ADVERTISEMENT

വൻ വിജയം നേടി വൈറസ് മുന്നേറുമ്പോൾ അണിയറപ്രവർത്തകരെല്ലാം സന്തോഷത്തിലാണ്. ഒരുപാട് താരങ്ങൾ ഒന്നിക്കുന്ന സിനിമ അതിന്റെ പ്രമേയം കൊണ്ടും കേരളത്തിൽ ചർച്ചയാകുകയാണ്. മനോരമ ഒാൺലൈൻ ഒരുക്കിയ പ്രത്യേക അഭിമുഖത്തിനായി വൈറസ് ടീമിലെ 15 അംഗങ്ങൾ ക്യാമറയ്ക്ക് മുന്നിൽ ഒന്നിച്ചപ്പോൾ പിറന്നത് നിരവധി നർമമുഹൂർത്തങ്ങളാണ്. സിനിമയിൽ പോലും ഇത്രയധികം താരങ്ങൾ ഒന്നിച്ച് ഒരു സീനിൽ എത്തിയിട്ടില്ല എന്നതായിരുന്നു ഏറ്റവും രസകരമായ കാര്യം. കൗതുകമുണർത്തുന്ന ഇൗ കൂടിച്ചേരലിൽ പ്രധാന താരങ്ങൾ പങ്കു വച്ചത് പ്രേക്ഷകർക്കറിയാത്ത നിരവധി വിശേഷങ്ങളാണ്. അവയിൽ ചിലത് ഇതാ... 

 

virus-team

ആഷിക്ക് അബു∙ എന്റെ ജീവിത കാലഘട്ടത്തിൽ ഇതുവരെ കണ്ട ഏറ്റവും ഭീകരമായി തോന്നിയ ഒരു മെഡിക്കൽ സിറ്റുവേഷനായാണ് എനിക്ക് ഈ വൈറസ് ഔട്ട് ബ്രേക്കിനെ തോന്നിയത്. ആ സമയത്താണ് ഇതൊരു സിനിമയാക്കിയാലോ എന്ന ഐഡിയ മുഹ്സിനുമായി ഷെയർ ചെയ്യുന്നത്. മുഹ്സിൻ ഇതിനെ വളരെ സീരിയസായിട്ട് ഫോളോ ചെയ്തു. മുഹ്സിന്റെ കസിൻ നിപ്പയെ നേരിട്ട സർക്കാർ സംവിധാനത്തിന്റെ ഭാഗമായിരുന്നു. ഇതിന്റെ തിരക്കഥ ഒരു വൺലൈനിലേക്ക് എത്തിക്കുക എന്നതായിരുന്നു വലിയ വെല്ലുവിളി. ഇത് കേരളത്തെ തന്നെ പിടിച്ചു കുലുക്കിയ സംഭവമായതുകൊണ്ടും വസ്തുതാപരമായ തെറ്റുകൾ വരരുത് എന്നതു കൊണ്ടും നന്നായി കഷ്ടപ്പെട്ടാണ് ചെയ്തത്. ഒരേസമയം ഒരു ഡോക്യുമെന്റേഷന്റെ സ്വഭാവം ഉണ്ടാകുകയും എന്നാൽ  ത്രില്ലറിന്റെ ട്രീറ്റ്മെന്റ് കൊണ്ടു വരാനും പറ്റി. 

 

virus-interview

ഇന്ദ്രൻസ്∙ സിനിമകൾ ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും ഇതൊരു സിനിമയായിട്ട് തോന്നിയിട്ടില്ല. നിപ്പ രോഗം ബാധിച്ചവരുടെ വേദന, ഒറ്റപ്പെടൽ ഇവയൊക്കെ എല്ലാവരിലേക്കും എത്തിക്കാനും വലിയൊരു വിജയമാവാനും ഈ സിനിമയ്ക്കു കഴിഞ്ഞു. 

tovino-rima-parvathy-kunchacko-boban

 

