നടൻ അനൂപ് ചന്ദ്രൻ വിവാഹിതനാകുന്നു. രോഹിണി ഭവനത്തിൽ ലക്ഷ്മി രാജഗോപാൽ ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം വളവനാട് വച്ചു നടന്നു.

സിനിമ കഴിഞ്ഞാൽ കൃഷിയും നാട്ടുുകാര്യങ്ങളും കുറച്ച് രാഷ്ട്രീയവുമൊക്കെയായി നടക്കുന്ന അനൂപ് ചന്ദ്രന്റെ വധുവും കർഷകയാണ്. ‘പ്രകൃതിയെ മനസ്സിലാക്കുന്ന സംസ്കാരത്തെ മനസ്സിലാക്കുന്ന കുട്ടിയെ ജീവിതസഖിയായി ലഭിച്ചു. അതിൽ ഒരുപാട് സന്തോഷം. ബിടെക്ക് പൂർത്തിയാക്കിയ ലക്ഷ്മിയുടെ ഉപജീവനം കൃഷിയാണ്. വീട്ടിൽ സ്വന്തമായി പശു ഫാമും ഉണ്ട്.’–അനൂപ് മനോരമ ഓൺലൈനോട് പറഞ്ഞു.

സ്വന്തം കാര്യത്തിനപ്പുറം സമൂഹത്തിനും വില കൊടുക്കുന്ന, കാമ്പുളള ചിന്തകളുളള ഒരു പെണ്‍കുട്ടിയെയായിരുന്നു അനൂപ് മനസ്സില്‍ കണ്ടിരുന്നത്. കൃഷി ഏറെ ഇഷ്ടപ്പെടുന്ന അനൂപിന് കിട്ടിയതും കൃഷിയെ ഏറെ സ്നേഹിക്കുന്ന കുട്ടിയെ തന്നെ.
‘അച്ഛന്റെ അടുത്ത സുഹൃത്ത് രാജമുഹമ്മദ് ആണ് ഇങ്ങനെയൊരു കുട്ടിയുണ്ടെന്ന് വിളിച്ചു പറയുന്നത്. കർഷകയാണെന്നു കേട്ടതും അവരെ കാണാൻ തീരുമാനിക്കുകയായിരുന്നു. പെണ്ണുകാണലും മറക്കാനാകാത്ത ഒന്നായിരുന്നു. സ്വന്തം ഫാമിലെ പശുവിനെ കറന്ന് ചായ ഇട്ടുതന്നാണ് ഞങ്ങളെ സ്വീകരിച്ചത്. പിന്നെ മറ്റൊന്നും ഞാൻ ആലോചിച്ചില്ല. ലക്ഷ്മിയാണ് എന്റെ ജീവിത സഖിയെന്ന് അപ്പോൾ തന്നെ തീരുമാനിച്ചു. കൃഷി ഉപജീവനമാക്കുകയും കാര്‍ഷിക മേഖലയെ സ്‌നേഹിക്കുകയും ചെയ്യുന്ന ജീവിത പങ്കാളിയെ ലഭിച്ചതില്‍ സന്തോഷമുണ്ട്.’–അനൂപ് ചന്ദ്രൻ പറഞ്ഞു.

സെപ്റ്റംബര്‍ ഒന്നിന് ഗുരുവായൂര്‍ വച്ച് ആണ് വിവാഹം. അതിനു ശേഷം കണിച്ചുകുളങ്ങരയിൽ സിനിമാ–രാഷ്ട്രീയ–സാമൂഹ്യരംഗത്തെ ആളുകൾക്ക് പ്രത്യേക വിരുന്നും ഉണ്ടായിരിക്കും.

ആലപ്പുഴ ചേർത്തലയാണ് അനൂപ് ചന്ദ്രന്റെ സ്വദേശം. അച്ഛൻ രാമചന്ദ്ര പണിക്കർ. അമ്മ ചന്ദ്രലേഖ ദേവി. പരമ്പരാഗതമായി കർഷക കുടുംബമാണ് അനൂപിന്റേത്. അതുകൊണ്ട് തന്നെ കൃഷിയോടുള്ള സ്നേഹം തന്റെ രക്തത്തിൽ ഉള്ളതാണെന്ന് അനൂപ് പറയുന്നു.
രഞ്ജിത്–മമ്മൂട്ടി ചിത്രം ബ്ലാക്കിലൂടെയാണ് അനൂപ് അഭിനയരംഗത്തെത്തുന്നത്. ക്ലാസ്‌മേറ്റ്‌സിലെ പഴങ്കഞ്ഞി എന്ന കഥാപാത്രമാണ് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തത്. രസതന്ത്രം, വിനോദയാത്ര, ഷേക്‌സ്പിയര്‍ എം എ മലയാളം, മിന്നാമിന്നിക്കൂട്ടം എന്നീ സിനിമകളിലും ശ്രദ്ധേയ റോളുകളിലെത്തി.
സ്‌കൂൾ കാലം മുതൽ നാടകവേദികളിൽ സജീവമായിരുന്നു അനൂപ്. പഠനം ചേർത്തല സ്‌കൂളിലും ചേർത്തല എൻഎസ്എസ് കോളജിലും. തുടർന്ന് സ്‌കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. നാടകവേദികളിൽനിന്നു സിനിമയിലേക്കെത്തി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സഖാവിന്റെ പ്രിയസഖിയിലാണ് അനൂപ് അവസാനമായി അഭിനയിച്ചത്.