ADVERTISEMENT

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ സംവൃതയെ രണ്ടാം വരവിനു വേണ്ടി ആദ്യം സമീപിക്കുന്നത് താനാണെന്നും ചിത്രത്തിനായി സംവൃത ഒരുപാട് കഷ്ടപ്പെട്ടെന്നും ബിജു മേനോൻ. സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ആറു വർഷങ്ങൾക്കു ശേഷമാണ് സംവൃത ബിഗ് സ്ക്രീനിലേയ്ക്ക് വീണ്ടു എത്തുന്നത്. ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സജീവ് പാഴൂരാണ് കഥയും തിരക്കഥയും.

‘ഞങ്ങളുടെ ആവശ്യമായിരുന്നു സംവൃത ഈ സിനിമയിൽ അഭിനയിക്കണമെന്നത്. സംവൃത അമേരിക്കയിൽ താമസിക്കുകയാണ്. പണത്തിനു വേണ്ടി സിനിമ ചെയ്യേണ്ട ആവശ്യമൊന്നും അവൾക്കില്ല. റി–എൻട്രി എന്ന രീതിയിൽ നിനക്ക് ഒട്ടും മോശംവരാത്ത സിനിമയായിരിക്കും ഇതെന്നും കഥ കേട്ടിട്ട് തീരുമാനിച്ചാൽ മതിയെന്നും ഞാൻ പറഞ്ഞു. അങ്ങനെ കഥ കേട്ടു, സിനിമ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അവളുടെ കൊച്ചുകുഞ്ഞിനെയും കൊണ്ടാണ് ഷൂട്ടിങിനു വരുന്നത്. തണുപ്പുള്ള കാലാവസ്ഥയിൽ നിന്നും ഇവിടുത്തെ ചൂടിലേയ്ക്ക്.’

‘ഷൂട്ടിങിന്റെ ആദ്യദിനം സെറ്റിലെ പൊടിയൊക്കെ അടിച്ച് കുഞ്ഞിനു അസുഖമായി. ആ സമയത്ത് സംവൃതയ്ക്ക് ചെറിയൊരു ബുദ്ധിമുട്ടുപോലെ വന്നു. ഞാൻ അപ്പോൾ സംയുക്തയെ ഫോണിൽവിളിച്ച് സംവൃതയ്ക്കുനൽകി. അവർ തമ്മിൽ സംസാരിച്ചപ്പോൾ തന്നെ അവളുടെ പകുതി ടെൻഷൻ അകന്നു. എന്തുണ്ടെങ്കിലും എന്നോടു പറഞ്ഞോളൂ എന്ന ധൈര്യം സംയുക്ത, സംവൃതയ്ക്കു നൽകി. എല്ലാവരും സംവൃതയെ പിന്തുണച്ചു.’

‘അത്രയും വേദന എടുത്ത് ഈ സിനിമയ്ക്ക് അവൾ വന്നത് കഥ ഇഷ്ടപ്പെട്ടിട്ടാണ്. ആ കൊച്ചുകുഞ്ഞിനെയും കൊണ്ടാണ് അവൾ ഈ സിനിമ മുഴുവൻ ചിത്രീകരിച്ചു തീർത്തത്. വളരെ സന്തോഷത്തോടെയാണ് അവൾ സെറ്റിൽ നിന്നും തിരിച്ചുപോയത്.’–ബിജു മേനോൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിക്കുവേണ്ടി വോട്ട് ചോദിച്ച് എത്തിയത് തെറ്റാണെന്ന് തോന്നിയിട്ടില്ലെന്നും അദ്ദേഹം അഭിമുഖത്തിനിടെ പറഞ്ഞു. ജ്യേഷ്ഠസ്ഥാനത്തുള്ള ഒരാൾക്ക് വിജയാശംസകൾ നേരേണ്ടത് തന്റെ ബാധ്യതയും കടമയുമാണെന്ന വിശ്വാസത്ത‌ിലാണ് പ്രചാരണത്തിനു പോയതെന്നും ബിജു േമനോൻ പറഞ്ഞു.

‘കമന്റുകൾ കണ്ട് വിഷമം തോന്നിയിരുന്നു. എന്നാൽ ഞാൻ ചെയ്തത് തെറ്റാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. എന്റെ സഹപ്രവർത്തകനും ജ്യേഷ്ഠതുല്യനുമായ ഒരാൾ തൃശൂരിൽ മത്സരിക്കുമ്പോൾ പാർട്ടിയോ മറ്റോ നോക്കിയിട്ടല്ല പിന്തുണക്കുന്നത്. അദ്ദേഹത്തിന് വിജയാശംസകൾ നേരേണ്ടത് എന്റെ ബാധ്യതയും കടമയുമാണെന്ന് തോന്നിയിട്ടാണ് ഞാൻ അവിടെ പോയത്. അതിന് ആളുകൾ പ്രതികരിച്ചു, അതിൽ ചെറിയ വിഷമം തോന്നി. എന്നാൽ കുറച്ചുനാള്‍ കഴിയുമ്പോൾ ഇതിന്റെ വാസ്തവം ആളുകൾ തിരിച്ചറിയും.’–ബിജു മേനോൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com