sections
MORE

ഫഹദിനു നായിക നസ്രിയ തന്നെ; 2 വർഷങ്ങൾക്കു ശേഷം ‘ട്രാൻസ്’

trance-fahadh-anwar
SHARE

മലയാളത്തില്‍ ഈ വര്‍ഷം ആരാധകര്‍ കാത്തിരിക്കുന്ന പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായ ‘ട്രാന്‍സ്’ ഡിസംബറില്‍ തിയറ്ററുകളിലെത്തും. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫഹദ് ഫാസിലാണ് നായകന്‍. ചിത്രത്തിന്റെ ആംസ്റ്റെര്‍ഡാമിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായി.

പോസ്റ്റ് പ്രൊഡ്ക്‌ഷനു മുമ്പ് ഒരാഴ്ച്ചത്തെ ചിത്രീകരണം മാത്രമാണ് ഇനി ചിത്രത്തിനുള്ളത്. എറണാകുളം ജില്ലയിലായിരിക്കും അവസാന ഷെഡ്യൂള്‍ നടക്കുക. സിനിമയുടെ ക്ലൈമാക്സ് ഭാഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്.

കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി ഒരു വര്‍ഷത്തിലേറെയായി ട്രാന്‍സ് ചിത്രീകരിക്കുന്നു. കന്യാകുമാരി, കൊച്ചി, മുംബൈ, പോണ്ടിച്ചേരി, ആംസ്റ്റെർഡാം എന്നിവയാണ് പ്രധാനലൊക്കേഷൻ.

ചെറുകഥകൾ കോർത്തിണക്കിയ ആന്തോളജിയാണ് ട്രാൻസ് എന്നു അഭ്യൂഹമുണ്ടായിരുന്നു. ആന്തോളജി ഗണത്തിൽപെടുന്ന ചിത്രമായിരിക്കില്ല ട്രാൻസ് എന്ന് സംവിധായകൻ പറയുന്നു. ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിവിധ ജീവിതഘട്ടങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. നസ്രിയ തന്നെയാണ് നായികയെന്നും അൻവർ റഷീദ് വ്യക്തമാക്കി.

2017ൽ ജൂലൈയിൽ ആണ് ചിത്രീകരണം ആരംഭിക്കുന്നത്. നാല് ഷെഡ്യൂളുകളിൽ രണ്ട് വർഷം നീണ്ട ചിത്രീകരണം തന്നെയായിരുന്നു അണിയറപ്രവർത്തകരും ഉദേശിച്ചിരുന്നത്. ചിത്രത്തിനായി ഫഹദ് താടി നീട്ടി വളർത്തി. ട്രാൻസിനായി തന്റെ സമയം മുഴുവൻ നൽകുകയുണ്ടായി. മാത്രമല്ല ചിത്രത്തിന്റെ ഡേറ്റ് പ്രശ്നങ്ങൾ ഒഴിവാക്കാൻ മറ്റു ചിത്രങ്ങളിലൊന്നും നടൻ ഈ കാലയളവിൽ കരാർ ഒപ്പിട്ടില്ല. 

അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോർജ്, ധർമജൻ, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഏകദേശം 20 കോടിയാണ് സിനിമയുടെ ബജറ്റ് എന്നും റിപ്പോർട്ട് ഉണ്ട്. അമല്‍ നീരദ് ഛായാഗ്രഹണം നിർവഹിക്കുന്നു. ഹോളിവുഡ് ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലുമൊക്കെയാണ് സാധാരണയായി ഉപയോഗിക്കുന്ന റോബോട്ടിക് കാമറയിലാണ് ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നത്. ഇതാദ്യമായാണ് മലയാളത്തിൽ റോബോട്ടിക് ക്യാമറ ഉപയോഗിക്കുന്നത്. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്‌സണ്‍ വിജയന്‍ (റെക്സ് വിജയന്റെ സഹോദരൻ) സംഗീതം നല്‍കുന്നു. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. 

2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലാണ് അൻവർ റഷീദ് അവസാനം സംവിധാനം ചെയ്ത മുഴുനീള ചിത്രം. ഇതിനിടെ ‘അഞ്ചു സുന്ദരികള്‍’ എന്ന ആന്തോളജി ചിത്രത്തില്‍ ‘ആമി’ എന്ന ഭാഗം അദ്ദേഹം സംവിധാനം ചെയ്തിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA