ADVERTISEMENT

തന്റെ പ്രസ്താവനയിൽ വര്‍ഗീയത കലർത്തിയ വിമർശകർക്കു മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ.  തിരഞ്ഞെടുപ്പ് ഫലത്തിൽ വമ്പൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ നരേന്ദ്ര മോദിക്ക് ആശംസകൾ നൽകിയ ഉണ്ണി മുകുന്ദനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. നടൻ സംഘിയായെന്നും താരത്തിൽ നിന്നും ഇതു പ്രതീക്ഷിച്ചില്ലെന്നുമായിരുന്നു അതിൽ ഉയർന്നുകേട്ടത്. ഇതുമായി ബന്ധപ്പെട്ടാണ് വിശദീകരണവുമായി താരം എത്തിയത്.   ജനങ്ങൾ തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ചു തിരഞ്ഞെടുത്ത പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ താരം ജാതി-മത-വർഗ രാഷ്ട്രീയ കക്ഷികൾക്ക് ഒരുകാലത്തും പിന്തുണ നൽകിയിട്ടില്ലെന്നും വ്യക്തമാക്കി.

 

ഉണ്ണി മുകുന്ദന്റെ കുറിപ്പ് വായിക്കാം–

 

ഞാൻ കഴിഞ്ഞ ദിവസം നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയെ അഭിനന്ദിച്ചു കുറിച്ച ഫെയ്സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഈ പ്രതികരണം. നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ, അദ്ദേഹം നേടിയ വിജയത്തിൽ അഭിനന്ദിച്ചത് വർഗീയത എന്ന വാക്കിനോട് ചിലർ ചേർത്തു നിർത്തുന്നത് കണ്ടു. 

 

ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ പറയട്ടെ, ജനങ്ങൾ തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ചു തിരഞ്ഞെടുത്ത നമ്മുടെ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നത് ഒരു തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ ഒരു ജാതി-മത- വർഗ രാഷ്ട്രീയ കക്ഷികൾക്കും എന്റെ പിന്തുണ ഒരു കാലത്തും നൽകിയിട്ടില്ല. പക്ഷേ എന്റെ പോസ്റ്റിൽ വന്ന ചില കമന്റുകളും അതിൽ നിറഞ്ഞ വിദ്വേഷത്തിന്റെ വിഷവും കണ്ടാൽ ഞാൻ അങ്ങനെയെന്തോ വലിയ തെറ്റാണ് ചെയ്തത് എന്നുള്ള രീതിയിൽ ആണ് ചിലർ എടുത്തിരിക്കുന്നത് എന്നു മനസ്സിലാക്കാൻ കഴിയുന്നു. 

 

പറഞ്ഞു വരുന്നത് എന്തെന്ന് വച്ചാൽ നിങ്ങൾ എന്നെ സംഘി എന്നോ ചാണകം എന്നോ ഉള്ള ലേബലിൽ മുദ്ര കുത്താൻ ആണ് ശ്രമിക്കുന്നത് എങ്കിൽ നിങ്ങൾ നിങ്ങളെപറ്റി തന്നെ പൊതു സമൂഹത്തിനു മുന്നിലേക്ക് നൽകുന്നത് വളരെ മോശമായ ഒരു ഇമേജ് ആണ്. 

 

ഒരു വ്യക്തി എന്ന നിലയിൽ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ഏറ്റവും വലിയ നിരാശയ്ക്കു കാരണം, ജാതിയും മതവും വർഗവും നമ്മളിൽ ഒരുപാട് പേരെ അന്ധരാക്കി എന്ന സത്യമാണ്. നമ്മുടെ മുന്നിൽ നടക്കുന്ന പലതും നേരായ രീതിയിൽ കാണാനോ, വിവേചന ബുദ്ധിയോടെ അതിനെ മനസ്സിലാക്കി എടുക്കാനോ, ധൈര്യപൂർവം അതിനെ സ്വീകരിക്കാനോ അല്ലെങ്കിൽ നേരിടാനോ നമുക്ക് കഴിയാത്ത വിധം, മേൽ പറഞ്ഞ ജാതി മത വർഗ വർണ ചിന്തകൾ നമ്മളെ അന്ധരാക്കി കഴിഞ്ഞു എന്ന് ഈ സമൂഹ മാധ്യമം തന്നെ ഇന്ന് മനസ്സിലാക്കി തരുന്നു. 

