ADVERTISEMENT

സിനിമകൾ പുറത്തിറങ്ങണമെങ്കിൽ മൃഗസംരക്ഷണ ബോർഡിന് ലക്ഷങ്ങളുടെ കൈക്കൂലി കൊടുക്കേണ്ട അവസ്ഥയാണെന്ന് സംവിധായകൻ രഞ്ജിത്ത്. സിനിമയില്‍ മൃഗങ്ങളെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട അനുമതിക്ക് വേണ്ടി ഫരീദാബാദിലെ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫീസ് പിടിച്ചുപറിയും പകല്‍കൊള്ളയുമാണ് നടത്തുന്നതെന്നാണ് രഞ്ജിത്തിന്റെ പരാതി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ വേദിയിലിരുത്തിയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഓഫീസിനെതിരെ സംവിധായകന്‍ രഞ്ജിത്തിന്റെ പരസ്യപരാതി. 

 

സിനിമയില്‍ ഉപയോഗിച്ച മൃഗങ്ങള്‍ക്ക് ഒരു രീതിയിലുമുള്ള പരിക്കും സംഭവിച്ചിട്ടില്ലെന്ന രേഖകള്‍ ഹാജരാക്കി എന്‍ഒസി തരുന്ന ഫരീദാബാദിലെ ഓഫീസില്‍ അഞ്ച് ലക്ഷത്തിന് മുകളില്‍ കൈക്കൂലി കൊടുക്കേണ്ടി വരുന്നതായി അദ്ദേഹം പറഞ്ഞു. മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ ‘ഡ്രാമ’ എന്ന ചിത്രത്തിനാണ് ഈ ദുരനുഭവം ഉണ്ടായത്.

 

സിനിമയിൽ ചിത്രീകരിച്ച ലണ്ടനിലെ കുതിരയ്ക്കു വേണ്ടി തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് ആരോഗ്യ സാക്ഷ്യപത്രം ആവശ്യപ്പെട്ടു. സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചിട്ടും ഫരീദാബാദിലേക്ക് പറഞ്ഞയച്ചു. റിലീസ് തീയതി അടുത്തതിനാല്‍ പ്രിയപ്പെട്ട രംഗം കട്ട് ചെയ്ത് കളയേണ്ടി വന്നെന്നും രഞ്ജിത് വ്യക്തമാക്കി. ഗുഡ്‌നൈറ്റ് മോഹന്‍ എഴുതിയ പുസ്തകത്തിന്റെ  കോഴിക്കോട്ടെ പ്രകാശന ചടങ്ങില്‍ വച്ചായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിനെതിരെ രഞ്ജിത്ത് ആഞ്ഞടിച്ചത്.

 

ചിത്രീകരണത്തിന് മൃഗങ്ങളെ ഉപയോഗിക്കുന്ന സിനിമകള്‍ക്കാണ് മൃഗസംരക്ഷണ ബോര്‍ഡിന്റെ എന്‍ഒസി വേണ്ടത്. അതില്ലാതെ സെന്‍സര്‍ ബോര്‍ഡ് അത്തരം സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കില്ല. എന്നാല്‍ മുന്‍പ് ചെന്നൈയിലുണ്ടായിരുന്ന അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫീസ് ഫരീദാബാദിലേക്ക് മാറ്റിയതിന് ശേഷമാണ് പരസ്യമായി കൈക്കൂലി ആവശ്യപ്പെടാന്‍ തുടങ്ങിയതെന്നും രഞ്ജിത്ത് പറയുന്നു. 

 

രഞ്ജിത്തിന്റെ വാക്കുകൾ:

 

‘വലിയ സിനിമാ നിർമാതാക്കളൊക്കെ ഇവിടെ സന്നിഹിതരാണ്. ഇവിടെ ഇത് പറയാൻ കാരണം, ശ്രീധരൻപിള്ള ചേട്ടനുണ്ട്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഭാഗമായ ഒരാൾ. ഫരീദാബാദിൽ അനിമൽ വെൽഫയർ ബോർഡ് എന്നൊരു ഓഫീസ് ഉണ്ട്. മുമ്പ് അത് ചെന്നൈിൽ ആയിരുന്നു. സിനിമാ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന മൃഗങ്ങള്‍ക്ക് പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തുന്ന രേഖകള്‍ സമര്‍പ്പിച്ച് നോ ഒബ്ജക്‌ഷന്‍ സര്‍ട്ടിഫിക്കറ്റ് നേടേണ്ട ഓഫീസ് ആണ് ഇത്. ഫരീദാബാദില്‍ ഇപ്പോള്‍ നടക്കുന്നത് പിടിച്ചുപറി അല്ലെങ്കില്‍ പകല്‍ക്കൊള്ളയാണ്. നിങ്ങള്‍ എന്തുതരം പേപ്പറുകളുമായി പോയാലും അഞ്ച് ലക്ഷം മുതലാണ് കൈക്കൂലി. അത് വാങ്ങിയിട്ടേ സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയുള്ളൂ.’

