ADVERTISEMENT

താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ നടക്കുന്ന ചെറിയ കാര്യങ്ങൾ പോലും സിനിമാപ്രേമികൾക്ക് കൗതുകമാണ്. താരസുഹൃത്തുക്കൾ ഒന്നിച്ചിരിക്കുമ്പോൾ സംഭവിക്കുന്ന രസകരമായ കാര്യങ്ങൾ പ്രിയതാരങ്ങൾ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ കൗതുകകരമായ സംഭവം നടൻ ബാല ഫെയ്സ്ബുക്കിൽ പങ്കുവച്ചു. അമ്മയുടെ മീറ്റിങിനിടയിൽ ചെറിയൊരു സമയം കിട്ടിയാൽ പടം വരയ്ക്കുന്ന മോഹൻലാലിനെ വരച്ചെടുത്ത വിരുതനെയാണ് ബാല പരിചയപ്പെടുത്തിയത്. നടനും സംവിധായകനും സംഗീത സംവിധായകനുമായ നാദിർഷയാണ് മോഹൻലാലിനെ വരകളിൽ പകർത്തിയെടുത്തത്.  

 

സിനിമയുടെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച നാദിർഷ മികച്ചൊരു ചിത്രകാരൻ കൂടിയാണെന്ന് വ്യക്തമാക്കുന്നതാണ് ബാലയുടെ പോസ്റ്റ്. ബാലയുടെ വാക്കുകൾ ഇങ്ങനെ: "നമ്മുടെ പ്രിയപ്പെട്ട ലാലേട്ടൻ വേദിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. ഞാനിരിക്കുന്നത് നാദിർഷയുടെ അടുത്താണ്. പെട്ടന്ന്, നാദിർഷ ഒരു പെൻസിലെടുത്ത് വരയ്ക്കാൻ തുടങ്ങി. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഒരു മിനിറ്റിനുള്ളിൽ അദ്ദേഹം മോഹൻലാലിനെ വരച്ചു. അദ്ഭുതപ്പെടുത്തുന്ന കഴിവാണിത്. അതിനേക്കാളേറെ ഒരു ആരാധകന്റെ സ്നേഹമാണിത്. ലാലേട്ടൻ ഇഷ്ടം!"

 

പോസ്റ്റിനൊപ്പം നാദിർഷ വരച്ച മോഹൻലാലിന്റെ പെൻസിൽ സ്കെച്ചും ബാല പങ്കു വച്ചു. കഴിഞ്ഞ ദിവസം മോഹൻലാൽ വരച്ച ഒരു മിനി സ്കെച്ച് നടൻ ജയസൂര്യ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. 'ഇതിഹാസതാരത്തിൽ നിന്ന്' എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാൽ വരച്ചു നൽകിയ മിനി സ്കെച്ച് താരം പങ്കുവച്ചത്. നേരത്തെ. അജു വർഗീസും മോഹൻലാൽ വരച്ചു നൽകിയ ലഘുചിത്രങ്ങൾ പങ്കുവച്ചിരുന്നു. അമ്മയുടെ മീറ്റിങ്ങിന് ഇടയിൽ മോഹൻലാൽ വരച്ച ചിത്രങ്ങളായിരുന്നു അവ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com