ADVERTISEMENT

വിക്ടോറിയ എന്ന പെൺകുട്ടിക്ക് മനസ്സിനക്കരെ എന്ന സിനിമയുടെ സെറ്റിൽ വച്ച് നയൻതാര എന്ന പേരിട്ട കഥ വെളിപ്പെടുത്തി മലയാളത്തിന്റെ പ്രിയ നടി ഷീല. തെന്നിന്ത്യയിലെ ഒന്നാം നമ്പർ നായികയായ നയൻതാരയുടെ ഇൗ പേരുകഥയ്ക്കൊപ്പം ആദ്യകാല സിനിമയിലെ ആർക്കുമ‌റിയാത്ത മറ്റു ചില സംഭവങ്ങളും ഷീല മനോരമ ഒാൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. 

 

ഷീല, നയൻതാര
ഷീല, നയൻതാര

മനസ്സിനക്കരെ എന്ന സിനിമയിലൂടെ നടത്തിയ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഇക്കാര്യം ഷീല പറഞ്ഞത്. ‘ആ കുട്ടിയെ കണ്ടപ്പോൾ തന്നെ നല്ല ഭംഗിയുണ്ടല്ലോ എന്ന് ഒാർത്തിരുന്നു. അഭിനയിക്കാനുള്ള കഴിവും ആ കുട്ടിക്ക് ഉണ്ടായിരുന്നു. വിക്ടോറിയ എന്നോ മറ്റോ ആയിരുന്നു അന്ന് ആ കുട്ടിയുടെ പേര്. ആ പേര് മാറ്റാൻ പോകുകയാണെന്ന് സത്യൻ അന്തിക്കാട് അന്ന് ഞങ്ങളോട് പറഞ്ഞു. അങ്ങനെ കുറെ പേരുകളുമായി എന്റെയും ജയറാമിന്റെയും അടുത്തു വന്നു. അങ്ങനെ ഞങ്ങളാണ് നയൻതാര എന്ന പേര് തിരഞ്ഞെടുത്തത്. നയൻതാര എന്നാൽ നക്ഷത്രമല്ലേ ? എല്ലാ ഭാഷയ്ക്കും പറ്റിയ പേരുമാണ്. ഹിന്ദിയിലൊക്കെ പോകുമ്പോൾ ഇൗ പേര് ഗുണമാകുമെന്നും ഞങ്ങൾ അന്നു പറഞ്ഞു’ ഷീല ഒാർത്തെടുത്തു. (നയൻതാരയുടെ യഥാർഥ പേര് ‍‍ഡയാന മറിയം കുര്യന്‍ എന്നാണ്)

 

ചരിത്രമായി മാറിയ ചെമ്മീൻ സിനിമയെക്കുറിച്ചും ഷീല ചില കഥകൾ വെളിപ്പെടുത്തി. ചെമ്മീനിൽ അഭിനയിക്കാൻ എംജിആർ നായകനായ ഒരു സിനിമയാണ് താൻ വേണ്ടെന്ന് വച്ചതെന്ന് ഷീല പറഞ്ഞു. ‘അന്ന് അതിൽ അഭിനയിച്ചിരുന്നെങ്കിൽ തമിഴിൽ വലിയ പ്രതിഫലവും സ്വീകരണവും ലഭിച്ചേനെ. പക്ഷെ ചെറിയ സിനിമ ആയിട്ടും കഥ കേട്ടപ്പോൾ നല്ലതാണെന്ന് തോന്നിയതു കൊണ്ട് ചെമ്മീനിൽ അഭിനയിക്കുകയായിരുന്നു. ആ സിനിമ പിന്നീട് വലിയ പുരസ്കാരങ്ങൾ നേടിയപ്പോൾ സന്തോഷമായി’ ഷീല പഞ്ഞു. 

 

ചെമ്മീനിന്റെ മുപ്പതാം വർഷം ആഘോഷിക്കുന്ന വേളയിൽ നാട്ടിക കടപ്പുറത്തു വച്ച് നടന്ന ആഘോഷത്തിൽ പങ്കെടുത്ത കാര്യവും ഷീല പങ്കു വച്ചു. ‘എന്റെ മടിയിൽ കിടക്കുന്ന കുഞ്ഞായി സിനിമയിൽ അഭിനയിച്ച സ്ത്രീക്കും അന്ന് അവാർഡ് ഉണ്ടായിരുന്നു. എന്നാൽ അതിനായി അന്ന് രണ്ട് സ്ത്രീകൾ‌ തമ്മിൽ തർക്കം നടന്നു. ഒടുവിൽ സംഘാടകർ എന്നോട് ആരാണത് എന്നു ചോദിച്ചു. ഞാൻ നിങ്ങൾ തന്നെ ഉചിതമായ തീരുമാനമെടുക്കാൻ അന്ന് പറ‍ഞ്ഞു. പക്ഷേ ആ രംഗം ചിത്രീകരിച്ചത് ചെന്നൈയിലെ ജെമിനി സ്റ്റുഡിയോയിൽ വച്ചാണ്. അന്ന് അവിടെ നിന്ന് സിനിമയിലഭിനയിപ്പിക്കാൻ വാടകയ്ക്ക് എടുത്ത കുഞ്ഞാണ് എന്റെ മടിയിൽ കിടന്നത്. എനിക്കതറിയാമായിരുന്നിട്ടും ഞാൻ ഒന്നും മിണ്ടിയില്ല’ ഷീല പറഞ്ഞു. 

 

തന്റെ ആദ്യ സിനിമയിൽ എംജിആറിനൊപ്പം അഭിനയിച്ച അനുഭവവും ഷീല ഒാർത്തെടുത്തു. തമിഴിലും തെലുങ്കിലും ഒരേ സമയം ചിത്രീകരിച്ച സിനിമയിൽ എംജ‌ിആർ, എൻടിആർ, ശാരദ എന്നിവർക്കൊപ്പം അരങ്ങേറാൻ സാധിച്ചത് തന്റെ ഭാഗ്യമായിരുന്നെന്ന് അവർ പറഞ്ഞു. 13–ാം വയസ്സിൽ ആദ്യ രംഗത്തിൽ അഭിനയിച്ച തന്നോട് അന്ന് കരയുന്ന രംഗങ്ങളിലൊക്കെ ശാരദയെ നോക്കി അഭിനയിക്കാനാണ് സംവിധായകൻ ആവശ്യപ്പെട്ടതെന്നും ഷീല പറഞ്ഞു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com