ADVERTISEMENT

മുൻപു ചൈന എന്നു കേൾക്കുമ്പോഴൊക്കെ ഒട്ടേറെ സാധനങ്ങൾ അടുക്കിവച്ചിരിക്കുന്ന ഷോറൂമായിരുന്നു നടൻ ഇന്ദ്രൻസിന്റെ മനസ്സിൽ. ഇപ്പോൾ ഇന്ദ്രൻസിനു ചൈനയെക്കുറിച്ചു പറയാനുണ്ടേറെ.  ലാൽ ജോസിന്റെ സിനിമയിൽ വിവാഹപ്പന്തൽ സീൻ ചിത്രീകരിക്കുമ്പോൾ നിലത്തുവീണു വാരിയെല്ലിനു ചെറിയൊരു പരുക്കേറ്റു വിശ്രമിക്കുമ്പോഴാണു സംവിധായകൻ ഡോ.ബിജുവിന്റെ ഫോൺ കോൾ. 

 

‘വെയിൽ മരങ്ങൾ’ ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ മത്സര വിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. പ്രധാന നടനായി അഭിനയിച്ച ചേട്ടനെയും ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കു പുറത്തെ ചലച്ചിത്രോത്സവങ്ങളിൽ അതുവരെ ഇന്ദ്രൻസ് പങ്കെടുത്തിരുന്നില്ല. എന്നാൽ പിന്നെ പോയിട്ടുതന്നെ എന്ന് ഇന്ദ്രൻസ് ഉറപ്പിച്ചു. 

 

indrans-5

കോട്ട് ദ് പോയിന്റ്

 

കോട്ടും സ്യൂട്ടും ധരിക്കണം. വല്ലാത്ത മെനക്കേടായല്ലോ?  മലയാള സിനിമയിലെ ഭൂരിഭാഗം അഭിനേതാക്കൾക്കും വസ്ത്രം ഒരുക്കിയ ഇന്ദ്രൻസിന് ആശങ്ക, ‘എനിക്കു കോട്ട് ശരിയാകുമോ?’ തയ്ച്ചു കിട്ടിയപ്പോൾ ഇട്ടു നോക്കി. ഭാര്യ ശാന്ത പറഞ്ഞു– സൂപ്പർ! 

 

ചൈനയിൽ സ്യൂട്ടും ധരിച്ചു നടക്കാൻ വിഷമിച്ചു. ഇന്ദ്രൻസിന്റെ വാക്കുകളിൽ, ‘സ്യൂട്ട് ആവശ്യപ്പെടുന്ന ചിട്ടകളുണ്ട്. ധരിക്കുന്നയാൾ അത് അനുസരിക്കണം. ചിരി പരിമിതപ്പെടുത്തി, വടിവൊപ്പിച്ചു നിൽക്കാതെ തരമില്ല. ചുമരിൽ ചാരി നിൽക്കാനോ ബെഞ്ചിൽ ഇരിക്കാനോ പറ്റില്ലല്ലോ. മിക്കപ്പോഴും ശരീരനിയന്ത്രണ വസ്ത്രവും ധരിച്ചു നടക്കുകയായിരുന്നു ചൈനയിൽ.’  ഡോ.ബിജു, നിർമാതാവ് ബേബി മാത്യു സോമതീരം, നടൻ പ്രകാശ് ബാരെ എന്നിവർക്കൊപ്പം കോട്ടുമിട്ടു നിന്നപ്പോൾ താൻ ആളു മോശമല്ലല്ലോയെന്നു തോന്നിയെന്നു പറഞ്ഞു പൊട്ടിച്ചിരിക്കുകയാണ് ഇന്ദ്രൻസ്.

indrans-dr-biju-zachariah

 

സുരേന്ദ്രൻ ഇനി ഇന്ദ്രൻസ്

 

indrans

ചൈനയിൽ വിമാനം ഇറങ്ങുമ്പോൾ സ്വീകരിക്കാൻ ഔദ്യോഗിക സംഘം എത്തിയിരുന്നു. ഡോ.ബിജുവാണല്ലോ നായകൻ. ക്ഷണിക്കാൻ വന്നവരുടെ ബോർഡിൽ എഴുതിയിരിക്കുന്നു– ബീജു! സംവിധായകന്റെ പേരിനു ദീർഘമായപ്പോൾ ഇന്ദ്രൻസ് ഓർത്തു, ‘ചൈനക്കാർ എന്റെ പേര് എങ്ങനെയാകും എഴുതുക? വിളിക്കുക?’

