ADVERTISEMENT

നടൻ ബൈജു ഇപ്പോൾ ബൈജു സന്തോഷ് ആണ്. ന്യൂമറോളജി പ്രകാരമായിരുന്നു ഈ മാറ്റം. എന്തായാലും ഇതുകൊണ്ടു പ്രയോജനമുണ്ടായെന്നു ബൈജു പറയുന്നു. ഇപ്പോൾ സിനിമയിൽ നല്ല തിരക്കാണ്. റിലീസ് ചെയ്യാനുള്ള 10 സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. അത്രയും തന്നെ ചിത്രങ്ങൾക്കു ഡേറ്റ് കൊടുത്തിട്ടുമുണ്ട്. ബി. സന്തോഷ്കുമാർ എന്നാണു യഥാർഥ പേര്. അതുകൊണ്ടാണു പേരു പരിഷ്കരിച്ചപ്പോൾ സന്തോഷ് കൂടി ചേർത്തത്.

 

baiju-shaji-mera-naam

ബൈജുവിന്റെ രണ്ടാം വരവാണിതെന്നു പലരും പറയുന്നു. യഥാർഥത്തിൽ നാലാം വരവാണിത്. പന്ത്രണ്ടാം വയസ്സിൽ ‘മണിയൻപിള്ള അഥവാ മണിയൻപിള്ള’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ആദ്യവരവ്. അന്നത്തെ തെറിച്ച പയ്യൻ 15 പടങ്ങളിൽ വേഷമിട്ടു. മുതിർന്നശേഷം ‘സ്ത്രീധന’ത്തിലൂടെ വീണ്ടും വന്നെങ്കിലും കുറെക്കഴിഞ്ഞു പടമില്ലാതായി. ‘മാട്ടുപ്പെട്ടി മച്ചാനി’ലൂടെയായിരുന്നു മൂന്നാം വരവ്. 13 വർഷം മുൻപു വധശ്രമക്കേസിൽ പ്രതിയായതോടെ സിനിമയില്ലാതായി. ഇപ്പോഴിതാ വീണ്ടും.

 

baiju-shaji-1

കഴിഞ്ഞ 38 കൊല്ലംകൊണ്ടു 300 പടങ്ങളിൽ അഭിനയിച്ചു. വിക്കിപീഡിയയിൽ 165 പടമെന്നു കാണുന്നതു തെറ്റാണെന്നു ബൈജു പറയുന്നു. സീനിയർ താരമാണെങ്കിലും സിനിമയിൽ സീനിയോറിറ്റിക്കു വിലയൊന്നുമില്ലെന്നാണു ബൈജുവിന്റെ നിലപാട്. തിളങ്ങിനിൽക്കുമ്പോഴേ വിലയുള്ളൂ. നടനാകണമെന്ന് ആഗ്രഹിച്ചിട്ടില്ല. സ്കൂളിൽ പഠിക്കുന്ന കാലത്താണു മണിയൻപിള്ളയുടെ കൂട്ടുകാരായി അഭിനയിക്കാൻ കുറെപ്പേരെ വിളിച്ചുകൊണ്ടുപോയത്. അതിൽ ഉൾപ്പെടുകയായിരുന്നു. എസ്ഐ ആകണമെന്നായിരുന്നു മോഹം. 

 

പൊലീസാകാൻ കൊതിച്ചുവെങ്കിലും പിൽക്കാലത്തു പൊലീസിൽ നിന്നു രക്ഷപ്പെടാൻ 70 ദിവസം ഒളിവിൽ കഴിയേണ്ടിവന്നു. സുഹൃത്തുമായി തെറ്റി തോക്കെടുത്തതായിരുന്നു കേസ്. ഒളിവിൽ പോയ പ്രതി വിദേശത്തേക്കു കടന്നതായി മാധ്യമങ്ങളിൽ വാർത്ത വന്നു. പക്ഷേ താൻ തിരുവനന്തപുരത്തു തന്നെ ഉണ്ടായിരുന്നുവെന്നും ദിവസങ്ങൾ എണ്ണി കഴിയുകയായിരുന്നുവെന്നും ബൈജു പറയുന്നു. പ്രശസ്തനായ പ്രതിയെ പിടികൂടുകയെന്നതു പൊലീസ് അഭിമാനപ്രശ്നമായി എടുത്തതോടെ അനുഭവിച്ച സംഘർഷത്തിനു കണക്കില്ല. ഒടുവിൽ ജാമ്യം കിട്ടിയതോടെ പുറത്തുവന്നു.

 

ജീവിതം എന്തെന്നു പഠിപ്പിച്ചത് ഈ സംഭവമാണ്. അതുവരെ ആരെങ്കിലും ഉപദേശിച്ചാൽ കേൾക്കുന്ന സ്വഭാവമില്ലായിരുന്നു.ഈ കേസോടെ ജീവിതത്തിൽ പക്വതയായി. ആരോട് എങ്ങനെ പെരുമാറണമെന്നു പഠിച്ചു. കേസ് കഴിയുന്നതു വരെ ആരും സിനിമയിലേക്കു വിളിച്ചില്ല. കയ്യിൽ കാശുണ്ടായിരുന്നതുകൊണ്ടു പട്ടിണികിടക്കേണ്ടി വന്നില്ല. 30 വർഷം മുൻപ് അച്ഛൻ മരിച്ചപ്പോൾ വീടു ജപ്തിയിലായതാണ് ഇതിനു മുൻപു നേരിട്ട വലിയ പ്രതിസന്ധി. അച്ഛനെടുത്ത വായ്പ തിരിച്ചടയ്ക്കാതിരുന്നതാണു പ്രശ്നമായത്. ഒടുവിൽ അഭിനയിച്ചു കടം വീട്ടി.

 

പണ്ടു ക്ഷേത്രങ്ങളിൽ പോയിരുന്നു. 15 വർഷമായി ഈശ്വരവിശ്വാസിയല്ല. പക്ഷേ ‘അരവിന്ദന്റെ അതിഥികളി’ൽ അഭിനയിക്കുന്നതിനു കൊല്ലൂരിലെത്തിയപ്പോൾ യേശുദാസ് അതേ ഹോട്ടലിലുണ്ടായിരുന്നു. അദ്ദേഹം മൂകാംബിക ക്ഷേത്രത്തിലേക്കു വിളിച്ചുകൊണ്ടുപോയി ചന്ദനം നെറ്റിയിൽ തൊട്ടു.

 

നമ്മൾ ചെയ്ത വേഷം വേറൊരാൾ ചെയ്തിരുന്നുവെങ്കിൽ നന്നാകുമായിരുന്നുവെന്ന് ആരെങ്കിലും പറഞ്ഞാൽ അതു നടന്റെ പരാജയമാണെന്നു ബൈജു പറയുന്നു.  38 കൊല്ലം അഭിനയിച്ചിട്ടും അവാർഡുകളൊന്നും കിട്ടിയില്ല. സംവിധായകനാകാ‍ൻ താൽപര്യമില്ല. പക്ഷേ താൻ നിർമിച്ച ചിത്രം ഒരു വർഷത്തിനുള്ളിൽ വരുമെന്നു ബൈജു പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com