ADVERTISEMENT

സംവിധായകൻ എ.എൽ. വിജയ്‌യുമായുള്ള വിവാഹമോചനത്തിനു ശേഷം ആകെ തകർന്നെന്നും അതിജീവിക്കാൻ സഹായിച്ചത് യാത്രകളാണെന്നും അമല പോൾ. ഹിമാലയത്തിലേക്കുള്ള യാത്ര ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടു മാറ്റിമറിച്ചെന്നും അമല പറഞ്ഞു. ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്.

‘പതിനേഴാം വയസ്സിൽ സിനിമയിലേക്കു വന്നയാളാണ് ഞാൻ. എനിക്കൊന്നും അറിയില്ലായിരുന്നു. ഞാൻ ആരെന്നോ ആരാകണമെന്നോ മറന്നുപോയ സമയം. ദാമ്പത്യജീവിതം പരാജയപ്പെട്ടപ്പോൾ ഞാനാകെ തകർന്നു. ഈ ലോകം മുഴുവൻ എനിക്കെതിരായി. ഞാനാകെ ഒറ്റപ്പെട്ട പോലെയായി. എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്നു തോന്നി. ഒരുപാടു വേദനകൾ അനുഭവിച്ച കാലമായിരുന്നു അത്. സംഭവിച്ച എല്ലാത്തിനും ഞാൻ എന്നെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.

അതിനു ശേഷമാണ് കണ്ണുകൾ തുറന്ന് ലോകം കാണാൻ തുടങ്ങിയത്. അതുവരെ നുണയൻമാരെയും വ്യാജ സുഹൃത്തുക്കളെയും എനിക്ക് അറിയില്ലായിരുന്നു. സുഹൃത്തുക്കൾ എന്നെ ചതിച്ചു. അവരെ എനിക്ക് നഷ്ടപ്പെട്ടു. സാരമില്ല. ഇതൊക്കെ ഓരോ പാഠങ്ങളാണ്.’

Amala Paul at himalaya

2016ൽ നടത്തിയ ഹിമാലയന്‍ യാത്രയാണ് ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടു മാറ്റിമറിച്ചത്. വസ്ത്രങ്ങളും സൺസ്ക്രീനും ലിപ് ബാമും ചെരുപ്പുകളും എല്ലാം ബാഗിലാക്കി പുറപ്പെട്ടത് എനിക്കോർമയുണ്ട്. എന്നാൽ നാലു ദിവസത്തെ ട്രെക്കിങ്ങിനു ശേഷം എല്ലാം ഞാൻ ഉപേക്ഷിച്ചു. മൊബൈൽ ഫോൺ ഇല്ലാതെ ടെന്റിൽ കിടന്നുറങ്ങി. ദിവസങ്ങളോളം തുടർച്ചയായി നടന്നതിനാൽ എന്റെ ശരീരമാകെ മരവിച്ച അവസ്ഥയിലായിരുന്നു.’

ഒരുപാടു ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു ആ യാത്ര. നഷ്ടപ്പെട്ടുപോയ എന്നെ ഞാൻ വീണ്ടും കണ്ടെത്തി. ശാരീരികമായും മാനസികമായും ഞാനനുഭവിച്ച എല്ലാ പ്രയാസങ്ങളെയും അവിടെ ഉപേക്ഷിച്ചു. ഒറ്റയ്ക്കുള്ള യാത്രകളിലാണ് നിങ്ങൾ സ്വന്തം കരുത്ത് മനസ്സിലാക്കുക. ഇപ്പോൾ എനിക്കറിയാം, എന്തുകൊണ്ടാണ് എന്റെ ജീവിതത്തിൽ ഇതെല്ലാം സംഭവിച്ചത് എന്ന്.

ആഡംബരജീവിതത്തിനു പിന്നാലെ പോകുന്നത് ഞാൻ നിർത്തി. ഹിമാലയത്തിൽ ജീവിക്കാനാണ് ഞാൻ ഇഷ്ടപ്പെട്ടത്. പക്ഷേ അത് ബുദ്ധിമുട്ടാണ്, അതിനാൽ പോണ്ടിച്ചേരിയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മാസം ഇരുപതിനായിരം രൂപയിൽ കൂടുതൽ ചെലവാക്കാറില്ല. എന്റെ മെഴ്സിഡീസ് ബെൻസ് വിറ്റു. അതെന്റെ അഹംബോധത്തെ വെറുതെ ഊട്ടി വളര്‍ത്തുന്ന ഒന്നായിരുന്നു. വീട്ടിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങാൻ സൈക്കിളിലാണ് പോകുന്നത്. യോഗ, സർഫിങ്, വായന, പൂന്തോട്ടം എന്നിവയാണ് എന്നെ ജീവിപ്പിക്കുന്നത്. നൃത്തം ചെയ്യും, പാട്ടു പാടും, ഗിത്താർ വായിക്കും.

ബ്യൂട്ടി പാർലറുകളിൽ പോകുന്നത് നിർത്തി. ഇപ്പോൾ ആയുർവേദ ഡയറ്റ് ആണ് പിന്തുടരുന്നത്. മുള്‍ട്ടാനി മിട്ടിയും ചെറുപയര്‍ പൊടിയും മാത്രമാണ് സൗന്ദര്യവർധക വസ്തുക്കളായി ഉപയോഗിക്കാറുള്ളത്. ദിവസവും ബീച്ചിൽ പോകും, ശുദ്ധവായു ശ്വസിക്കും. ഇന്ന് ഒരുപാടു സന്തോഷവതിയാണ് ഞാൻ. വിവാഹിതയാകാനും കുഞ്ഞുണ്ടാകാനും ഒക്കെ ആഗ്രഹമുണ്ട്. ഇപ്പോൾ ഞാന്‍ പ്രണയത്തിലാണ്. അയാളെ വിവാഹം കഴിക്കാനും കുഞ്ഞുണ്ടാകാനും കുഞ്ഞുങ്ങളെ ദത്തെടുക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.

ആടൈയുടെ തിരക്കഥ എന്റെ പ്രിയതമനു വായിക്കാന്‍ കൊടുത്തിരുന്നു. സ്വയം തീരുമാനങ്ങള്‍ എടുക്കാനാണ് അദ്ദേഹം എന്നോടു പറഞ്ഞത്. എന്റെ പല സിനിമകളും കണ്ടതിനുശേഷം അദ്ദേഹം പറഞ്ഞത് എന്താണെന്നറിയാമോ? ‘നീ മോശം നടിയായിരുന്നു’ എന്ന്. എന്റെ എല്ലാ തീരുമാനങ്ങള്‍ക്കും അദ്ദേഹത്തിന്റെ പിന്തുണയുണ്ട്. അദ്ദേഹത്തിന്റെ സ്‌നേഹം എന്റെ മനസ്സിലെ വിഷമങ്ങള്‍ ഇല്ലാതാക്കി - അമല പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com