ADVERTISEMENT

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി അഭിനേതാവുകുന്നു. ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പനിലൂടെയാണ് അദ്ദേഹം ക്യാമറയ്ക്കു മുന്നിലെത്തുന്നത്. ചിത്രത്തിലെ അദ്ദേഹത്തിന്റെ കാരക്ടർ പോസ്റ്റർ റിലീസ് ചെയ്തത് സത്യൻ അന്തിക്കാട് ആണ്. ചിത്രത്തിലേത് ശക്തമായ കഥാപാത്രമാണെന്നും അദ്ദേഹത്തിന്റെ തിരക്കഥകൾ പോലെ ഇതും പത്തരമാറ്റുള്ള പൊന്നാക്കാൻ രഘുവിന് കഴിയുമെന്നും സത്യൻ അന്തിക്കാട് കുറിച്ചു.

 

സത്യൻ അന്തിക്കാടിന്റെ വാക്കുകൾ–

 

ഒരു 'നാടോടിക്കാറ്റ്' പോലെയാണ് രഘുനാഥ് പലേരി. എപ്പോൾ വരുമെന്നോ, വന്നാൽ എത്രനേരം നിൽക്കുമെന്നോ ഒന്നും പറയാൻ പറ്റില്ല. പലപ്പോഴും പലതരത്തിൽ രഘു എന്നെ ഞെട്ടിച്ചിട്ടുണ്ട്. ഒരുപാടുകാലം മനസ്സിലിട്ട് ഉരുക്കിയിട്ടാണെങ്കിലും വെറും രണ്ടാഴ്ചകൊണ്ടാണ് 'പൊന്മുട്ടയിടുന്ന തട്ടാൻ' എന്ന പൊന്നുപോലൊരു തിരക്കഥയെഴുതി എന്നെ ഏൽപിച്ചത്! ഒരു പണത്തൂക്കം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ ഞാനത് സിനിമയാക്കി. മഴവിൽക്കാവടിയും പിൻഗാമിയുമൊക്കെ രഘു എനിക്കു തന്ന സമ്മാനങ്ങളാണ്. ഇപ്പോഴും രഘുവിന്റെ സരസമായ ഒരു തിരക്കഥക്കുവേണ്ടി കാത്തിരിക്കുകയാണ് ഞാൻ. പക്ഷേ പിടിതരുന്നില്ല. ഇപ്പൊ ഇതാ വീണ്ടും രഘു ഞെട്ടിക്കുന്നു..."തൊട്ടപ്പൻ" എന്ന സിനിമയിലെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്.

 

പോസ്റ്റർ കണ്ടപ്പോൾ അതിശയവും സന്തോഷവും തോന്നി. ഇത് രഘുവല്ല,അദ്രുമാൻ തന്നെ. എനിക്കുറപ്പുണ്ട് ഇതും പത്തരമാറ്റുള്ള പൊന്നാക്കാൻ രഘുവിന് കഴിയുമെന്ന്. കൂടെയുള്ളത് സിനിമയെ ഗൗരവത്തോടെ കാണുന്ന ഒരുകൂട്ടം നല്ല ചെറുപ്പക്കാരാണല്ലോ. തൊട്ടപ്പൻ കാണാൻ കാത്തിരിക്കുന്നു. രഘുവിന്റെ ചിത്രമുള്ള പോസ്റ്റർ ഇതോടൊപ്പം, കൂടെ എന്റെ മനസ്സുനിറഞ്ഞ ആശംസകളും!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com