കുഞ്ചാക്കോ ബോബൻ∙ ആഷിക്കും മുഹ്സിനും കൂടി എന്റെയടുത്ത് വന്ന് ഈ സിനിമയെപ്പറ്റി പറഞ്ഞത് കുറച്ച് മെഡിക്കൽ ടേംസ് മാത്രമേയുള്ളൂ വലിയ പ്രശ്നങ്ങളൊന്നുമില്ല കുറച്ചു ദിവസങ്ങൾ മാത്രമേയുള്ളൂ എന്നൊക്കെയാണ്. ഒരു നല്ല ടീമിന്റെ കൂടെ എല്ലാവരുമായിട്ട് അടിച്ചു പൊളിക്കാം എന്നു കരുതി ഷൂട്ടിനെത്തിയ ഞാൻ ലൊക്കേഷനിലെ കാരവനിൽ നിന്ന് ഇറങ്ങിയിട്ടില്ല രാവിലെ മുതൽ ഒരു പേപ്പറും പിടിച്ച് ഒറ്റ ഇരിപ്പാണ്. കാരണം ഇതിനകത്തെ ഡയലോഗ് മുഴുവൻ ഓരോ മെഡിക്കൽ ടേംസ് ആണല്ലോ. അതെല്ലാം കാണാതെ പഠിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. ഞാൻ ഇങ്ങനെ കഷ്ടപ്പെട്ടു പഠിക്കുമ്പോൾ ഇൗ അലവലാതി ഉണ്ടല്ലോ (ടൊവീനോയെ ചൂണ്ടി പൊട്ടിച്ചിരിയോടെ) വെറുതെ ഇരിക്കുകയായിരുന്നു. 

rima-ashiq-abu

 

ടൊവിനോ തോമസ്∙  ഞാൻ ചാക്കോച്ചനുമായി ഒരുമിച്ച് അഭിനയി ക്കുന്ന ആദ്യത്തെ സിനിമയാണ്.  ചാക്കോച്ചൻ വലിയ ഡയലോഗ് ഒക്കെ പറയുമ്പോൾ ഞാൻ ആണോ അതെ എന്നു മാത്രമാണ് മറുപടി പറഞ്ഞിരുന്നത്. വൈറസ് ടീമിനൊപ്പമുള്ള അനുഭവം മൊത്തത്തിൽ മറക്കാനാകാത്തതാണ്. ഷൂട്ടും ഇടവേളകളും എല്ലാത്തിലുമുപരി സിനിമയുടെ സാമൂഹിക പ്രസക്തിയും എല്ലാം പ്രശംസനീയമാണ്. 

 

പാർവതി തിരുവോത്ത്∙  കേരളത്തിൽ വെള്ളപ്പൊക്കം നടന്ന ആ സമയത്താണ് ആഷിക്ക് എന്നോട് ഈ സിനിമയെപ്പറ്റി പറഞ്ഞിരുന്നത്. ഷൂട്ടിന് രണ്ടു ദിവസം മുൻപാണ് ഞാൻ എന്താണ് കഥയെന്നും എന്റെ കഥാപാത്രത്തെപ്പറ്റിയും തിരക്കിയതു തന്നെ. അവിടെ വച്ചാണ് സുഹാസും ഷറഫും കഥയുടെ ബേസിക് ഔട്ട് ലൈൻ പറഞ്ഞു തന്നു. അവർ അത്രയും നന്നായി എഴുതിയ ഒരു തിരക്കഥയായിരുന്നു. ഞാൻ ചെയ്തിട്ടുള്ളതിൽ വച്ച് എല്ലാ രീതിയിൽ നോക്കിയാലും ഏറ്റവും നല്ല സിനിമയാണ് ഇത്. 

