ADVERTISEMENT

എത്ര ഗൗരവമേറിയ കാര്യമാണെങ്കിലും അത് തമാശരൂേപണ പറഞ്ഞുഫലിപ്പിക്കാൻ പ്രത്യേക കഴിവുള്ള നടനാണ് ഇന്നസന്റ്. ഇപ്പോഴിതാ തിരഞ്ഞെടുപ്പിലെ തന്റെ തോൽവിയും അന്ന് അനുഭവിച്ച മാനസിക വിഷമങ്ങളും സരസമായി പങ്കുവയ്ക്കുകയാണ് താരം. വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല വേദിയിലാണ് തന്റെ സ്വതസിദ്ധമായ ഭാഷയില്‍ അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

 

ഇന്നസെന്റിന്റെ വാക്കുകൾ: ‘തോറ്റുകഴിഞ്ഞപ്പോൾ ഒരാളും എന്നെ വിളിക്കാറില്ല, അല്ലെങ്കിൽ ഫോണിൽ ഭയങ്കര വിളികളാണ്. ‘ആ തീവണ്ടി കൊരട്ടിയിൽ നിർത്തണം, ചാലക്കുടിയിൽ നിർത്തണം എന്നിങ്ങനെ’. കൊരട്ടിയിൽ ട്രെയിൻ നിർത്തിതരണം എന്നു പറഞ്ഞ് സ്ഥിരിം വിളിക്കുന്ന ഒരാളുണ്ടായിരുന്നു.’

 

‘എംപിയായി പോയതുകൊണ്ട് ഈ അപേക്ഷകളുമായി ഞാൻ ഡല്‍ഹിയിൽ ചെല്ലും. സത്യത്തിൽ ആ ട്രെയിൻ ജീവിതകാലത്ത് ഒരിക്കലും കൊരട്ടിയിൽ നിർത്താൻ പോകുന്നില്ല. തിരുവനന്തപുരം വിട്ടാൽ എറണാകുളമാണ് ഒരു സ്റ്റോപ്പ്. ഈ നിവേദനവുമായി മൂന്നാമത്തെ പ്രാവിശ്യം ചെന്നപ്പോൾ അവിടെയുള്ളവർ തന്നെ പറഞ്ഞുതുടങ്ങി, ‘ഇയാളുടെ തലയ്ക്കു വല്ല അസുഖവും ഉണ്ടോയെന്ന്.’

 

‘അങ്ങനെ അയാൾ വീണ്ടും വിളിച്ചു, കൊരട്ടിയിലെ കാര്യം എന്തായെന്ന് ചോദിച്ച്. ഞാൻ പറഞ്ഞു, ‘കൊരട്ടിയിൽ ട്രെയിൻ നിർത്തിതരാം. പക്ഷേ പിന്നെ ആ ട്രെയിൻ മുന്നോട്ടുപോകില്ല. അവിടെ തന്നെ കിടക്കും.’ ആ മറുപടിയോടു കൂടി അയാൾ പിന്നെ വിളിച്ചിട്ടില്ല. പലർക്കും അങ്ങനെ ചുട്ടമറുപടി കൊടുത്തിട്ടുണ്ട്. പിന്നെ എങ്ങനെ ഞാൻ തോൽക്കാതിരിക്കും.’ 

 

എന്റെ വീട്ടിൽ ഇലക്‌ഷൻ റിപ്പോർട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. ചെയർമാൻ ഉണ്ട്, എന്റെ ഭാര്യയും മക്കളുമുണ്ട്. ഫലം വന്നുകൊണ്ടിരിക്കുമ്പോൾ എല്ലാവരും വിചാരിച്ചു ഇപ്പോ ജയിക്കുമെന്ന്. കുറച്ചു കഴിഞ്ഞപ്പോൾ എതിർസ്ഥാനാർഥി എന്റെ മുകളിലായി. അപ്പോൾ എനിക്ക് ചെറിയൊരു വിഷമം വന്നു. ഇതുകണ്ട് ചെയർമാൻ എന്നോടുപറഞ്ഞു, ‘പേടിക്കേണ്ട, കയ്പമംഗലം എണ്ണീട്ടില്ല.’ പക്ഷേ കയ്പമംഗലവും എണ്ണി. ഒന്നു കൂടി ഞാൻ താഴേക്ക് വന്നു.

