ADVERTISEMENT

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ പ്രദർശനത്തിനെത്തി. പോക്കിരിരാജയുടെ രണ്ടാം ഭാഗമായി എത്തിയ മധുരരാജ അക്ഷരാർത്ഥത്തിൽ ആഘോഷചിത്രമാണെന്നാണ് ആദ്യപകുതി പിന്നിടുമ്പോൾ ലഭിക്കുന്ന റിപ്പോർട്ട്.

 

മമ്മൂട്ടിയുടെ മാസ് രംഗങ്ങളും തമാശയും നിറഞ്ഞു നിൽക്കുന്ന ആദ്യ പകുതി വേറെ ലെവലാണെന്ന് ആരാധകർ പറയുന്നു. ആദ്യ അരമണിക്കൂറിനു ശേഷമാണ് മമ്മൂട്ടിയുടെ മാസ് എൻട്രി. സൂപ്പർ ഹിറ്റ് ചിത്രത്തിനുള്ള ചേരുവകളുമായാണ് മധുരരാജ എത്തുന്നത്. വൈപ്പിനിലാണ് കഥ നടക്കുന്നത്. വ്യാജമദ്യ മാഫിയക്കെതിരെയാണ് മധുരരാജയുടെ പടയൊരുക്കം. പോക്കിരിരാജയിൽ പൃഥ്വിരാജാണ് മമ്മൂട്ടിയുടെ വലംകൈ ആയിരുന്നതെങ്കിൽ പുതിയ ചിത്രത്തിൽ തമിഴ് താരം ജെയ് ആണ് ആ വിടവു നികത്തുന്നത്. മഹിമാ നമ്പ്യാരുമായുള്ള ജെയ്യുടെ പ്രണയം ആദ്യ പകുതിയെ വർണാഭമാക്കുന്നു. യഥാർത്ഥ കളി ഇവിടെ തുടങ്ങുന്നു എന്നു വ്യക്തമാക്കിക്കൊണ്ടാണ് ചിത്രം ഇടവേളയിലേക്കു പ്രവേശിക്കുന്നത്. 

 

ആക്ഷനും തമാശയും

 

ആക്ഷനും തമാശക്കും അപ്പുറം നിരവധി സർപ്രൈസുകളുമായാണ് മധുരരാജയെത്തുന്നത് എന്ന് സംവിധായകൻ വൈശാഖ് പറയുന്നു. മധുരരാജയിൽ നൂറ് ശതമാനം പ്രതീക്ഷയുണ്ട്. എല്ലാ പ്രേക്ഷകരും ഒരുപോലെ ആസ്വദിക്കുന്ന ചിത്രമായിരിക്കും മധുര രാജയെന്ന് വൈശാഖ് മനോരമ ന്യൂസ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

 

മമ്മൂട്ടിയെന്ന നടനെ പൂര്‍ണമായി ഉപയോഗപ്പെടുത്തിയ ഒരു ചിത്രം കൂടിയാണ് മധുരരാജ. പേരൻപിന് ശേഷം മലയാളികൾ ഇനി മമ്മൂക്കയെ കാണുന്നത് മധുരരാജയിലൂടെയാണ്. പേരൻപിൽ നിന്ന് തീർത്തും വ്യത്യസ്തമായ ചിത്രമാണ് മധുരരാജ. ഒരു നടനെന്ന നിലയിലുള്ള മമ്മൂക്കയുടെ പൂർണതയാണ് ഇത് വ്യക്തമാക്കുന്നത്.

 

മമ്മൂക്ക സ്പെഷ്യൽ സർപ്രൈസ്

 

ഒരു നടനെന്ന നിലയിൽ പ്രേക്ഷകർക്കായി ഒരുപാട് സർപ്രൈസുകള്‍ മമ്മൂക്ക ചിത്രത്തിൽ ഒരുക്കിവെച്ചിട്ടുണ്ട്. സാധാരണ പ്രതീക്ഷകൾക്കപ്പുറത്തായിരിക്കും അതെന്ന് ഞാൻ ഉറപ്പുതരുന്നു. നിങ്ങൾ കരുതുന്നതുപോലെ ആക്ഷനും തമാശയും മാത്രമല്ല മധുരരാജയിൽ ഉള്ളത്. വൈകാരികത നിറഞ്ഞ് നിരവധി അഭിനയമുഹൂർത്തങ്ങളുൾപ്പെടെ ചിത്രത്തിലുണ്ട്.

 

പോക്കിരിരാജയിൽ നിന്നൊരുപാട് വ്യത്യാസമുള്ള ചിത്രമാണ് മധുരരാജ. പത്തുവര്‍ഷങ്ങൾക്ക് ശേഷം സംഭവിക്കുന്ന സിനിമയായതുകൊണ്ടുതന്നെ, അതിന്റേതായ വ്യത്യാസങ്ങൾ കഥയിലും കഥാപാത്രത്തിലും കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. പോക്കിരിരാജയിൽ താരമെന്ന നിലയിലാണ് മമ്മൂക്കയെ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ മധുരരാജയിൽ മമ്മൂട്ടിയെന്ന നടനെയാണ് ഫോക്കസ് ചെയ്തിരിക്കുന്നത്. 

 

പ്രതീക്ഷ 'പുലിമുരുകനോളം'

 

പുലിമുരുകൻ പ്രേക്ഷകർ എങ്ങനെയാണ് സ്വീകരിച്ചത് എന്ന് എല്ലാവർക്കുമറിയാം. അത്ര തന്നെ പ്രതീക്ഷയുണ്ട് ഒരു സംവിധായകനെന്ന നിലയിൽ മധുരരാജയിലും. റെക്കോർഡുകൾ സൃഷ്ടിക്കുന്നത് പ്രേക്ഷകരാണ്. അതവർ തീരുമാനിക്കട്ടെ.

 

മധുരരാജ പുലിമുരുകന്റെ കോപ്പിയോ?

 

മധുരരാജയും പുലിമുരുകനും എന്റെ ചിത്രങ്ങൾ തന്നെയല്ലേ? എനിക്ക് രണ്ട് മക്കളുണ്ടായാൽ അവർ തമ്മിൽ സാദൃശ്യമുണ്ടാകില്ലേ? അതൊരു കുറ്റമായോ കുറവായോ പറയാൻ സാധിക്കില്ല. രണ്ട് ചിത്രങ്ങളും എനിക്കെന്റെ മക്കൾ തന്നെയാണ്. സിനിമ ഇറങ്ങിയതിന് ശേഷം അതേക്കുറിച്ച് ചർച്ച ചെയ്യാമല്ലോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com