ADVERTISEMENT

ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. രൗദ്രം 2018 എന്നാണ് ചിത്രത്തിന്റെ പേര്. ജൂലൈയിൽ ചിത്രം റിലീസ് ചെയ്യും. കേരളം ഒറ്റക്കെട്ടായി അതിജീവിച്ച മഹാപ്രളയമാകും സിനിമയുെട പശ്ചാത്തലം. 

 

2018 പ്രളയകാലത്ത് മധ്യതിരുവിതാംകൂറില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയ്ക്കു പുറമെ വരികൾ എഴുതിയിരിക്കുന്നതും ജയരാജ് ആണ്.

 

ടൊവീനോ തോമസ് ആണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടത്. പ്രകൃതിയുടെ സംഹാരരൗദ്ര താളത്തിനുമുന്നില്‍ നിസ്സഹായരാകുന്ന മനുഷ്യരുടെ കഥയാണ് രൗദ്രം 2018 പറയുന്നതെന്നും പ്രളയത്തിന്റെ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കെടുത്ത ഒരാളെന്ന നിലയില്‍, യാതനകള്‍ക്കിടയിലും മലയാളി സമൂഹം കാഴ്ച്ചവച്ച ധൈര്യത്തെയും ശക്തിയേയും കൂട്ടായ്മയേയും ഈ അവസരത്തില്‍ താന്‍ അഭിനന്ദിക്കുകയാണെന്നും പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ടൊവിനോ കുറിച്ചു.

 

നിപ്പ രോഗ ബാധയെ ആസ്പദമാക്കി രൗദ്രം ഒരുക്കാനായിരുന്നു ജയരാജ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ ആഷിക്ക് അബു ഇതേ പ്രമേയത്തിൽ ൈവറസ് എന്ന ചിത്രം ആരംഭിച്ചതോടെ ജയരാജ് പിന്മാറുകയായിരുന്നു.

 

രഞ്ജിപണിക്കരും കെപിഎസി ലീലയുമാണ് രൗദ്രം 2018ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയരാജിന്റെ കഴിഞ്ഞ ചിത്രമായ ഭയാനകത്തിലും രഞ്ജി പണിക്കര്‍ ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സബിത ജയരാജ്, സരയൂ, ബിനു പപ്പന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. 

 

പ്രകൃതി പിക്ച്ചേഴ്സിന്റെ ബാനറില്‍ ഡോ.സുരേഷ് കുമാര്‍ മുട്ടത്താണ് രൗദ്രത്തിന്റെ നിര്‍മാതാവ്. നിഖില്‍ എസ് പ്രവീണ്‍ ഛായഗ്രഹണവും ജിനു ശോഭ ചിത്രസംയോജനവും സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതവും നിര്‍വഹിക്കുന്നു. അഡ്വ. കെ. ബാലചന്ദ്രന്‍ നിലമ്പൂര്‍ (എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍), സജി കോട്ടയം (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), സുനില്‍ ലാവണ്യ (പ്രൊഡക്ഷന്‍ ഡിസൈന്‍), അരുണ്‍ പിള്ള, ലിബിന്‍ (മേക്ക്-അപ്പ്), സുലൈമാന്‍ (കോസ്റ്റിയൂം), രംഗനാഥ് രവി (സൗണ്ട് ഡിസൈന്‍), വാസുദേവന്‍ കൊരട്ടിക്കര (വിഎഫ്എക്സ്), ജയേഷ് പടിച്ചല്‍ (സ്റ്റില്‍),മ.മി.ജോ. (ഡിസൈന്‍) എന്നിവര്‍ അണിയറയിലുണ്ട്.

 

നവരസപരമ്പരയിലെ ആറാമത്തെ ചിത്രമായ ഭയാനകത്തിന് ദേശീയഅവാർഡ് ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. കരുണം, ശാന്തം, ഭീഭത്സ, അദ്ഭുതം, വീരം എന്നിവയാണ് നവരസ പരമ്പരയില്‍ ജയരാജ് ഒരുക്കിയ മറ്റു ചിത്രങ്ങള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com