ADVERTISEMENT

സംവൃതാ സുനിലിന്റെ ഭർത്താവ് അഖിൽ മദ്യം കൈകൊണ്ടു തൊടുന്നയാളല്ല. പക്ഷേ, ആ സത്യം സംവൃത എത്രപറഞ്ഞാലും കൂട്ടുകാർ വിശ്വസിക്കില്ല. കാരണം, സംവൃതയുടെ പുതിയ സിനിമയുടെ ടീസർ കണ്ടാൽ ആരും അങ്ങനെ സംശയിച്ചുപോകും.  രാത്രി മദ്യപിച്ചുവരുന്ന ഭർത്താവിന്റെ നേരെ സംവൃത കണ്ണുരുട്ടി ചൂടാവുന്ന രംഗമാണ്  വൈറലായിരിക്കുന്നത്. ‘‘വെള്ളമടിക്കാത്ത ഒരാളുടെ ഭാര്യയ്ക്ക് ഇത്ര ഭംഗിയായി ഈ രംഗം ചെയ്യാൻ പറ്റില്ല’’ എന്നാണ് ഒരു കൂട്ടുകാരി നാട്ടിൽനിന്ന് വിളിച്ചുപറഞ്ഞത്. സിനിമയുടെ പേരുതന്നെയാണ് അവർക്കുള്ള മറുപടിയെന്ന് സംവൃതയും പറയുന്നു. ‘‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ?’’   സംവൃതാ സുനിൽ എന്ന മലയാളത്തിന്റെ പ്രിയ നടി  തിരിച്ചു വരികയാണ്; ഒരു വടക്കൻ സെൽഫിക്കു ശേഷം ജി.പ്രിജിത്ത് സംവിധാനം ചെയ്യുന്ന ‘‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ’’ എന്ന ചിത്രത്തിലൂടെ; ബിജു മേനോന്റെ നായികയായി. 

 

∙വളരെക്കാലമായില്ലേ ക്യാമറയുടെ മുൻപിൽ നിന്നിട്ട്..?

Sathyam Paranja Vishwasikuvo | Official Teaser 02 | Biju Menon | Samvritha Sunil | G Prajith

 

ഞാൻ ലൊക്കേഷനിൽ എത്തുമ്പോൾ ഷൂട്ട് തുടങ്ങിയിട്ട് പത്തുപതിനഞ്ച് ദിവസമായി. അപ്പോഴേക്കും മറ്റുള്ളവരെല്ലാം കഥയുമായും കഥാപാത്രങ്ങളുമായും പൊരുത്തപ്പെടുകയും ചെയ്തിരുന്നു. ബിജുച്ചേട്ടനെ കണ്ടപ്പോൾ, ഒരു എക്സ്പേർട്ട് വാർക്കപ്പണിക്കാരനാണെന്നുതന്നെ തോന്നി.  അവർക്കിടയിൽ എന്റെ അഭിനയം ശരിയാകുമോ എന്നൊരു പേടി. പക്ഷേ, ലൊക്കേഷനിൽ എനിക്കു കിട്ടിയ സ്വീകരണം വളരെ വലുതായിരുന്നു. അതാണ് ആത്മവിശ്വാസം നൽകിയത്. 

samvrutha-biju

 

∙കെട്ടിടം പണിക്കാരുടെ ജീവിതം നേരത്തെ മനസ്സിലാക്കിയിട്ടുണ്ടോ?

samvrutha-biju4

 

ഗീത എന്ന കഥാപാത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത് സജീവ് പാഴൂരും സംവിധായകൻ പ്രിജിത്തും വളരെ കൃത്യമായി പറഞ്ഞുതന്നിരുന്നു. പിന്നെ വീടുപണിയുന്ന ആളുകളും അവരുടെ ജീവിതവും നമുക്ക്  അപരിചിതമല്ലല്ലോ. ഇതിനേക്കാളൊക്കെ പ്രധാനം സിനിമ ഷൂട്ട് ചെയ്ത ലൊക്കേഷനായിരുന്നു. മാഹിക്കും തലശേരിക്കും ഇടയിൽ ഒരു ഗ്രാമത്തിലായിരുന്നു ഷൂട്ടിങ്. ചെങ്കല്ലു കെട്ടിയ–സിമന്റ് തേക്കാത്ത ഒരു വീട്. ആ വീട്ടിൽ ഒരു മണിക്കൂർ ചെലവഴിച്ചപ്പോൾതന്നെ ഞാൻ ഗീതയായി.   