 

‘മോഹന്‍ലാലിനെ നായകനാക്കി ഞാൻ ഒരുക്കിയ 'ഡ്രാമ'യില്‍ ഒരു ക്രിസ്ത്യന്‍ മരണവിലാപയാത്രയുടെ ഭാഗമായി കുതിരകളെ പൂട്ടിയ വണ്ടിയുണ്ടായിരുന്നു. ആ കുതിരകള്‍ക്ക് ആപത്ത് സംഭവിച്ചിട്ടില്ല എന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് തിരുവനന്തപുരത്തെ സെന്‍സര്‍ബോര്‍ഡുകാര്‍ പറഞ്ഞു. ഉടമസ്ഥയായ സ്ത്രീ തന്നെയാണ് കുതിര വണ്ടി ഓടിച്ചിരുന്നത്.’

 

‘സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട അവര്‍ക്ക് ഞങ്ങൾ ഇമെയില്‍ അയച്ചു. ‘എന്തുതരം യുക്തിയാണ് നിന്റെ നാടിനും സര്‍ക്കാരിനും ഉളളതെന്ന് മനസ്സിലാകുന്നില്ലെന്ന്’ അവര്‍ തിരിച്ച് ഞങ്ങളോടു പറഞ്ഞു. ‘എന്റെ കുതിരകള്‍ സുരക്ഷിതരായി എന്റെ ഒപ്പം തന്നെയുണ്ട്. നിന്റെ സെന്‍സര്‍ ബോര്‍ഡിന് എന്താണിതില്‍ താല്‍പര്യമെന്നും ചോദിച്ചു’. എന്നിട്ടും അവർ ഇമെയിൽ അയച്ചു തന്നു. അവര്‍ മൃഗഡോക്ടറേക്കൊണ്ട് എഴുതിച്ച് നല്‍കിയ സാക്ഷ്യപത്രം തിരുവനന്തപുരത്ത് സെന്‍സര്‍ ബോര്‍ഡിനെ കാണിച്ചിട്ടും ഫലമുണ്ടായില്ല. ഫരീദാബാദില്‍ പോകണമെന്ന് പറഞ്ഞു. അതിനർഥം അഞ്ച് ലക്ഷം മുതല്‍ അതിന് മുകളിലേക്കുള്ള തുക കൈക്കൂലി കൊടുക്കുക എന്ന് തന്നെയാണ്. അല്ലാതെ ലണ്ടനിലെ രണ്ട് കുതിരകളുടെ ആരോഗ്യത്തിലുള്ള അതീവ ഉത്കണ്ഠ കൊണ്ടല്ല ഇത്.’ 

 

‘ഫരീദാബാദില്‍ ചെന്നപ്പോള്‍ ആദ്യത്തെ രണ്ട്-മൂന്ന് ദിവസം ഓഫീസില്‍ സ്റ്റാഫില്ല എന്ന് പറഞ്ഞു. റിലീസ് തീരുമാനിച്ച സിനിമയാണ്. വളരെ വേദനാപൂർവം കുതിരകള്‍ വരുന്ന ആ ഷോട്ട് വെട്ടിക്കളയേണ്ടി വന്നു. പ്രശസ്ത മലയാളി ആഡ് ഫിലിംമേക്കര്‍ പ്രകാശ് വര്‍മയോട് ഞാൻ ഇതിനേക്കുറിച്ച് സംസാരിച്ചു. ഇത്രയും നാള്‍ ഇന്ത്യയ്ക്ക് പുറത്തുള്ള ഷൂട്ടില്‍ മൃഗങ്ങളെ ഉപയോഗിച്ചാലും കുഴപ്പമില്ലായിരുന്നു, ഓഫീസ് ഫരീദാബാദിലേക്ക് മാറിയ ശേഷമാണ് പുതിയ സമ്പ്രദായമെന്ന് പ്രകാശ് വര്‍മ പറഞ്ഞു. സൗത്ത് ആഫ്രിക്കയില്‍ പോയി സിംഹത്തെ ഷൂട്ട് ചെയ്താലും ഉടമയുടെ സാക്ഷ്യപത്രം വേണമെന്ന അവസ്ഥയാണ് ഇപ്പോൾ.’–രഞ്ജിത്ത് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com