ADVERTISEMENT

പൊരിച്ച മീനിന്റെ ഉദാഹരണത്തോടെ സ്വന്തം വീടുകളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനം ചൂണ്ടിക്കാട്ടിയതിന് നടി റിമ കല്ലിങ്കലിനു നേരിടേണ്ടി വന്നത് വിമർശനങ്ങളും പരിഹാസങ്ങളുമാണ്. റിമ പറഞ്ഞ അതേ ആശയം, പത്തു സെക്കൻഡ് സിനിമയിലൂടെ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവു.

വീടുകളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനത്തെക്കുറിച്ചും അവയെ മുളയിലേ തന്നെ എങ്ങനെ ഇല്ലാതാക്കണമെന്നുമാണ് കിരണ്‍ ഈ കൊച്ചു ചിത്രത്തിലൂടെ പറയുന്നത്. രണ്ടു ഭാഗങ്ങളുള്ള ഷോര്‍ട്ഫിലിമിൽ ആദ്യത്തേതാണ് ഈ കുഞ്ഞു ചിത്രം. 'വെറും 10 സെക്കന്‍ഡ് കൊണ്ട് ഒരു കഥ പറയാന്‍ സാധിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ അതെങ്ങനെ എന്ന് കിരണ്‍ കാണിച്ചു തന്നു.’ –വിഡിയോ പങ്കുവച്ച് ആമിർ കുറിച്ചു.

Changing Gender Discrimination in the Movie Industry | Rima Kallingal | TEDxThiruvananthapuram

വീട്ടിലെ ആൺകുട്ടിക്കും പെൺകുട്ടിക്കും പാൽ കുടിക്കാൻ നൽകുമ്പോൾ അതിന്റെ അളവിലെ വ്യത്യാസവും അതിൽ ആൺകുട്ടിയുടെ പ്രതികരണവും വിഡിയോയിലൂടെ പറയുന്നു. തന്നെ ആക്രമിച്ച ആളുകള്‍ക്കെതിരെ പൊലീസിൽ പരാതി നല്‍കാന്‍ ഒരു യുവതിക്കു ധൈര്യം നല്‍കുന്ന വേലക്കാരിയാണ് രണ്ടാമത്തെ വിഡിയോയിലുള്ളത്.

‘മീന്‍ പൊരിച്ചത്’ എന്ന അടിക്കുറിപ്പോടെ റിമയും, അതിനെ പിന്തുണച്ച് പാര്‍വതി, ആഷിക്ക് അബു തുടങ്ങിയവരും ആദ്യ പരസ്യം പങ്കുവച്ചിട്ടുണ്ട്. ഈ വിഡിയോ പുറത്തുവന്നതോടെ ആരാധകരും റിമയ്ക്കു പിന്തുണയുമായി എത്തി.

‘ആമിര്‍ പറഞ്ഞപ്പോള്‍ ആഹാ, പാവം റിമ പറഞ്ഞപ്പോള്‍ ഓഹോ’, ‘റിമ എന്ന പെണ്ണ് ഈ വിവേചനത്തെക്കുറിച്ചു പറഞ്ഞപ്പോൾ എല്ലാവരും അവരെ കളിയാക്കി. ഇന്ന് ആമിർ ഖാൻ എന്ന പുരുഷൻ അത്തരമൊരു കാര്യം പോസ്റ്റ്‌ ചെയ്തപ്പോൾ എല്ലാവരും അംഗീകരിക്കുന്നു. അപ്പോൾ, എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ആണുങ്ങളെക്കൊണ്ട് പറയിക്കണം. സ്ത്രീകൾ ശബ്ദമുയർത്തി വിവേചനങ്ങളെകുറിച്ചും വിപ്ലവത്തെക്കുറിച്ചും ഒന്നും സംസാരിക്കരുത്. ഞങ്ങൾ അംഗീകരിക്കില്ല.’ – റിമയെ പിന്തുണച്ചുള്ള കമന്റുകൾ ഇങ്ങനെ പോകുന്നു.

നേരത്തെ, സ്വന്തം ജീവിതത്തിലെ അനുഭവം ഉദാഹരിച്ചാണ് വീടുകളില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന വേര്‍തിരിവിനെക്കുറിച്ചു റിമ പറഞ്ഞത്. കുട്ടിക്കാലത്ത് തനിക്കു നിഷേധിക്കപ്പെട്ട, തന്റെ സഹോദരന്റെ പാത്രത്തിലേക്കു വിളമ്പിയ ഒരു കഷ്ണം മീന്‍ വറുത്തതിന്റെ ഉദാഹരണം പറഞ്ഞായിരുന്നു റിമയുടെ പ്രസംഗം.

rima-fish-fry-aamir-1

എന്നാൽ ഈ വിഷയത്തിൽ മറ്റൊരു തരത്തിലാണ് അന്നു ചർച്ചകൾ സജീവമായത്. ‘പൊരിച്ച മീന്‍ കിട്ടാതെ ഫെമിനിസ്റ്റായ റിമാ കല്ലിങ്കല്‍’ എന്നു പരിഹസിച്ച് റിമയ്ക്കെതിരെ ട്രോൾ ആക്രമണം സജീവമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com