 

സൗബിൻ സാഹിർ∙ ഈ സിനിമയിൽ ആദ്യം എടുത്തത് ‍ഞാൻ വീഴുന്ന സീനാണ്. ഒരു കോറിഡോറിൽ വീഴുന്നതായിട്ടാണ് സീൻ. അപ്പോൾ രാജീവേട്ടൻ പറഞ്ഞു അവിടെ ഒന്ന് ക്ലീൻ ചെയ്തോളാൻ. അതെന്തിനാണെന്ന് ഞാൻ ചോദിച്ചപ്പോൾ അവിടെ ശരിക്കും അങ്ങനെ സംഭവിച്ചതാണ് അവിടെ നിപ്പ ബാധിച്ച ഒരാൾ അങ്ങനെ വീണ് മരിച്ചിരുന്നു എന്നു പറഞ്ഞു. കേട്ടപ്പോൾ ഞാൻ വല്ലാതെ ടെൻഷനായി. ഇതു മനസ്സിലാക്കിയ ആഷിഖ് ഇക്ക പറഞ്ഞു ആ വൈറസിന് ഒരു പ്രത്യേക സമയം ഉണ്ട് ആ സമയത്തിനുള്ളിലേ അത് മറ്റുള്ളവരിലേക്ക്  പടരൂ എന്ന്. ആ സമയം കഴിഞ്ഞാൽ നമുക്ക് രോഗം വരില്ല എന്ന്. അവിടെ വച്ചാണ് എനിക്ക് ആ അറിവ് കിട്ടിയത്. അതു പോലെ എല്ലാ ജനങ്ങൾക്കും ഈ സിനിമയിലൂടെ കിട്ടുന്നത് ഇതുപോലെയുള്ള വിലപ്പെട്ട അറിവുകളാണ്. 

 

സജിത മഠത്തിൽ∙ ഞാനൊരു കോഴിക്കോട്ടുകാരിയാണ്. എനിക്ക് പരിചയമുള്ള ചില ആളുകളെയൊക്കെ ഈ രോഗം ബാധിച്ചിട്ടുണ്ടായിരുന്നു. അതു കൊണ്ട് ഇൗ സിനിമയെയും കഥാപാത്രത്തെയും എളുപ്പം മനസ്സാലാക്കാനായി. ഈ സിനിമയുടെ സെറ്റിനെക്കുറിച്ചു പറഞ്ഞാൽ എന്റെ കൂട്ടുകാരിയായ റിമ പ്രൊഡ്യൂസറായ സിനിമകൂടിയാണിത് ഞാൻ വർക്ക് ചെയ്ത സെറ്റുകളിൽ വച്ച് ഏറ്റവും നല്ല ഒരു സെറ്റായിരുന്നു ഈ സിനിമയുടേത്.

 

ജിനു∙  എന്റെയടുത്ത് പറഞ്ഞത് ചെറിയൊരു റോൾ, ആണ് നിപ കണ്ടു പിടിക്കുന്നൊരാളാണ് എന്നൊക്കെയാണ്. ഷൂട്ടിങ് സെറ്റിൽ വന്നപ്പോഴാണ് അറിഞ്ഞത് ഡോക്ടറാണ്, പാർവതിയുടെ ഭർത്താവായിട്ടാണ് എന്നൊക്കെ. ഇതു കേട്ടപ്പോൾ എനിക്ക് ടെൻഷനായി. പക്ഷേ പാര്‍വതി വളരെയധികം സഹായിച്ചു. സെറ്റിലെല്ലാവരും നല്ല സപ്പോർട്ടായിരുന്നു. 

 

മഡോണ‌∙ സ്ക്രിപ്റ്റൊന്നും ഞാൻ ചോദിച്ചില്ല. എന്തായാലും  ചെന്നിട്ട് നോക്കാം. വളരെ നല്ല സെറ്റായിരുന്നു. എനിക്ക് കിട്ടിയ നല്ല ഒരു എക്സ്പീരിയൻസായിരുന്നു. ഷൂട്ടിങ് പെട്ടെന്ന് തീർന്നതുപോലെ തോന്നി. 

 

ശ്രീനാഥ് ഭാസി∙ എന്നെ ഒരു ഡോക്ടറാക്കിയതിന് ആഷിഖ് ഇക്കയ്ക്ക് വലിയൊരു നന്ദി. ഈ സിനിമ എല്ലാവർക്കും ഉള്ളൊരു ട്രിബ്യൂട്ടാണ്. പ്രത്യേകിച്ച് കോഴിക്കോട്ടുകാർക്ക്.

 

Watch on Youtube:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com