ADVERTISEMENT

എന്റെ ഇരുപത്തിയഞ്ചാമത്തെ സിനിമയായ കോളാമ്പിയുടെ ഷൂട്ടിങ് ഇപ്പോൾ നടക്കുകയാണ്. പവിത്രം, കണ്ണെഴുതിപൊട്ടും തൊട്ട്, ശേഷം, ഒരുനാൾ വരും തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തെങ്കിലും എന്റെ പ്രിയ സിനിമ 1989 –ൽ സംവിധാനം െചയ്ത ചാണക്യൻ ആണ്. അതാണ് എന്റെ ആദ്യ സിനിമ.

 

Chanakyan-Theme music

നവോദയ ആണ് ചാണക്യൻ നിർമിച്ചത്. എന്റെ ഗുരുനാഥൻ ജിജോ അപ്പച്ചനാണ്. അദ്ദേഹം സംവിധാനം ചെയ്ത മൈഡിയർ കുട്ടിച്ചാത്തൻ എന്ന മലയാളത്തിലെ ആദ്യ ത്രീഡി സിനിമയിൽ സംവിധാനസഹായി ആയിരുന്നു. കുട്ടിച്ചാത്തനുശേഷം സിനിമയ്ക്കു കഥ വല്ലതുമുണ്ടോ എന്നു ജിജോ സാർ ചോദിച്ചപ്പോൾ ഞാൻ അദ്ദേഹത്തോട് ഈ കഥ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതികരണം പ്രോൽസാഹജനകമായിരുന്നു. രസമുള്ളതായിരിക്കും, അതെടുക്കാം. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തിൽ അതെങ്ങനെ സ്വീകരിക്കപ്പെടും എന്നു മാത്രമേ നോക്കാനുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്. കാരണം, നമ്മുടെ നാട്ടിൽ അന്നു ടെലിവിഷൻ എത്തിയിട്ടേയുണ്ടായിരുന്നുള്ളൂ. 

 

െടലിവിഷൻ സംപ്രേഷണത്തിന്റെയും റേഡിയോ പ്രക്ഷേപണത്തിന്റെയും ഫ്രീക്വൻസി മാറ്റി ശബാദാനുകരണത്തിലൂടെ ഒരു രാഷ്ട്രീയ നേതാവിന്റെ പ്രതിച്ഛായ തകർത്ത് പ്രതികാരം നിർവഹിക്കുന്നതായിരുന്നു കഥ. ക്ലൈമാക്സും വ്യത്യസ്തമായിരുന്നു. വില്ലൻ അല്ല, നായകനാണു കൊല്ലപ്പെടുന്നത്. ഞാൻ കമൽഹാസനെ ചെന്നു കണ്ടു കഥ പറഞ്ഞു. കഥ കേട്ടിട്ട് കമൽഹാസൻ പറഞ്ഞു– ഞാൻ അഭിനയിക്കാം. തിലകൻ ചേട്ടനും വളരെ സന്തോഷത്തോടെ അഭിനയിക്കാൻ സമ്മതിച്ചു. 

 

പക്ഷേ, ഷൂട്ടിങ്ങിന്റെ സമയത്താണ് സിനിമ ഉയർത്തുന്ന ഏറ്റവും വലിയ വെല്ലുവിളി തിരിച്ചറിഞ്ഞത്. അവിശ്വസനീയമായ ഒരു കഥയാണ്, ഇതെങ്ങനെ പ്രേക്ഷകരെ വിശ്വസിപ്പിക്കും? തിരക്കഥ കമൽഹാസനെ ഏൽപ്പിച്ചിരുന്നു. അദ്ദേഹം അത് വായിച്ചു കേട്ടു. എന്നിട്ട് എനിക്ക് ഒരു കത്തെഴുതി – അതിൽ അദ്ദേഹം പറഞ്ഞിരുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, ഓൾ ഇന്ത്യ റേഡിയോയുടെ ടേപ് മാറ്റുന്നതും ടെലിവിഷൻ ജാമിങ്ങും എങ്ങനെ ആളുകൾ വിശ്വസിക്കും? അതിൽ രാജീവിനു കോൺഫിഡൻസ് ഉണ്ടോ? ഇല്ലെങ്കിൽ മറ്റെന്തെങ്കിലും മാർഗങ്ങൾ ആലോചിച്ചാലോ? 