 

എന്റെ കാര്യം മാത്രമാണോ ഇങ്ങനെയെന്നറിയാൻ മറ്റുള്ള ആളുകളുടെ സ്ഥലം കൂടി നോക്കി. അപ്പോഴാണ് മനസമാധാനമായത്. തൃശൂര് മുതൽ എല്ലാ സ്ഥലങ്ങളിലും സ്ഥാനാർഥികൾ താഴെ. ഇത് മനുഷ്യന്റെ പൊതു സ്വഭാവമാണ്. തോൽക്കാൻ പോകുകയാണല്ലോ എന്നൊരു വിഷമം എന്നിലുണ്ടായിരുന്നു. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ അത് പതിയെ പതിയെ മാറി, പത്തൊൻപതുേപരും തോൽക്കാൻ പോകുകയാണല്ലോ എന്നായി മനസ്സിൽ. അങ്ങനെ ഓർത്തപ്പോൾ ഒരു ചെറിയ സന്തോഷം.

 

അങ്ങനെ ഇരുപത് സീറ്റിൽ പത്തൊൻപത് എണ്ണവും പോയി. ബാക്കി ഒരു സീറ്റ് ആണ് ഉള്ളത്. ആ സ്ഥാനാർഥി പതുക്കെ കയറി കയറി വരുന്നുണ്ട്. പാർട്ടി എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. അവനും കൂടി തോൽക്കുകയാണെങ്കില്‍ എന്നാണ് ഞാൻ ആ സമയത്ത് വിചാരിച്ചത്. മനുഷ്യന്റെ സ്വഭാവത്തെക്കുറിച്ചാണ് ഞാൻ പറഞ്ഞുവരുന്നത്.

 

ഈ ഇരുപതുപേരിൽ ഞാൻ മാത്രം തോറ്റൂ എന്നു പറഞ്ഞാൽ എന്റെ മാനസികാവസ്ഥ എന്താകും. പുറത്തിറങ്ങി നടക്കാൻ പറ്റുമോ?. നാട്ടുകാർക്കും അതിൽ വിഷമമുണ്ടാകും. ആലപ്പുഴയില്‍ ആരിഫ് മാത്രം എനിക്ക് ചെറിയൊരു ദുഃഖം തന്നു. വളരെ ചെറുതാണ് കേട്ടോ.’–ചെറുചിരിയോടെ ഇന്നസന്റ് പറഞ്ഞു. 

 

ഇതിനു മുമ്പും സമാനമായ അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്ന് ഇന്നസന്റ് വേദിയിൽ പറയുകയുണ്ടായി. ‘ദേശീയ അവാർഡ് പ്രഖ്യാപിക്കുന്നു. ഞാൻ ടിവിയിൽ നോക്കുകയാണ്. ഇന്ത്യയിലെ ഏറ്റവുംനല്ല നടന്റെ ലിസ്റ്റിൽ അമിതാഭ് ബച്ചൻ, മമ്മൂട്ടി, ഇന്നസെന്റ്. ടിവിയുെട സ്ക്രോളിൽ ഈ മൂന്നുപേരുടെയും പേര് പോകുന്നുണ്ട്. പത്താംനിലയിലെ തീവണ്ടി എന്ന സിനിമയ്ക്കുവേണ്ടിയാണ് എന്നെ തിരഞ്ഞെടുത്തത്. ഒരു റൗണ്ട് കഴിഞ്ഞു, രണ്ട് കഴിഞ്ഞു, മൂന്നാമത്തെ റൗണ്ട് കഴിഞ്ഞപ്പോൾ എന്നെ കാണാനില്ല.’ 

 

‘മമ്മൂട്ടിയും അമിതാഭ് ബച്ചനും മാത്രമമായി. ആ സമയത്ത് ഞാൻ മനസ്സിൽ വിചാരിച്ചു, മമ്മൂട്ടിക്ക് കിട്ടരുത്. എന്റെ ഉള്ളിൽ അങ്ങനെ തോന്നി. അവസാനം മമ്മൂട്ടി പുറത്തായി. അമിതാഭ് ബച്ചൻ മാത്രമായി. ആ സമയത്ത്  മനസമാധാനം വന്നെങ്കിലും പെട്ടന്നുതന്നെ അത് സങ്കടമായി മാറി. ജ്യേഷ്ഠനായും അച്ഛനായും സുഹൃത്തായുമൊക്കെ ഞാൻ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. കുടുംബകാര്യങ്ങൾ പങ്കിട്ടുണ്ട്. അമ്മ സംഘടനയിൽ വർഷങ്ങളോളം എനിക്കൊപ്പം നിന്നു. പിന്നെ എന്തിനാണ് ഞാൻ അങ്ങനെ ആലോചിച്ചതെന്ന് മനസ്സിൽ ഓർത്തു. അവസാനം ഉത്തരം കിട്ടി, ഇത്തരം കുശുമ്പും കുന്നായ്മയും ഒക്കെ ചേർന്നതാണ് മനുഷ്യൻ.’–ഇന്നസന്റ് പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com