ADVERTISEMENT

ചില കാര്യങ്ങളിൽ ലാൽ ഇങ്ങിനെയാണ്. അതീവ രഹസ്യമായി സൂക്ഷിക്കും. അത്ഭുതംപോലെ അതു അമ്പരപ്പിച്ചുകൊണ്ടു ഒരു ദിവസം തുറന്നു പറയും. 

സിനിമ സംവിധാനം ചെയ്യുമെന്നു ഒരിക്കൽപ്പോലും ലാൽ പറഞ്ഞിട്ടില്ല. ‘എപ്പോഴെങ്കിലും സംഭവിച്ചേക്കാം’ എന്നതു പതിവുപോലെ പറയുന്ന മോഹമാണെന്നു മാത്രമാണു കരുതിയത്. എന്നാൽ ലാൽ ഈ വിവരം പുറത്തു പറഞ്ഞപ്പോൾ അത്ഭുതമാണു തോന്നിയത്. അതീവ രഹസ്യമായി ലാൽ കഥ കേട്ടിരിക്കുന്നു, തിരക്കഥ കേട്ടിരിക്കുന്നു, തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. 

കൂടെ നടക്കുമ്പോൾപ്പോലും അദൃശ്യനായിരിക്കാൻ ഈ മനുഷ്യനു പ്രകൃതിയൊരു കഴിവു കൊടുത്തിട്ടുണ്ടെന്നു തോന്നുന്നു. ഒരു വർഷത്തിലേറെ നീണ്ട ചർച്ചകൾക്കു ശേഷമാണു ലാൽ ഇതു തീരുമാനിക്കുന്നത്. ഒരിക്കൽപ്പോലും ഒരു തുള്ളി വിവരംപോലും ചോർന്നില്ല. സാധാരണ അവസാന നിമിഷം ആന്റണി പെരുമ്പാവൂരെങ്കിലും സൂചിപ്പിക്കാറുണ്ട്. അതുമുണ്ടായില്ല. സിനിമ ആന്റണി നിർമ്മിക്കുമെന്ന കാര്യത്തിൽ ധാരണയായതുപോലും പറഞ്ഞില്ല. 

പണ്ടു തൃശൂരിലെ ചേർപ്പിൽ ലാലിനു വേണ്ടി വലിയൊരു നടരാജ ശിൽപ്പം നിർമ്മിച്ചിരുന്നു. അതു കാണാൻ ലാൽ എത്തുമെന്ന് ആരും കരുതിയതല്ല. അന്നു ലാൽ ചോദിച്ചത് ഇത്രയേറെ വലിയൊരു ശിൽപ്പി ജോലി ചെയ്യുന്നത് ഒരു നിമിഷമെങ്കിലും നമുക്കു കാണേണ്ടെ എന്നാണ് .കൊത്തുപണിയുടെ തറവാട് എന്നറിയപ്പെടുന്ന കിഴക്കൂട്ടു തറവാട്ടിലെ കൊച്ചുണ്ണിയെ അത്രയേറെ ലാൽ ബഹുമാനിച്ചിരുന്നു. ശിൽപ്പം ലാലിനെ ഏൽപ്പിച്ചു ഏറെക്കാലം കഴിയുന്നതിനു മുൻപു അദ്ദേഹം മരിച്ചു. എത്രയോ കാലമായി ലാൽ മനസ്സിൽ വച്ചിരുന്നൊരു സ്വപ്നമായിരുന്നു ഈ നടരാജ ശിൽപ്പം. 

ആർട്ടിസ്റ്റ് നമ്പൂതിരി വരച്ച  ശങ്കരാചാര്യ സൗന്ദര്യ ലഹരി സ്ത്രോത്രത്തിന്റെയൊരു ചിത്രം  ലാലിന്റെ കയ്യിലുണ്ട്. ആരു മറിയാതെ വർഷങ്ങളോളം ലാലും നമ്പൂതിരിയും ഇതേക്കുറിച്ചു സംസാരിച്ചിരുന്നു. അതിലെ നിറങ്ങളെക്കുറിച്ചുപോലും തീരുമാനിച്ച ശേഷമാണു വരച്ചു തുടങ്ങിയത്. നമ്പൂതിരി വരച്ച ഏറ്റവും വലിയ കളർ ചിത്രമാണിത്. നമ്പൂതിരിയെപ്പോലെ ലാൽ മനസ്സുകൊണ്ടു നമിക്കുന്നവർ വളരെ വളരെ കുറവായിരിക്കും. 

എല്ലാ ബഹളങ്ങൾക്കിടയിലും ഈ മനുഷ്യൻ ഇത്തരം ഒരു പാടു ചെറിയ സ്വപ്നങ്ങൾ സ്വന്തമായി സൂക്ഷിക്കുന്നു. കൈലാസത്തിൽ ആരുമറിയാതെ അലയണമെന്ന സ്വപ്നം ഇപ്പോഴും ബാക്കിയാണ്. ഒരു തവണ ഒരുമിച്ചൊരു യാത്രയ്ക്കു തീരുമാനിച്ചതായിരുന്നു. അതു നടന്നില്ല. പിന്നീടു പറഞ്ഞു, തീർഥയാത്ര ശരീരംകൊണ്ടുമാത്രമല്ല, മനസ്സുകൊണ്ടും നടത്താം. ഞാനതു നടത്തിയിരിക്കുന്നു. 

ലൊക്കേഷനിൽ  ലൈറ്റ് ബോയിയെ സഹായിക്കാൻ അതു പിടിച്ചുകൊടുക്കുകയും റിഫ്ളക്റ്ററുകൾ താങ്ങിപ്പിടിച്ചു എടുത്തുകൊണ്ടുപോകുകയും ചെയ്യുന്ന ലാലിനെ കണ്ടിട്ടുണ്ട്. ഓരോ ഫ്രെയ്മും ക്യാമറയിലൂടെ നോക്കുന്ന ലാലിനെ കണ്ടിട്ടുണ്ട്. സംവിധായകൻ ഓകെ പറഞ്ഞിട്ടും ചെറിയൊരു പിഴവിനു പോലും ഇടനൽകാതെ വീണ്ടും ഷോട്ടിനു നിന്നുകൊടുക്കുന്ന ലാലിനെയും കണ്ടിട്ടുണ്ട്. ലാൽ സംവിധാനം ചെയ്യുന്നുവെന്നു പറയുമ്പോൾ അത് ആ മനുഷ്യന്റെ സ്വപ്നം മാത്രമല്ല. ജോലി നന്നായി അറിയാവുന്ന ഒരാളുടെ ക്രിയേറ്റിവിറ്റികൂടിയാണ്. സെറ്റിൽ നാലു പതിറ്റാണ്ടായി ഉറങ്ങാതിരുന്ന ഒരാൾ നമ്മെ കാണിച്ചു തരാൻ പോകുന്നൊരു മനോഹര ദൃശ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com