 

ഞാൻ അദ്ദേഹത്തിന് എഴുതി– എനിക്ക് കോൺഫിഡൻസ് ഉണ്ട്. അപ്പോൾ അദ്ദേഹം വീണ്ടും എഴുതി. ആ മേഖല കുറച്ചു കൂടി ശ്രദ്ധിക്കാൻ വേണ്ടിയുള്ള മുൻകരുതലായിട്ടാണ് ആ കത്ത് എഴുതിയത്. കേരളത്തിൽ അന്ന് ന്യൂസ് ചാനലുകളോ ഇന്ന് എല്ലാവർക്കും പരിചയമുള്ള ഒബി വാനുകളോ ഇല്ല. എന്റെ ഒരു കൂട്ടുകാരൻ ഒരു മാരുതി വാനിൽ ഇരുന്നു ഡിഷ് ആന്റിന കൈകൊണ്ടു പൊക്കും. സ്ക്രീനിൽ അത് ഓട്ടോമാറ്റിക്കായി പൊങ്ങിവരുന്നതായി തോന്നും. പ്രതീക്ഷിച്ച പോലെ എനിക്ക് അതു പ്രേക്ഷകർക്ക് ഒരു സംശയവും തോന്നിപ്പിക്കാത്ത വിധത്തിൽ ചെയ്യാൻ പറ്റി. മുപ്പതു വർഷമായി ചാണക്യൻ എടുത്തിട്ട്. ഇന്നാണെങ്കിൽ ആ സിനിമ കുറച്ചു കൂടി മനോഹരമായി ചെയ്യാൻ സാധിക്കും. അതുകൊണ്ടാണ് ആ സിനിമ എനിക്ക് ഇഷ്ടപ്പെട്ടതാകുന്നത്. 

 

കമൽഹാസൻ ഒരിക്കൽപോലും ഒരുവിധ ഇടപെടലും നടത്തിയിട്ടില്ല. മാത്രമല്ല, ഷൂട്ടിങ്ങിനു വരുന്നതിനു മുൻപ് അദ്ദേഹം ആ കഥാപാത്രത്തെ കൃത്യമായി ഉൾക്കൊണ്ടിരുന്നു. ആ കഥാപാത്രത്തിന്റെ പ്രത്യേകത, അയാളുടെ ചലനങ്ങൾ, സംസാരിക്കുന്ന രീതി– എല്ലാം. സംഗീതത്തിൽ മുഴുകി ജീവിച്ച ഒരു ചെറുപ്പക്കാരൻ ഒരു രാഷ്ട്രീയ നേതാവിന്റെ മകളുമായി പ്രേമത്തിൽ പെടുന്നതും അതെ തുടർന്ന് അയാളുടെ ജീവിതം തകരുന്നതും വളരെ വിചിത്രമായ രീതിയിൽ അയാൾ പ്രതികാരം നിർവഹിക്കുന്നതുമാണു കഥ. 

 

കഥാനായകൻ സംഗീത പ്രേമി ആയതിനാൽ ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപു തന്നെ ഞാൻ റീ റിക്കോർഡിങ് പൂർത്തിയാക്കി. പശ്ചാത്തലത്തിൽ സംഗീതാത്മകത നിറഞ്ഞു നിൽക്കണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. ക്ലൈമാക്സിൽ തോക്കിൽ കമൽഹാസൻ ബുള്ളറ്റ് നിറയ്ക്കുന്ന സീനിൽ പശ്ചാത്തലത്തിൽ കല്യാണി രാഗമാണു നൽകിയിരുന്നത്. കുമാരപുരത്ത് പാതിരാത്രിയിലാണ് ഈ സീന്‍ ഷൂട്ട് ചെയ്തത്. കമൽഹാസൻ ചോദിച്ചു, തോക്കു നിറയ്ക്കുമ്പോൾ കല്യാണി രാഗത്തിന്റെ ആരോഹണവും അവരോഹണവും ഞാൻ പാടിയാലോ? ഞാൻ പറഞ്ഞു, നന്നായിരിക്കും. 

