ADVERTISEMENT

മമ്മൂട്ടി നായകനാകുന്ന ഉണ്ട തിയറ്ററുകളില്‍ എത്തുമ്പോൾ സിനിമയുടെ കഥ പിറന്ന വഴി പറയുകയാണ് തിരക്കഥാക‍ൃത്ത് ഹർഷാദ്. ഉണ്ടയുടെ കഥയ്ക്കാധാരമായ യഥാർഥ സംഭവത്തെക്കുറിച്ചാണ് ഹര്‍ഷാദിന്റെ വെളിപ്പെടുത്തൽ.

 

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് സംഘം ദുരിതത്തില്‍ എന്ന പത്രവാർത്തയുടെ ചുവടുപിടിച്ചാണ് ഖാലിദ് യാത്ര തുടങ്ങിയത് എന്ന് ഹർഷാദ് പറയുന്നു. കഥയുടെ ഭാഗമായി ഖാലിദുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചും ഹർഷാദ് ഫെയ്സ്ബുക്ക് കുറിപ്പിൽ പങ്കുവെക്കുന്നു. അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരകഥയൊരുക്കിയത് ഹര്‍ഷാദ് ആണ്. 

 

കുറിപ്പ് വായിക്കാം:

 

ഇതാണാ പത്രവാര്‍ത്ത. 'ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് സംഘം ദുരിതത്തില്‍. ' 2014 ലെ ലോകസഭാ ഇലക്‌ഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഈ ബോക്‌സ് ഐറ്റത്തിന്റെ ചുവട് പിടിച്ചാണ് ഖാലിദ് റഹ്മാന്‍ അന്നേ യാത്ര തുടങ്ങിയത്. അതിനിടയില്‍ അവന്‍ 'അനുരാഗ കരിക്കിന്‍വെള്ളം' ചെയ്ത് പ്രേക്ഷകരുടെയും ക്രിട്ടിക്‌സിന്റെയും അംഗീകാരം നേടിയെടുത്തു. പിന്നീട് 2016 ലാണ് തിരക്കഥാകൃത്ത് എന്ന നിലയില്‍ ഞാന്‍, ഈ യാത്രയില്‍ റഹ്മാന്റെ കൂടെ ചേരുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ ബേസ് ചെയ്തുകൊണ്ട് എഴുതേണ്ട സിനിമ എന്നതിനേക്കാള്‍ ഈയൊരു പ്രൊജക്ടില്‍ എന്നെ ആകര്‍ഷിച്ചത് ഞങ്ങള്‍ തമ്മില്‍ അന്ന് നടന്ന ഒരു സംഭാഷണമാണ്.

 

അപ്പോള്‍ റഹ്മാനേ ഈ സിനിമയിലെ വില്ലനാരാണ്..?

 

ഭയം. പേടി... പേടിയാണ് ഇതിലെ വില്ലന്‍!!

 

ഭയം പലതരത്തിലാണല്ലോ. മനുഷ്യന്മാര് തമ്മില്‍ തമ്മിലുള്ളത്‌, മനുഷ്യര്‍ക്ക് മനുഷ്യരല്ലാത്തവരോടുള്ളത്. സ്‌റ്റേറ്റിന് മനുഷ്യരോടുള്ളത്., മനുഷ്യര്‍ക്ക് സ്‌റ്റേറ്റിനോടുള്ളത്, അങ്ങിനെ ഭയം പലവിധം!. Fear is a major weapon of domination in the new world എന്ന് പണ്ടാരാണ്ടോ പറഞ്ഞു വെച്ചിണ്ടുണ്ടല്ലോ. :) പിന്നീട് സംഭവം നടന്ന സ്ഥലമായ ബസ്തറിലേക്കുള്ള യാത്രകള്‍. സിനിമക്ക് ആവശ്യമായത് തേടിയുള്ള യാത്രകള്‍. ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയില്‍ ജീവിക്കുന്ന ജനങ്ങളെ കണ്ടു. ഏത് ഘട്ടത്തിലും ഒറ്റുകാരനായോ ഭീകരവാദിയായോ മുദ്ര കുത്തപ്പെടാന്‍ പരുവപ്പെട്ട മനുഷ്യരെ കണ്ടു. ഇത് അവരുടെയും കൂടി സിനിമയാണ്. നമുക്കറിയാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകളാണെന്നല്ലേ പഴമൊഴി!!.

 

പിന്നീട് 2018–ല്‍ മമ്മൂക്ക ഈ യാത്രയില്‍ ജോയിന്‍ ചെയ്തതോടെ കാര്യങ്ങള്‍ വേഗത്തിലായി. കൃഷ്ണന്‍ സേതുകുമാര്‍ പ്രൊഡ്യൂസറായി വന്നു. സജിത്ത് പുരുഷന്റെ ക്യാമറ, പ്രശാന്ത് പിള്ളയുടെ മ്യൂസിക്, ശ്യാം കൗശലിന്റെ ആക്‌ഷന്‍, അങ്ങിനെ പരിചയസമ്പന്നരായ ക്രൂ മെംബേഴ്‌സ് വന്നു. ചെറുപ്പക്കാരും താരതമ്യേന പുതുമക്കാരുമായ സഹതാരങ്ങള്‍ വന്നു. കേരളത്തിലും കര്‍ണാടകയിലുംഛത്തിസ്ഗഡിലുമായുള്ള ചിത്രീകരണങ്ങള്‍. ഒടുവില്‍ ഇന്ന് ആ സിനിമ ഉണ്ട എന്ന പേരില്‍ നിങ്ങളുടെ മുന്നിലേക്കെത്തുന്നു. കാണുക. അഭിപ്രായം അറിയിക്കുക .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com