ADVERTISEMENT

ചെറിയൊരു ഇടവേളയ്ക്കു ശേഷം മുഴുനീള കഥാപാത്രമായി, വ്യത്യസ്തറോളിൽ എത്തിയിരിക്കുകയാണ് ആശാ ശരത്. ഈ വരവിന് ഇരുപത്തിയഞ്ചിന്റെ മധുരം കൂടിയുണ്ട്. 25 സിനിമകൾ പിന്നിട്ടിരിക്കുകയാണ് ആശ. എന്നാല്‍ മലയാളികൾക്ക് അതിലേറെ കണ്ടുശീലിച്ച പരിചയവും. വീടകത്തെ മിനിസ്ക്രീനിൽ കണ്ടുകണ്ട് സ്വന്തം വീട്ടിലെ അംഗത്തിനെന്നപോൽ കിട്ടിയ സ്നേഹത്തിന് സിനിമയിലെത്തിയിട്ടും കുറവൊന്നും വന്നിട്ടില്ലെന്നു പറയുന്നു താരം. 'എവിടെ'യിലെത്തി നിൽക്കുന്ന സിനിമാ സന്തോഷങ്ങളെക്കുറിച്ചും പ്രമോഷണൽ വിഡിയോ വിവാദത്തെക്കുറിച്ചും ആശാ ശരത് മനോരമ ന്യൂസ്.കോമിനോട്.

 

എല്ലാം സ്നേഹം കൊണ്ട്

 

ആ പ്രൊമോഷനൽ വിഡിയോ 'എവിടെ' സിനിമയുടെ ഫെയ്സ്ബുക്ക് പേജിലാണ് വന്നത്. ഉദ്ദേശം വ്യക്തമായിരുന്നു. ആശാ ശരത് ആയല്ല, ആ സിനിമയിലെ കഥാപാത്രമായാണ് പ്രത്യക്ഷപ്പെട്ടത്. ഭർത്താവിനെ കാണാതായതിനെക്കുറിച്ച് പറയുമ്പോൾ സക്കറിയ എന്ന പേര് എടുത്തു പറയുന്നുമുണ്ട്. സംവിധായകനും സിനിമയിലെ അണിയറപ്രവര്‍ത്തകരുമെല്ലാം കൂട്ടായി എടുത്ത തീരുമാനമാണത്. പ്രൊമോഷണൽ വിഡിയോ ആണെന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുമുണ്ട്. ചിലര്‍ക്കെങ്കിലും മറിച്ചുള്ള ആശങ്കകളുണ്ടായത് എന്നോടുള്ള സ്നേഹം കൊണ്ടാണെന്നാണ് മനസ്സിലാക്കുന്നത്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതില്‍ വിഷമമുണ്ട്. 

 

വേണ്ടത് നല്ല സിനിമകൾ

 

സ്ത്രീകേന്ദ്രീകൃതമെന്നോ പുരുഷകേന്ദ്രീകൃതമെന്നോ അല്ല, നല്ല സിനിമകളാണ് വേണ്ടത്. ഇപ്പോൾ നമ്മൾ നല്ല സിനിമകളെക്കുറിച്ച് കൂടുതൽ സംസാരിക്കുന്ന സമയമാണ്. നല്ല സിനിമകൾ ഉണ്ടാകുന്ന സമയമാണ്. അതിൽ മലയാളം സിനിമക്ക് അഭിമാനിക്കാം... പുതിയ ആളുകളെ, അഭിനേതാക്കളെ ഒക്കെ ശ്രദ്ധിക്കാറുണ്ട്. എല്ലാ സിനിമകളും കാണാൻ പറ്റാറില്ലെങ്കിലും. പുതുതലമുറ സിനിമാപ്രവർത്തകരുമായും പ്രവർത്തിച്ചിട്ടുണ്ട്. നമ്മൾ കൂടുതൽ ചെറുപ്പമാകുന്നതു പോലെയാണ് അപ്പോള്‍ തോന്നുക. 

 

ഇരുപത്തിയഞ്ചിന്റെ മധുരം, എവിടെയിലെത്തിയ സന്തോഷം

 

ചാനൽ അഭിമുഖത്തിൽ അവതാരിക ഇരുപത്തിയഞ്ച് സിനിമകൾ പിന്നിട്ടു എന്നു പറഞ്ഞപ്പോളാണ് അക്കാര്യം ഞാൻ തന്നെ മനസ്സിലാക്കുന്നത്. എന്തെങ്കിലും വ്യത്യസ്തതയുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. ഒരുപോലെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമില്ല. ഓരോ കഥാപാത്രവും എന്തെങ്കിലും വ്യത്യസ്തമായി സംവദിക്കണം. അങ്ങനെ നോക്കുകയാണെങ്കിൽ ആദ്യം അത്തരത്തിൽ വ്യത്യസ്തതയുള്ള ഒരു വേഷം ചെയ്തത് 'ബഡി' എന്ന സിനിമയിലാണ്. പിന്നെയാണ് ദൃശ്യത്തിലെ പൊലീസ് ഉദ്യോഗസ്ഥയുടെ റോൾ കിട്ടുന്നത്. എവിടെയിലെ ജസിയും എന്നിൽ നിന്ന് വളരെ വ്യത്യാസപ്പെട്ട, കലയുമായോ കലാകാരൻമാരുമായോ യാതൊരു അടപ്പവുമില്ലാത്ത കഥാപാത്രമാണ്. അത്തരം റോളുകൾ ചെയ്യാൻ ഇഷ്ടമാണ്. നമ്മളല്ലാത്ത, ആളുകളെ അവതരിപ്പിക്കണം. ഓരോരുത്തരുടെയും ചിന്തകളും മനോഭാവങ്ങളുമെല്ലാം വ്യത്യസ്തമാണല്ലോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com