ADVERTISEMENT

കെഎസ്​യു പതാക പാറി കളിച്ചിരുന്ന രാജകീയ കലാലയമായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നും, അവരെ വേരോടെ പിഴുതെറിഞ്ഞ് എസ്എഫ്ഐ വളർന്നു പന്തലിച്ചതിന് പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്. ഇൗ വളർച്ചയ്ക്ക് വെള്ളവും വളവുമായ ഒരു തുടക്കക്കാരൻ ഇന്ന് ആ കലാലയത്തിൽ നടക്കുന്ന സംഭവങ്ങളിൽ ദുഃഖിതനാണ്. എസ്എഫ്ഐ പിന്തുണയോടെ 1974ൽ മൽസരിച്ച് ചെയർമാനായ ബാലചന്ദ്രമേനോന്റെ വാക്കുകളിൽ അതിപ്പോഴും പ്രകടമാണ്. ഇന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഇന്ന് നടന്ന സംഘര്‍ഷത്തില്‍ എസ്എഫ്ഐയെ കുരുക്കിലാക്കി തെളിവുകളാണ് പുറത്തുവരുന്നത്. വിദ്യാര്‍ഥിയെ ആക്രമിച്ചത്  എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെ നേതൃത്വത്തിലെന്ന് പൊലീസ് വ്യക്തമാക്കി. നസീമടക്കം അഞ്ചുപേര്‍ സ്ഥലത്തുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പൊലീസുകാരെ റോഡിലിട്ട് മര്‍ദിച്ച കേസിലെ പ്രതിയാണ് നസീം. 

 

വിവാദങ്ങളിലേക്ക് വീണ്ടും എസ്എഫ്ഐയും യൂണിവേഴ്സിറ്റി കോളജും നിറയുമ്പോൾ‌ വർഷങ്ങൾക്ക് മുൻപുള്ള ഒരു സംഭവം ബാലചന്ദ്രമേനോൻ ഒാർത്തെടുക്കുന്നു. ‘ഇൗ കോളേജിലെ രാഷ്ട്രീയത്തിന് ഒരു അപകടസൂചനയുണ്ട്.രാവിലെ കുളിച്ചു പരീക്ഷ എഴുതാൻ ചെല്ലുന്ന ഒരു കോളേജ് യൂണിയൻ ഭാരവാഹി കോളേജ് ഗേറ്റു കടക്കുമ്പോൾ എതിരേൽക്കുന്നതു ഓർക്കാപ്പുറത്തു കിട്ടുന്ന എതിരാളിയുടെ സൈക്കിൾ ചെയിൻ കൊണ്ടുള്ള ഇരുട്ടടി ആയിരിക്കും .അതിന്റെ കാരണം അറിയുന്നത് വൈകുന്നേരമായിരിക്കും .അതാവട്ടെ തലേ ദിവസം കാസർഗോഡ് കോളേജിൽ നടന്ന ഒരു കുടിപ്പകയുടെ പകരം വീട്ടലായിരിക്കും.’ വർഷങ്ങൾക്ക് മുൻപ് തന്നെ ഇൗ കലാലയത്തിലെ അവസ്ഥ ഇപ്പോഴും ചേർത്ത് വയ്ക്കാവുന്ന തരത്തിൽ അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.  

 

‘ഞാൻ ചെയർമാൻ ആയിരിക്കെ നടന്ന ഒരു ചടങ്ങിൽ സഖാവ് ഇ.എം.എസ്. ആയിരുന്നു മുഖ്യാതിഥി. ഒരുപക്ഷേ ഞാൻ ജീവിതത്തിൽ ആദ്യമായും അവസാനമായും ഒരു വേദി അദ്ദേഹവുമായി പങ്കിട്ട ഒരേ ഒരു സന്ദർഭവും അതായിരിക്കണം. മീറ്റിങ് കഴിഞ്ഞു എല്ലാവരും പിരിഞ്ഞുകഴിഞ്ഞപ്പോൾ ആവശ്യമില്ലാതെ ഒരു ക്രമാസമാധാന പ്രശ്നമുണ്ടായി . അത്യാവശ്യം കല്ലേറും ഉന്തും തല്ലും ഒക്കെ ചേർന്ന ഒരു മസാല. പുറത്തു നിന്നിരുന്ന പൊലീസുകാർ കൂടി ആയപ്പോൾ സംഗതി കുശാലായി . കോളജിന്റെ ഒരു അടഞ്ഞ ബാൽക്കണിയിൽ നിന്ന എന്നെ ലാക്കാക്കി ഒരു ഭീമാകാരൻ പൊലീസ് ചീറിപ്പാഞ്ഞു വരുന്നത് ഞാൻ കണ്ടു . എന്നാൽ എനിക്കെങ്ങോട്ടും ചാടിപ്പോകാനാവില്ല . ഭിത്തിയോട് ചേർന്ന് നിൽക്കാനേ കഴിയുള്ളൂ. അടി ഉറപ്പു തന്നെ . ചെയർമാനായാലും അടി കൊണ്ടാൽ നോവുമല്ലോ. ആ നിമിഷം എന്നിലും ഒരു ആവേശം നിറഞ്ഞു എന്നാലാവുന്ന തരത്തിൽ ഞാൻ അലറി വിളിച്ചു. ‘എന്നെ തൊട്ടു പോകരുത്...’

 

ആ ഗർജ്ജനത്തിനു മുന്നിൽ പൊലീസുകാരന്റെ ലാത്തി അറിയാതെ താണത് എങ്ങനെ എന്ന് എനിക്കും ഇന്നും വിശ്വാസം വരുന്നില്ല . പക്ഷെ കാക്കിക്കുള്ളിലെ ആ മനുഷ്യ സ്നേഹിയെ ഇപ്പോൾ നന്ദിപൂർവം ഓർക്കാതെ വയ്യ .മരിച്ചു പോയ എന്റെ സഹപാഠി ലെനിൻ രാജേന്ദ്രൻ ആ സംഭവത്തെപ്പറ്റി തമാശയായി പറഞ്ഞു പരത്തിയത് എനിക്കോർമ്മയുണ്ട്. ‘യൂണിവേഴ്സിറ്റി കോളജിലെ ചെയർമാൻ ആയിരുന്നിട്ടു പോലീസിന്റെ ഒരു തല്ലു പോലും കൊള്ളാതെ രക്ഷപെട്ട ഒരാൾ ബാലചന്ദ്ര മേനോൻ മാത്രമായിരിക്കും . ഞാൻ ഇപ്പോഴും കരുതുന്നത് അടിക്കാൻ വന്ന പൊലീസിന് വേണ്ടി ഒന്നുകിൽ മേനോൻ ഒരുപാട്ടു പാടി കാണും ; അല്ലെങ്കിൽ ഒരു മിമിക്രി കാണിച്ചു കാണും . ആ ഗ്യാപ്പിൽ അടികൊള്ളാതെ രക്ഷപെട്ടുക്കാണും.’ ബാലചന്ദ്രമേനോൻ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com