ADVERTISEMENT

ദിലീപ് ചിത്രം ശുഭരാത്രിക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഏറെ നാളുകൾക്കുശേഷം മികച്ചൊരു കുടുംബചിത്രം കാണാനായതിന്റെ സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ. ചിത്രത്തെ പ്രശംസിച്ച് സംവിധായകരായ ബി. ഉണ്ണികൃഷ്ണനും എം. പത്മകുമാറും രംഗത്തുവന്നു.

 

ബി. ഉണ്ണികൃഷ്ണന്റെ കുറിപ്പ്: ‘എന്റെ പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ അരോമ മോഹന്‍ നിര്‍മ്മാണപങ്കാളിയായ, വ്യാസന്‍ എഴുതി സംവിധാനം ചെയ്ത ശുഭരാത്രി കണ്ടു. ഉള്ളില്‍ തൊട്ടു. നെറികെട്ട നമ്മുടെ കാലത്തോട്. സൗമ്യമായി എന്നാല്‍ തീഷ്ണമായി പറയേണ്ട ചിലത് പലരും പറയാന്‍ മടിക്കുന്ന ചിലത് വ്യാസന്‍ പറഞ്ഞിരിക്കുന്നു. സഹജീവികളോടുള്ള കരുണയില്‍ ദൈവത്തെ കാണുന്നതാണല്ലോ എല്ലാ മതങ്ങളുടെയും പൊരുള്‍. ആ അകപ്പൊരുളിന്റെ ചെറുതായുള്ള വീണ്ടെടുപ്പാണ് വ്യാസന്റെ സിനിമ. ക്യാമറയ്ക്ക് മുമ്പിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവരും നന്നായി. പ്രതിഛായയോ താരപരിവേഷമോ നോക്കാതെ , കഥാപാത്രത്തിന്റെ അകക്കാമ്പ് കണ്ടറിഞ്ഞ് കൃഷ്ണനായി മാറിയ, അയാളുടെ ധര്‍മ്മസങ്കടങ്ങളെ നമ്മുടേതാക്കി മാറ്റിയ ദിലീപിനോട് നന്ദി.സിദ്ദിഖ് നിങ്ങളെന്തൊരു നടനാപ്പാ, ഓരോ സിനിമയും ഓരോ വിസ്മയമാകുകയാണ്. സിദ്ദിഖ്, വ്യാസന്‍ അഭിനന്ദനങ്ങള്‍ സ്‌നേഹം ആശ്ലേഷം.’ –ബി. ഉണ്ണികൃഷ്ണൻ കുറിച്ചു.

 

എം. പത്മകുമാറിന്റെ കുറിപ്പ്: ഒരു കലാസൃഷ്ടിക്ക് നമ്മുടെ കണ്ണുനിറയിക്കാനാവുന്നത് എപ്പോഴാണ്? ഒന്നുകിൽ ദുരന്തത്തിന്റെ ഉള്ളുലയ്ക്കുന്ന നേർക്കാഴ്ച. അതല്ലെങ്കിൽ നിസ്സീമമായ സ്നേഹത്തിന്റെ ത്യാഗത്തിന്റെ ആഴം. ആദ്യത്തേത് എത്രയും പെട്ടന്ന് നമ്മൾ മറക്കാനാഗ്രഹിക്കുമെങ്കിൽ രണ്ടാമത്തെ അനുഭവം കാലങ്ങളോളണം നമ്മുടെ മനസ്സിൽ അലയടിച്ചു കൊണ്ടേയിരിക്കും. അത്തരം ഒരനുഭവം. ഈ കണ്ണും മനസ്സും എന്നെന്നും ഇങ്ങനെ നിറഞ്ഞിരിക്കട്ടെ എന്നു നമ്മളാഗ്രഹിച്ചു പോകുന്ന ഈ അനുഭവം സമ്മാനിച്ച സിനിമയാണ് ശുഭരാത്രി. ഇന്നത്തെ കാലം ആഗ്രഹിക്കുന്ന, ആവശ്യപ്പെടുന്ന സിനിമ. അത്തരം ഒരു കല സൃഷ്ടിക്കാനായി എന്നതിൽ കവിഞ്ഞ് വ്യാസൻ എന്ന കഥാകാരൻ കൂടിയായ സംവിധായകനും നിർമാതാക്കളായ അരോമ മോഹനും എബ്രഹാം മാത്യുവിനും മറ്റെന്തഭിമാനിക്കണം.നന്മയുടെ തിരുമുറ്റത്ത് പ്രേക്ഷകനെ കൈപിടിച്ചു നടത്തിയ മലയാളത്തിന്റെ പ്രിയപ്പെട്ട നടന്മാരായ സിദ്ദിഖിനും ദിലീപിനും ഛായാഗ്രാഹകനായ ആൽബിക്കും സംഗീതം കൊണ്ട് ഹൃദയത്തെ ആർദ്രമാക്കിയ ബിജിക്കും ബാക്കി എല്ലാ മുന്നണി പിന്നണി പ്രവർത്തകർക്കും സ്നേഹം മാത്രമേയുള്ളു ആശംസിക്കാൻ.’–പത്മകുമാർ കുറിച്ചു.

 

നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, അജു വര്‍ഗീസ്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. സംഗീതം ബിജിബാല്‍. നിര്‍മ്മാണം അരോമ മോഹന്‍. വിതരണം അബാം മൂവീസ്. ആല്‍ബിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com