17 വർഷം സഹനടനായി മലയാളത്തിൽ: ഇപ്പോൾ ബോളിവുഡിലേക്ക് നായകതുല്യനായി
Mail This Article
17 വർഷക്കാലം മലയാള സിനിമകളിൽ സഹനടനായി അഭിനയിച്ച പ്രശാന്ത് അലെക്സാണ്ടർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’ എന്ന ചിത്രത്തിലെ അഞ്ച് പ്രധാനകഥാപാത്രങ്ങളിലൊരാളായി അർജുൻ കപൂറിനൊപ്പമാണ് പ്രശാന്ത് ഹിന്ദിയിൽ അരങ്ങേറുന്നത്. അഞ്ച് സാധാരണ യുവാക്കൾ ഒരു തീവ്രവാദ നേതാവിനെ തേടിയിറങ്ങുന്നതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ യുട്യൂബിൽ ഹിറ്റാണ്.
നമ്മൾ എന്ന സിനിമയിലൂടെയാണ് പ്രശാന്ത് ആദ്യമായി മലയാളത്തിൽ അരങ്ങേറുന്നത്. പിന്നീടങ്ങോട്ട് നിരവധി സിനിമകളിൽ അഭിനയിച്ച താരത്തിന് ആക്ഷൻ ഹീറോ ബിജുവിലെ പൊറ്റക്കുഴി ജോസ് എന്ന കഥാപാത്രമാണ് വഴിത്തിരിവായത്. അടുത്തിറങ്ങിയ മധുരരാജയിലും പ്രധാന കഥാപാത്രമായി പ്രശാന്ത് എത്തിയിരുന്നു.
ഫോക്സ് സ്റ്റാർ സിനിമ നിർമിക്കുന്ന ചിത്രത്തിൽ പിള്ള എന്ന കഥാപാത്രമായാണ് പ്രശാന്ത് എത്തുന്നത്. രാജ്കുമാർ ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം മെയ് 24–ന് തീയറ്ററുകളിൽ എത്തും.