണ്. കേബിൾ ആവശ്യമില്ലാത്ത ഫൈറ്റ് മതി എന്ന് പൃഥ്വിരാജും ആദ്യമേ പറഞ്ഞിരുന്നു. പൊലീസുകാരന്റെ നെഞ്ചത്ത് ചവിട്ടി നിന്നുള്ള ആക്‌ഷൻ രംഗം പൃഥ്വിരാജാണ് ഷൂട്ട് ചെയ്തത്. ഞാൻ ആ സമയത്ത് അവിടെ ഇല്ലായിരുന്നു. അത് അദ്ദേഹത്തിന്റെ മാത്രം ഐഡിയ ആയിരുന്നു. നിങ്ങൾ ആ രംഗത്തെക്കുറിച്ച് അദ്ഭുതപ്പെടുന്നുണ്ടെങ്കിലും എനിക്ക് അങ്ങനെ ഒന്നും തോന്നുന്നില്ല. കാരണം അതല്ല അതിനപ്പുറവും ലാൽ സാറിന് സാധിക്കും എന്ന് എനിക്കറിയാം.’ സിൽവ പറയുന്നു.

 

ലൂസിഫർ പുറത്തിറങ്ങിയ ശേഷം ആന്റണി പെരുമ്പാവൂർ തന്നെ വിളിച്ച് അത്യധികം ആവേശത്തോടെ സിനിമയുടെ വിജയത്തെക്കുറിച്ച് സംസാരിച്ചെന്നു സിൽവ പറയുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്തത്ര ഒരു വലിയ തുകയുടെ ചെക്കും റിലീസിനു ശേഷം അയച്ചു തന്നെന്നും അദ്ദേഹത്തെ പോലുള്ള നിർമാതാക്കാൾ മലയാള സിനിമയുടെ ഭാഗ്യമാണെന്നും സിൽവ കൂട്ടിച്ചേർക്കുന്നു. ദുൽക്കർ സൽമാൻ നായകനാകുന്ന ഒരു യമണ്ടൻ പ്രണയകഥയാണ് സിൽവയുടെ പുതിയ മലയാള ചിത്രം. പ്രഭാസ് നായകനാകുന്ന സാഹോ എന്ന ബിഗ് ബജറ്റ് സിനിമയ്ക്കായാണ് അദ്ദേഹം ഇപ്പോൾ ജോലി ചെയ്യുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT