ADVERTISEMENT

മലയാളത്തിലെ ഇക്കൊല്ലത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ കുമ്പളങ്ങി നൈറ്റ്സിൽ തന്നെ ഏറ്റവുമധികം ആകർഷിച്ചത് ഷെയ്ൻ നിഗമെന്ന് തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ട. കുമ്പളങ്ങിയിലെ ഷെയ്നിന്റെ പ്രകടനത്തെക്കുറിച്ച് ഒരുപാട് പേർ പറഞ്ഞെന്നും ഇഷ്ക്ക് എന്ന ഷെയിനിന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലറും തന്നെ ഏറെ ആകർഷിച്ചെന്നും വിജയ് പറഞ്ഞു. മനോരമ ഒാൺലൈനിനു അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നടി ശ്രുതി രാമചന്ദ്രനോടാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും മനസ്സു തുറന്നത്. 

 

vijay-rashmika

വിജയും രശ്മികയും ഒന്നിച്ച് അഭിനയിച്ച ഡിയർ‌ കോമ്രേഡ് എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് അഭിമുഖത്തിൽ ഇരുവരും പങ്കു വച്ചത്. ‘പലരും ഇൗ സിനിമ സി.ഐ.എ എന്ന ദുൽഖർ സൽമാൻ ചിത്രത്തിന്റെ റീമേക്ക് ആണെന്ന് വിചാരിക്കുന്നുണ്ടെങ്കിലും ഡിയർ കോമ്രേഡിന് ആ ചിത്രവുമായി ഒരു ബന്ധവുമില്ല. ഇൗ സിനിമയിൽ പേരു സൂചിപ്പിക്കും പോലെ അമിതമായ രാഷ്ട്രീയവുമില്ല. എന്നാൽ ഒരു കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നു വരുന്നയാളാണ് ഇൗ സിനിമയിലെ നായകൻ. അതാണ് ചിത്രത്തിന് അങ്ങനെ ഒരു പേരു വരാൻ തന്നെ കാരണം’ വിജയ് പറഞ്ഞു. 

 

ഡിയർ കോമ്രേഡിലെ ലില്ലി എന്ന കഥാപാത്രം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ആദ്യ ദിവസം താൻ ശ്രുതിയോട് എങ്ങനെ ഇൗ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് അഭിപ്രായം ചോദിച്ചതും രശ്മിക ഒാർത്തെടുത്തു. എന്നാൽ സിനിമ ആരംഭിച്ച ശേഷം താൻ അറിയാതെ തന്നെ കഥാപാത്രമായി മാറിയെന്നും അത് ആ ടീമിന്റെ ഗുണമാണെന്നും രശ്മിക പറഞ്ഞു. 

 

‘അർജുൻ റെഡ്ഡി ഷൂട്ട് ചെയ്യുന്ന സമയത്താണ് ഇൗ ചിത്രത്തിന്റെ സംവിധായകനായ ഭരത് എന്റെയടുത്ത് കഥ പറയാൻ വരുന്നത്. ഒാരോ ഷോട്ട് കഴിയുമ്പോഴും ഭരത്തിന്റെ അടുത്തു പോയി കഥ കേൾക്കും. തിരക്കഥ പൂർത്തിയാക്കാൻ ഒരുപാട് സമയമെടുത്തു. ഒരുപാട് മാറ്റങ്ങൾ വരുത്തി. അതിനാണ് ഇത്രയധികം സമയം എടുത്തത്. പക്ഷേ ഇപ്പോൾ ഇൗ സിനിമ കാണുമ്പോൾ ആ കാത്തിരിപ്പ് വെറുതെയായില്ല എന്ന് മനസ്സിലാകും’ വിജയ് പറഞ്ഞു. 

 

‘അർജുൻ റെഡ്ഡി എന്നെ സംബന്ധിച്ച് വലിയ ഒരു സിനിമയായിരുന്നു. പുറമെ നിന്നു നോക്കുന്നവർക്ക് ആ സിനിമ പെട്ടെന്നു ഹിറ്റായ ഒന്നാണെന്നു തോന്നുമെങ്കിലും എന്നെയും അതിന്റെ അണിയറക്കാരെയും സംബന്ധിച്ച് ആ സിനിമ വർഷങ്ങളുടെ അധ്വാനത്തിന്റെ ഫലമായിരുന്നു. അർജുൻ റെഡ്ഡി എല്ലാവർക്കും ഇഷ്ടമാകുമെന്ന് കരുതി എടുത്ത ഒരു ചിത്രമല്ല. ഞങ്ങൾക്ക് വളരെ ഇഷ്ടമായിരുന്നു. മറ്റുള്ളവർക്ക് ഇൗ ചിത്രം ഇഷ്ടമായില്ലെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിരുന്നു. അങ്ങനെ സംഭവിക്കുന്നതിനെക്കുറിച്ച് ഒാർക്കാൻ പോലും സാധിച്ചിരുന്നില്ല. ഇന്ന് ആ സിനിമ എല്ലാ ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ട് സൂപ്പർഹിറ്റായി ഒാടുമ്പോൾ നിറഞ്ഞ സന്തോഷമുണ്ട്’ വിജയ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com