 

ചിലരെ എങ്കിലും ഇന്നലത്തെ ഫല പ്രഖ്യാപനം നിരാശരാക്കിയിരിക്കാം. പക്ഷേ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ജനങ്ങൾ തിരഞ്ഞെടുത്തത് ആരെ ആയാലും അവരെ ഒന്നു അഭിനന്ദിക്കാൻ എല്ലാ സങ്കുചിത ചിന്തകൾക്കും അപ്പുറമുള്ള ഒരു മനസ്സ് നമുക്കുണ്ടെങ്കിലെ പറ്റൂ. അങ്ങനെ ഒരു മനസ്സു അല്ലെങ്കിൽ മനോഭാവം നമ്മൾ ഉണ്ടാക്കിയെടുക്കണം.. 

അല്ലാതെ എന്നെയോ അതോ മറ്റുള്ളവരെയോ കുറെ പേരുകൾ വിളിച്ചത് കൊണ്ടോ ചില വാക്കുകൾക്കുള്ളിൽ ഒതുക്കാൻ ശ്രമിച്ചത് കൊണ്ടോ ഇവിടെ ഒന്നും മാറാൻ പോകുന്നില്ല എന്നത് മനസ്സിലാക്കുക. രാഷ്ട്രീയത്തിനും അപ്പുറം നമ്മൾ എല്ലാവരും സഹജീവികൾ ആണെന്നും എന്നും പരസ്പരം കാണേണ്ടവരും സഹവർത്തിത്വം പുലർത്തേണ്ടവർ ആണെന്നും ഏറ്റവും കൂടുതൽ ഓർത്തിരിക്കേണ്ടത് രാഷ്ട്രീയം വലിയ പ്രാധാന്യത്തോടെ ഏറ്റെടുക്കുന്നവർ തന്നെയാണ്. 

 

വെറുപ്പും വിദ്വേഷവും നമ്മളെ ജീവിതത്തിൽ എവിടെയും എത്തിക്കുന്നില്ല..ഒന്നും നേടി തരുന്നുമില്ല..ഒരു കാര്യം കൂടി പറഞ്ഞു നിർത്തുന്നു. എന്നെകുറിച്ചു അറിയാത്തവർ അറിയാൻ ആയി പറയുകയാണ്..ഹിന്ദു തമിഴന്മാരും, സിഖ് മതക്കാരും, സിന്ധികളും, ബീഹാറികളും, ബംഗാളികളും നിറഞ്ഞ ഒരു ചുറ്റുപാടിൽ വളർന്നു വന്ന ആളാണ് ഞാൻ. എന്റെ അടുത്ത സുഹൃത്തുക്കൾ മുസ്‌ലിങ്ങളും ബംഗാളികളും ആണ്. ഞാൻ പഠിച്ച സ്കൂൾ നടത്തിയിരുന്നത് പാർസികളും അതിനു ശേഷം ഒരു ജൂത മാനേജ്‌മെന്റും ആണ്. അത്രമാത്രം വ്യത്യസ്ത സംസ്കാരങ്ങൾ എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ ചിലരോട് എങ്കിലും അത് തെളിയിക്കുന്ന രീതിയിൽ സംസാരിക്കേണ്ടി വന്നതിൽ എനിക്ക് എന്നെ കുറിച്ചോർത്തു തന്നെ ലജ്ജ തോന്നുന്നുണ്ട്. എങ്കിലും നമ്മുടെ മഹാരാജ്യത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പിൽ വിജയി ആയി നമ്മുടെ പ്രധാനമന്ത്രി ആയി വന്ന വ്യക്തിയെ അഭിനന്ദിച്ചതിലും അദ്ദേഹത്തിന് സ്വാഗതം നൽകിയതും ഒരു യഥാർത്ഥ ഇന്ത്യൻ പൗരൻ എന്ന നിലയിൽ എന്റെ കർത്തവ്യം ആയി കൂടി ഞാൻ ഇപ്പോഴും കരുതുന്നു. ..

 

എന്നു നിങ്ങളുടെ സ്വന്തം ജീവിതത്തിൽ അഭിനയിക്കാത്ത, കണ്ണുകളിലും മനസ്സിലും ചിന്തകളിലും രാഷ്ട്രീയം നിറക്കാത്ത, ഉണ്ണി മുകുന്ദൻ..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com