ADVERTISEMENT

സത്യൻ അന്തിക്കാടിന്റെ മകൻ, ലാൽ ജോസിന്റെ അസോഷ്യേറ്റ് എന്നിങ്ങനെയുള്ള പരിചയപ്പെടുത്തലുകൾക്ക് അവധി നൽകി, മലയാള സിനിമയിൽ പുതിയൊരു മേൽവിലാസം സൃഷ്ടിക്കാനൊരുങ്ങുകയാണ് യുവചലച്ചിത്രകാരനായ അനൂപ് സത്യൻ. സിനിമ രക്തത്തിൽ തന്നെ ഉണ്ടായിരുന്നെങ്കിലും ആദ്യം തിരഞ്ഞെടുത്ത കരിയർ സോഫ്റ്റ്‌വയർ എൻജിനീയറിങ്. എന്നാൽ, അധികം താമസിയാതെ വിപ്രോയിലെ സോഫ്റ്റ്വെയർ എൻജിനീയർ ഉദ്യോഗം രാജിവച്ച് അനൂപ് സിനിമ പഠിക്കാനിറങ്ങി. എൻഐഡി (നാഷ്നൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍) യിൽ രണ്ട് വർഷം ഫിലിം മെയ്ക്കിങ് പഠനം. മികച്ച സംവിധായകൻ ഉൾപ്പടെയുള്ള പുരസ്കാരങ്ങൾ കൂടി നേടിയാണ് എൻഐഡിയിൽ നിന്ന് അനൂപ് യഥാർത്ഥ സിനിമാലോകത്തേക്ക് ഇറങ്ങുന്നത്. പിന്നീട് ലാൽ ജോസിന്റെ കൂടെ അഞ്ച് സിനിമകളിൽ അസോഷ്യേറ്റ്. ഇപ്പോഴിതാ അച്ഛന്റെ പാതയിൽ ആദ്യ സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു. 

 

ഏതൊരു സിനിമാപ്രേമിയും കൊതിച്ചുപോകുന്ന സ്വപ്നതുല്യമായ താരനിരയാണ് അനൂപ് സത്യനെന്ന നവാഗത സംവിധായകന്റെ ആദ്യചിത്രത്തിൽ ഒരുമിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളായി ശോഭനയും നസ്രിയയും മറ്റൊരു പ്രധാനവേഷത്തിൽ സുരേഷ് ഗോപിയും. ആദ്യ സിനിമയുടെ വിശേഷങ്ങളുമായി അനൂപ് സത്യൻ മനോരമ ഓൺലൈനിനൊപ്പം:   

 

ജൂണിൽ തുടങ്ങും

 

‘ചെന്നൈയിൽ സ്ഥിരതാമസമാക്കിയ രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. നസ്രിയ, ശോഭന മാം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. സുരേഷ് ഗോപി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയുടെ ചിത്രീകരണം ജൂണിൽ ആരംഭിക്കാനാണ് പദ്ധതി. ചെന്നൈയാണ് പ്രധാന ലൊക്കേഷൻ. അൽഫോൻസ് സംഗീതം; മുകേഷ് മുരളീധരൻ ഛായാഗ്രഹണം. ചിത്രം ഈ വർഷം തന്നെ റിലീസ് ചെയ്യും’.–അനൂപ് മനോരമ ഓൺലൈനോട് പറഞ്ഞു.

 

ഡ്രീം കോംപോ

 

‘ഇവർ മൂന്നുപേരുടെയും കോംപിനേഷൻ തന്നെയാകും ചിത്രത്തിന്റെ പ്രധാന ആകർഷണം. ഡ്രീം കോംപോ. വിവാഹം കഴിഞ്ഞ് സിനിമയിൽ നിന്നും താൽക്കാലികമായി വിട്ടുനിൽക്കുന്ന ആളാണ് നസ്രിയ. ഇന്ത്യയിലെ തന്നെ തിരക്കേറിയ നർത്തകിമാരിൽ ഒരാളായ ശോഭന മാം സിനിമയിൽ അഭിനയിച്ചിട്ട് ഇപ്പോൾ ആറുവർഷത്തോളമായി. രാഷ്ട്രീയത്തിരക്കുകളാൽ സുരേഷ് ഗോപി സാറും സിനിമയിൽ നിന്നും അകന്നുനിൽക്കുന്നു. നസ്രിയയെ നേരിട്ട് അറിയുമെങ്കിലും ശോഭന മാമിനെയും സുരേഷ് ഗോപി സാറിനെയും സിനിമയിൽ മാത്രം കണ്ടുള്ള പരിചയമേ ഒള്ളൂ.’

 

'മാസ്' അല്ല, 'റിയൽ'!

 

നസ്രിയ, ശോഭന മാം, സുരേഷ് ഗോപി സാർ ഇവർ മൂന്നുപേരുടെയും കഥാപാത്രങ്ങളാണ് പൂർണമായും കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്. മാസ് പരിവേഷമുള്ള സുരേഷ് ഗോപി കഥാപാത്രങ്ങളില്‍ നിന്നും റിയൽ സുരേഷ് ഗോപിയെ ആണ് ചിത്രത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. ‘ഇന്നലെ’യിലെയും, ‘മണിച്ചിത്രത്താഴി’ലെയും അദ്ദേഹത്തിന്റെ വേഷങ്ങൾ എനിക്ക് ഏറെ ഇഷ്ടമാണ്. അതുപോലെ റിയൽ ആയ ഒരാളായാകും ഈ സിനിമയിലും അദ്ദേഹം എത്തുക.

 

കഥ കേട്ടു സമ്മതം മൂളി

 

നാഷ്നൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പഠിക്കുമ്പോൾ ഒരു സ്റ്റോറി വർക്‌ഷോപ്പ് ചെയ്യുന്നതിനു വേണ്ടി ആലോചിച്ച പ്രണയകഥയിൽ നിന്നാണ് ഇപ്പോഴുള്ള തിരക്കഥ രൂപപ്പെട്ടത്. അതൊരു വ്യത്യസ്തമായ പ്രണയകഥയായിരുന്നു. എന്നാൽ ഇപ്പോൾ ഈ കാസ്റ്റിങിലൂടെ കഥക്കൊരു മാജിക് വന്നുവെന്ന് എനിക്കുതോന്നുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും ഞാൻ തന്നെയാണ് തയാറാക്കിയിരിക്കുന്നത്. 

 

ചെന്നൈയിൽവച്ചാണ് ശോഭന മാമിനോട് കഥ പറയുന്നത്. അരമണിക്കൂറായിരുന്നു എനിക്ക് തന്നത്. കഥ കേട്ടിരുന്ന് അത് ഒന്നര മണിക്കൂറായി. സുരേഷ് സാറിനെയും നേരിട്ടെത്തി കഥ പറഞ്ഞുകേൾപ്പിച്ചു. കഥ ഇഷ്ടപ്പെട്ട രണ്ട് പേരും ചിത്രത്തിന് സമ്മതം മൂളുകയായിരുന്നു.

 

2005ല്‍ ജയരാജ് സംവിധാനം ചെയ്ത ‘മകള്‍ക്ക്’ എന്ന ചിത്രത്തിലാണ് ശോഭനയും സുരേഷ് ഗോപിയും അവസാനമായി ഒരുമിച്ചത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തെത്തിയ ‘തിര’യാണ് ശോഭന അവസാനമായി അഭിനയിച്ച ചിത്രം .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com