ADVERTISEMENT

ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ വയനാടുകാരി ശ്രീധന്യയെ സന്ദർശിച്ച് സന്തോഷ് പണ്ഡിറ്റ്. വയനാട്ടിലെ പൊഴുതനിയിലുളള ശ്രീധന്യയുടെ ഭവനത്തിലെത്തിയാണ് പണ്ഡിറ്റ് തന്റെ അഭിനന്ദനങ്ങൾ നേർന്നത്. ശ്രീധന്യയുടെ കുടുംബം നേരിടുന്ന കഷ്ടപ്പാടുകൾ നേരിട്ട് മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ അതിനുള്ള മാർഗവും കണ്ടെത്തിയെന്നതാണ് ശ്രദ്ധേയം. കുട്ടികൾക്ക് കിടക്കാൻ കട്ടിലും സാധനങ്ങൾ വയ്ക്കാൻ അലമാരയും പണ്ഡിറ്റ് നൽകുകയുണ്ടായി. സന്തോഷ് പണ്ഡിറ്റ് നൽകിയ സഹായം ജീവിതത്തിലൊരിക്കലും മറക്കില്ലെന്നും ഇന്നുമുതൽ കുട്ടികൾ സുഖമായി ഉറങ്ങുമെന്നും ശ്രീധന്യയുടെ മാതാപിതാക്കളായ സുരേഷും മാതാവ് കമലയും പറഞ്ഞു.

 

കുറിച്യ വിഭാഗത്തിൽപ്പെട്ട ശ്രീധന്യയ്ക്കു തന്റെ രണ്ടാം പരിശ്രമത്തിലാണ് ഐതിഹാസിക നേട്ടം കരസ്ഥമാക്കാനായത്. ശ്രീധന്യയുടെ വിജയവാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് സന്തോഷ് പണ്ഡിറ്റ് അവരുടെ വീട്ടിൽ എത്തിയത്. വീടിന്റെ അവസ്ഥ നേരിട്ട് കണ്ടറിഞ്ഞ് അപ്പോൾ തന്നെ അടിയന്തരമായി ആവശ്യമുള്ള കട്ടിലും മെത്തയും ഷെൽഫും ഏതാനും കസേരകളും വാങ്ങി നൽകിയ ശേഷമാണ് താരം മടങ്ങിയത്. താനൊരു കോടിശ്വരൻ ഒന്നുമല്ല, എങ്കിലും എനിക്ക് സാധിക്കുന്നത് ചെയ്തുതരാമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. എന്താണ് ഉടൻ അത്യാവശ്യമുള്ള സാധനങ്ങളെന്ന് ചോദിച്ചറിഞ്ഞ ശേഷമാണ് ഇവ നൽകിയത്. ഒരുപാട് പേർ അഭിനന്ദനങ്ങളും വാഗ്ദാനങ്ങളും നൽകിയെങ്കിലും ആദ്യമായിട്ടാണ് ഒരാൾ ആവശ്യം പറഞ്ഞപ്പോൾ തന്നെ, അത് നിറവേറ്റ് തരുന്നതെന്ന് നന്ദിയോടെ ശ്രീധന്യയുടെ അച്ഛൻ പറഞ്ഞു. സന്തോഷ് പണ്ഡിറ്റ് വീട് സന്ദർശിക്കുന്ന വിഡിയോ അദ്ദേഹം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

 

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വായിക്കാം–

 

ഞാൻ ഇന്ന് വയനാട് ജില്ലയിലെ പൊഴുതനയില്‍ എത്തി, ഇത്തവണ ഐഎഎസ് നേടിയ ശ്രീധന്യ എന്ന മിടുക്കിയെ നേരില്‍ സന്ദ൪ശിച്ചു അഭിനന്ദിച്ചു. (വയനാട്ടില്‍ നിന്നും ആദ്യ വിജയ്)..എനിക്ക് അവിടെ ചില കുഞ്ഞു സഹായങ്ങള്‍ ചെയ്യുവാൻ സാധിച്ചതില്‍ അഭിമാനമുണ്ട്.

 

അവരും മാതാപിതാക്കളും മറ്റു വീട്ടുകാരും വളരെ സ്നേഹത്തോടെ എന്നെ സ്വീകരിച്ചു. വളരെ കഷ്ടപ്പാട് സഹിച്ച് ചെറിയൊരു വീട്ടില്‍ താമസിച്ച് അപാരമായ ആത്മ വിശ്വാസത്തോടെ പ്രയത്നിച്ചാണ് അവർ ഈ വിജയം കൈവരിച്ചത്. അവരുടെ വിജയം നമ്മുക്കെല്ലാം പ്രചോദനമാണ്.

 

കഴിഞ്ഞ പ്രളയ സമയത്ത് ഒരു മാസത്തോളം വയനാടിലെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചിട്ടും ഇവരുടെ വീടിനടുത്ത് വരെ ചെന്നിട്ടും അന്ന് ആ കുടുംബത്തെ കാണുവാൻ സാധിക്കാത്തതില്‍ എനിക്ക് ഇപ്പോള്‍ വിഷമമുണ്ട്. ഇനിയും നിരവധി പ്രതിഭകള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com