samvrutha-biju3

 

∙ബിജു മേനോനുമായുള്ള കോമ്പിനേഷൻ?

 

നേരത്തേ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും നായികയാകുന്നത് ആദ്യമാണ്.  സിനിമയുടെ ക്ലൈമാക്സിൽ ബിജുച്ചേട്ടന്റെ സഹായം പ്രത്യേകം പറയേണ്ടതാണ്. വ്യക്തിപരമായും വളരെ ഹെൽപ് ഫുൾ ആയിരുന്നു. ഷൂട്ട് തുടങ്ങിയപ്പോൾതന്നെ സംയുക്തച്ചേച്ചിയെ വിളിച്ചു തന്നിരുന്നു. ‘‘നിന്നെ വളരെ കംഫർട്ടായി നിർത്തിക്കോണമെന്ന് ഞാൻ ബിജുവിനോട് പറഞ്ഞിട്ടുണ്ട്; നിനക്ക് എന്ത് ആവശ്യമുണ്ടേലും ബിജുനോട് പറഞ്ഞാൽ മതി’’ എന്നൊക്കെ ചേച്ചി പറഞ്ഞിരുന്നു. പിന്നെ ഷൂട്ടില്ലാത്ത സമയങ്ങളിൽ ഞങ്ങൾക്ക് പറയാൻ ഇഷ്ടംപോലെ കുടുംബകാര്യങ്ങൾ ഉണ്ടായിരുന്നു.  

 

∙സിനിമയിൽ ഇപ്പോൾ എന്തെങ്കിലും മാറ്റം തോന്നുന്നുണ്ടോ?

 

ഞാൻ അമേരിക്കയിലായിരിക്കുമ്പോൾ തന്നെ കഥാപാത്രത്തിന്റെ ഒരു ഡിസൈൻ പറഞ്ഞുതന്നിരുന്നു. പുരികം ത്രെഡ് ചെയ്യരുതെന്നായിരുന്നു അതിലെ പ്രധാന നിർദേശം. കാരണം, ഗീത എന്ന കഥാപാത്രം ബ്യൂട്ടി പാർലറിലൊന്നും പോകുന്ന ആളല്ല. ഇത്രയും സൂക്ഷ്മമായ കാര്യങ്ങളൊക്കെ അക്കാദമിക് സിനിമകളിൽ മാത്രമേ മുൻപ് ശ്രദ്ധിച്ചിരുന്നുള്ളൂ. മുഖ്യധാരാ സിനിമയിൽ നായകന്മാരുടെ വേഷവും അപ്പിയറൻസുമൊക്കെ മാത്രമേ ഡിസൈൻ ചെയ്തിരുന്നുള്ളു. ഇപ്പോൾ അങ്ങനെയല്ല സ്ത്രീകഥാപാത്രങ്ങൾക്കും ചെറിയ വേഷങ്ങൾക്കുമൊക്കെ പ്രത്യേക ശ്രദ്ധകിട്ടുന്നുണ്ട്. അത് കൃത്യമായി സ്ക്രീനിൽ എത്തിക്കുകയും ചെയ്യുന്നുണ്ട്.  

 

ഇപ്പോൾ കുടുംബസമേതം അമേരിക്കയിലാണ് സംവൃത സുനിൽ. ഭർത്താവ് അഖിൽ അവിടെ ഐടി ഉദ്യോഗസ്ഥനാണ്. നാലര വയസ്സുള്ള മകൻ അഗസ്റ്റ്യ പ്ലേ സ്കൂളിൽ പഠിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com