 

പക്ഷേ, അതു ഷൂട്ട് ചെയ്തപ്പോൾ എനിക്ക് അത്ര തൃപ്തിയായില്ല. ഇരുപത്തിമൂന്നു ടേക്ക് എടുത്തിട്ടാണ് അദ്ദേഹം ആ സീൻ കുറ്റമറ്റതാക്കിയത്. അഭിനയരംഗത്തെ രണ്ട് ഇതിഹാസങ്ങളെ– കമൽഹാസനെയും തിലകനെയും – ആദ്യ സിനിമയിൽ അഭിനയിപ്പിക്കാൻ സാധിച്ചതാണ് എനിക്കു കിട്ടിയ ഏറ്റവും നല്ല സംവിധാനപാഠം. 

 

പണ്ട് അമേരിക്കൻ പ്രസിഡന്റ് ടിവിയിൽ ലൈവ് ആയി പ്രസംഗിച്ചു കൊണ്ടു നിൽക്കുന്നതിനിടയിൽ ഇരുപതു സെക്കന്‍ഡോളം സെക്കൻഡ് ഹാൻഡ് കാറിന്റെ പരസ്യം കടന്നുപോയ സംഭവമുണ്ടായിരുന്നു. അതു വലിയ ഒച്ചപ്പാടുണ്ടാക്കി. അതുപോലെ, ഇന്ദിരാഗാന്ധിയുടെ ശബ്ദം അനുകരിച്ച് ഒരു വൻ ബാങ്ക് കവർച്ച നടന്നതായി പത്രവാർത്ത ഉണ്ടായിരുന്നു. ഈ രണ്ടു സംഭവങ്ങളിൽ നിന്നാണ് ചാണക്യന്റെ കഥാതന്തു ഉണ്ടായത്. 

 

യൂണിവേഴ്സിറ്റി യുവജനോൽസവങ്ങളിൽ മോണോ ആക്ടിന് ഞാൻ സമ്മാനം നേടിയിരുന്നു. അന്ന് മിമിക്രിക്കു സമ്മാനം നേടിയിരുന്നത് എന്റെ അടുത്ത സുഹൃത്ത് ഗോപാലകൃഷ്ണനാണ്. അന്നു സിനിമകൾ റിലീസ് ആകുമ്പോൾ ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. തിയറ്ററിൽ വിളിച്ച് ആരുടെയെങ്കിലും ശബ്ദത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യും. സ്ഥിരമായി അനുകരിച്ചിരുന്നത് കെ.എം.മാണി സാറിനെയാണ്. സെക്രട്ടേറിയറ്റിൽ നിന്നാണ്, മാണി സാറിന്റെ ഓഫിസിൽ നിന്നാണ് എന്നു പരിചയപ്പെടുത്തി മാണി സാറിന്റെ ശബ്ദത്തിൽ ഒരാറു ടിക്കറ്റ് എടുത്തു വച്ചേരേ എന്നു പറയും. തിയറ്ററിൽ ചെന്ന് മാണി സാറിന്റെ ഓഫിസിൽ നിന്നു പറഞ്ഞിരുന്ന ടിക്കറ്റ് എന്നു പറയുമ്പോൾ അവർ വളരെ സന്തോഷത്തോടെ ടിക്കറ്റ് എടുത്തു തരും. ചാണക്യന്റെ ആദ്യ പ്രചോദനം ഈ സംഭവത്തിൽ നിന്നാണ്. 

 

തയാറാക്കിയത് എം.എസ്. ദിലീപ് 

 

മനോരമ ആഴ്ചപതിപ്പ് ഓൺലൈനിൽ വായിക്കാം–.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com