കഴിഞ്ഞമാസം തന്നെ ഇന്ദ്രൻസ് ഒരു തീരുമാനം എടുത്തിരുന്നു, ഇന്ദ്രൻസ് എന്ന പേര് ഔദ്യോഗികമാക്കാൻ. കെ.സുരേന്ദ്രൻ എന്നാണു യഥാർഥ പേര്. ഇന്ദ്രൻസ് എന്നു മാറ്റുന്നതിനുവേണ്ടി ഗസറ്റിൽ പരസ്യം നൽകിയശേഷമായിരുന്നു യാത്ര. ഷാങ്ഹായ് മേളയിൽ 14 മത്സരചിത്രങ്ങളിലൊന്നായിരുന്നു വെയിൽ മരങ്ങൾ. 

 

112 രാജ്യങ്ങളിലെ 3964 ചിത്രങ്ങളിൽ നിന്നാണു ‘വെയിൽ മരങ്ങൾ’ മത്സരവിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. ആദ്യദിനത്തിൽ തന്നെ അതു സംഭവിച്ചു, റെഡ് കാർപ്പറ്റ് സ്വീകരണം! ചൈനക്കാർ തന്റെ പേരു വിളിച്ചപ്പോൾ ചുറ്റുമൊന്നു നോക്കി. പേരു മാറിപ്പോയിരിക്കുന്നു, ‘ഷുരേൻ‍ഡ്രോൻ’. 

 

ഔദ്യോഗിക രേഖയിലുള്ള പേരുമാത്രമേ അവർ ഉപയോഗിക്കുകയുള്ളൂ. വെയിൽ മരങ്ങൾക്ക് ബെസ്റ്റ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചു. മേളയിലെ എട്ടു പുരസ്കാരങ്ങളിൽ ഒന്ന്!  വെയിൽ മരങ്ങൾ പ്രദർശിപ്പിച്ചു കഴിഞ്ഞപ്പോൾ പലരും വന്ന് അഭിനന്ദിച്ചു, ‘ഓൾ ദ് ബെസ്റ്റ് ഷൂരേൻഡ്രോൻ.’ കയ്യടിച്ചു ചിരിച്ചുകൊണ്ട് ഇന്ദ്രൻസ് പറയുന്നു, ‘ഇനി അവർ അങ്ങനെ വിളിക്കില്ല. പേരു മാറിയല്ലോ.’

 

അന്നവടികൾ

 

ഫോർക്കും സ്പൂണും ചോപ്സ്റ്റിക്കുമൊന്നും ഇന്ദ്രൻസിനു വഴങ്ങുന്നില്ല. ചൈനയിൽ  ഭക്ഷണം കഴിക്കാൻ അതൊക്കെ വേണം. രണ്ടു വടികൾക്കിടയിൽ ഭക്ഷണം എടുക്കുന്നതെങ്ങനെ? ഹോട്ടൽ ജീവനക്കാരനായ ചെറുപ്പക്കാരൻ വന്നു ചോപ്സ്റ്റിക് പിടിക്കുന്ന വിധം പറഞ്ഞുകൊടുത്തു. പ്രദർശനവിഭാഗത്തിലെ മലയാള സിനിമയായ ‘സുഡാനി ഫ്രം നൈജീരിയ’യുടെ സംവിധായകൻ സക്കരിയയാണ് ആ രംഗം മൊബൈലിൽ പകർത്തിയത്. നാടാകെ കണ്ട വിഡിയോ വീണ്ടും നോക്കിക്കൊണ്ട് ഇന്ദ്രൻസ് പറയുന്നു, ‘ ചൈനയിൽ കഴിഞ്ഞ‍ ദിവസങ്ങളിൽ മുറതെറ്റാതെ വയറു നിറഞ്ഞുവെങ്കിലും കൈ പട്ടിണിയിലായിരുന്നു. കുഴച്ചു മറിക്കാൻ ഒന്നും കിട്ടാത്ത വിഷമത്തിലായിരുന്നു കൈ’.

എങ്കിലും എല്ലാം കഴിഞ്ഞപ്പോൾ അഭിമാനം തോന്നി, അവരുടെയത്ര പണക്കൊഴുപ്പും സൗകര്യങ്ങളും ഇല്ലെങ്കിലും കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവം ഒന്നും താഴെയല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com