ADVERTISEMENT

നടൻ സിദ്ദിഖ് അപമര്യാദയായി പെരുമാറിയതിന്റെ അനുഭവം വെളിപ്പെടുത്തി യുവനടി രേവതി സമ്പത്ത്. തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ തിരുവനന്തപുരം നിള തിയറ്ററിൽ വെച്ച് താരത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ് തുറന്നുപറച്ചിൽ. 

 

സിദ്ദിഖിന്റെ പെരുമാറ്റം വലിയ മാനസിക പ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും ഓർമ്മയിലുണ്ടെന്നും രേവതി ഫെയ്സ്ബുക്കിൽ കുറിച്ചു. 2016ൽ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിന്റെ പ്രിവ്യു ചടങ്ങിനിടെയാണ് സിദ്ദിഖ് ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചെന്ന് രേവതി പറയുന്നു. സ്വന്തം മകൾക്ക് ഇങ്ങനെയൊരു അവസ്ഥ വന്നാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നും രേവതി കുറിപ്പിലൂടെ ചോദിക്കുന്നു. 

 

മുൻപ് ഡബ്ല്യുസിസിക്കെതിരെ കെപിഎസി ലളിതക്കൊപ്പം സിദ്ദിഖ് നടത്തിയ വാർത്താസമ്മേളനത്തിന്റെ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് രേവതിയുടെ പോസ്റ്റ്. ഈ വിഡിയോ വീണ്ടും വീണ്ടും കാണുമ്പോൾ തനിക്കുണ്ടായ അനുഭവം പറയാതിരിക്കാനാകില്ലെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.

 

‘ഈ വിഡിയോ വീണ്ടും വീണ്ടും കണ്ടതിന് ശേഷം ഇനിയും എനിക്ക് എന്നെ തന്നെ തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല. സിദ്ദിഖ് എന്ന ഈ നടന്‍ 2016-ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോയുടെ സമയത്ത് വാക്കുകള്‍ കൊണ്ട് ലൈംഗിക അധിക്ഷേപം നടത്തി. ഇരുപത്തിയൊന്നുകാരിയായ എന്നെ ആ സംഭവം മാനസികമായി വല്ലാതെ തളര്‍ത്തി. അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് എന്റെ ഊഹം. സ്വന്തം മകൾക്ക് ഇങ്ങനെയൊരു അവസ്ഥ വന്നാൽ നിങ്ങൾ എന്തു ചെയ്യും.- രേവതി ചോദിക്കുന്നു.

 

നിങ്ങളെ പോലെയൊരാള്‍ക്ക് എങ്ങിനെയാണ് ഡബ്ല്യുസിസിക്കെതിരെ വിരല്‍ ചൂണ്ടാന്‍ കഴിയുക. നിങ്ങള് അതിന് യോഗ്യനാണോ എന്ന് സ്വയം ചിന്തിക്കു. ഉളുപ്പുണ്ടോ ? നിങ്ങളുടെ മുഖംമൂടിയില്‍ ലജ്ജ തോന്നുന്നവെന്നും രേവതി സമ്പത്ത് കുറിച്ചു.

 

നേരത്തെ സംവിധായകനും എ‍ഡിറ്ററുമായ  രാജേഷ് ടച്ച്‌റിവറിനെതിരെയും  രേവതി സമ്പത്ത്  ഗുരുതരമായ വെളിപ്പെടുത്തലുമായി  രംഗത്തെത്തിയിരുന്നു.

 

സംവിധായകന്‍ രാജേഷ് ടച്ച്‌റിവറില്‍ നിന്ന് മാനസികമായ അധിക്ഷേപവും അപമാനവും ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും ലിംഗവിവേചനവും ബ്ലാക്ക്‌മെയിലിങ്ങും നേരിടേണ്ടിവന്നിരുന്നുവെന്നായിരുന്നു  രേവതിയുടെ  ആരോപണം.

 

രാജേഷ് ടച്ച്‌റിവർ സംവിധാനം ചെയ്ത പട്നഗാർഗ് എന്ന ചിത്രത്തിലൂടെയാണ് േരവതി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com